പാലാ ബിഷപ്പിന്‍റെ പ്രസ്താവന: ഹിന്ദുത്വ അജണ്ടയിൽ സഭകളും നേതാക്കളും പെട്ടുപോകുന്നു -തൃശൂർ മെത്രാപ്പോലീത്ത യൂഹാനോൻ മാർ മിലീത്തിയോസ്
text_fieldsതൃശൂർ: കേരളത്തിൽ സവർണ്ണ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാൻ ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കുകയാണെന്നും ആ ശ്രമത്തിൽ സഭകളും നേതാക്കളും പെട്ടുപോകുന്നുവെന്നും തൃശൂർ മെത്രാപ്പോലീത്ത യൂഹാനോൻ മാർ മിലീത്തിയോസ്. സഭാനേതൃത്വത്തിലുള്ള ഒരാൾ ഒരു കാര്യം പറയുേമ്പാൾ ധാരാളം ആളുകൾ അത് ശരിയാണെന്നും സത്യമാണെന്നും വിശ്വസിക്കും. ആ സാധ്യത മറ്റു ചിലർ ഉപയോഗിക്കുന്നുണ്ട്. പാലാ പിതാവിന്‍റെ പ്രസ്താവനക്ക് ആരാണ് ആദ്യം അനുകൂലമായി പ്രതികരിച്ചതെന്ന് നോക്കൂ. ആ പിന്തുണച്ചവർക്ക് അഖിലേന്ത്യാ തലത്തിൽ ഒരു അജണ്ടയുണ്ട്. ആ അജണ്ട കേരളത്തിൽ എളുപ്പത്തിൽ നടപ്പാക്കാൻ കഴിയുന്നില്ല. അപ്പോൾ, അവർ ഞങ്ങളെ തന്നെ ഉപയോഗപ്പെടുത്തി, ആരെയാണോ ഉപദ്രവിക്കേണ്ടത് അവരെത്തന്നെ ഉപയോഗപ്പെടുത്തി ലക്ഷ്യം നേടുകയാണ് -മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി.
പാലാ ബിഷപ്പ് ചൂണ്ടിക്കാട്ടിയ കഞ്ചാവടക്കമുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം വ്യാപകമാവുന്നത് ഗൗരവതരമായ സാമൂഹിക വിഷയമാണ്. എന്നാൽ, അതിൽ മതം കലർത്തരുത്. ലഹരി ഉപയോഗം ഹിന്ദുക്കളേയും മുസ്ലിംകളേയും ക്രിസ്ത്യാനികളേയും അതൊന്നുമല്ലാത്ത മതമില്ലാത്തവരേയും ബാധിക്കുന്ന പ്രശ്നമാണ്.
മയക്കുമരുന്നുപയോഗം വർധിക്കുന്നതിൽ ഞങ്ങൾ ക്രിസ്ത്യാനികൾക്കും വലിയ പങ്കുണ്ട്. ഈ നാട്ടിൽ ഏറ്റവും കൂടുതൽ മദ്യശാലകൾ ഉണ്ടാക്കിയത് ഞങ്ങൾ തന്നെയാണ്, ഏറ്റവും കൂടുതൽ കുടിയന്മാരെ സൃഷ്ടിച്ചതും ഞങ്ങളാണ്. അതുപോലെ വേറെയും പല കാരണങ്ങളുമുണ്ട് മയക്കുമരുന്നുകൾ വ്യാപകമായതിൽ. അതിൽ ഏതെങ്കിലും ഒരു മതത്തെ ലക്ഷ്യമാക്കി പറയാൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അത് പല അജണ്ടകളുടേയും ഭാഗമാണ്. അത് നമ്മൾ തിരിച്ചറിയണം -മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്‍റെ വിവാദ നാർക്കോട്ടിക്ക് ജിഹാദ് പരാമർശത്തെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച ചർച്ചയിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
യൂഹാനോൻ മാർ മിലീത്തിയോസ് മെത്രാപ്പോലീത്തയുടെ വാക്കുകൾ:
''തീർച്ചയായും പാലാ പിതാവ് വളരെ ഗൗരവമായ സാമൂഹികവിഷയത്തെയാണ് സ്പർശിച്ചത്. നമ്മുടെ നാട്ടിൽ ദിവസം തോറും പിടികൂടുന്ന കഞ്ചാവ്, മറ്റുലഹരി വസ്തുക്കൾ, ഇതൊക്കെ ഗൗരവമായ േചാദ്യങ്ങൾ സാമൂഹിക, ആത്മീയതലത്തിൽ ഒക്കെ ഉന്നയിക്കപ്പെടുന്നുണ്ട്. പക്ഷേ, ഇവിടെ വരുന്ന ഒരു പ്രശ്നം ഒരു പ്രത്യേക വാക്ക് ഉപയോഗിച്ചു എന്നതാണ്.
ജിഹാദ് എന്നത് അറബി വാക്കാണ്. അത് വേണ്ട രീതിയിൽ ഉപയോഗിച്ചാൽ സ്വയശുദ്ധീകരണം എന്നാണ് അർഥം. എന്നാൽ തീവ്രവാദത്തിന്‍റെ പശ്ചാത്തലത്തിൽ അതിനെ വ്യാഖ്യാനിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അതിനാൽ, ഉപയോഗിക്കുന്ന വാക്കുകൾ ശ്രദ്ധയോടെയാവണം.
ഇവിടെ കുറേകാലമായി ഉയർന്നുവരുന്ന സാമൂഹ്യ, രാഷ്ട്രീയ വ്യവസ്ഥയുണ്ട്. പലതലങ്ങളിലൂടെ വളർത്തിക്കൊണ്ടുവന്നതാണ്. കേരളത്തിന്‍റെ പശ്ചാലത്തിൽ ന്യൂനപക്ഷ സമുദായങ്ങളെ അവഗണിച്ചു കൊണ്ട് സവർണ്ണ ഹിന്ദുത്വ അജണ്ട നടപ്പിലാക്കുക എളുപ്പമല്ല. കഴിഞ്ഞ ഇലക്ഷനിൽ സംഭവിച്ചത് നമുക്കറിയാം. ഈ സാഹചര്യത്തിൽ സാധിക്കുന്ന ഒരുമാർഗം ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കുകയാണ്. അതിന് വേണ്ടിയുള്ള ബോധപൂർവ ശ്രമത്തിൽ സഭകളും അതിന്‍റെ നേതാക്കളും പെട്ടുപോകുന്നു. അങ്ങനെ പെട്ടുേപാകുേമ്പാൾ ചെയ്യുക കിടന്നിടത്ത് നിന്ന് ഉരുളുക എന്നതാണ്. അങ്ങനെ ഉരുളുേമ്പാൾ കൂടുതൽ കൂടുതൽ ചെളി പറ്റും. ഈ ഒരു സാഹചര്യത്തിലാണ് കേരളത്തിെല ക്രൈസ്തവ സമൂഹം ചെന്നെത്തിയിരിക്കുന്നത്.
ഒരുസഭയുടെ നേതൃത്വത്തിലുള്ള ഒരാൾ ഒരു കാര്യം പറയുേമ്പാൾ ധാരാളം ആളുകൾ അത് ശരിയാണെന്നും സത്യമാണെന്നും വിശ്വസിക്കും. ആ സാധ്യത മറ്റു ചിലർ ഉപയോഗിക്കുന്നുണ്ട്. നോക്കിക്കേ, ഈ പിതാവിന്‍റെ പ്രസ്താവനക്ക് ആരാണ് ആദ്യം അനുകൂലമായി പ്രതികരിച്ചതെന്ന്. അവർക്ക് അഖിലേന്ത്യാ തലത്തിൽ ഒരു അജണ്ടയുണ്ട്. ആ അജണ്ട കേരളത്തിൽ എളുപ്പത്തിൽ നടപ്പാക്കാൻ കഴിയുന്നില്ല. അപ്പോൾ, അവർ ഞങ്ങളെ തന്നെ ഉപയോഗപ്പെടുത്തി, ആരെയാണോ ഉപദ്രവിക്കേണ്ടത് അവരെത്തന്നെ ഉപയോഗപ്പെടുത്തി ലക്ഷ്യം നേടുകയാണ്.
മയക്കുമരുന്ന് ഉപയോഗത്തെ യാതൊരു തെളിവുകളുമില്ലാതെ തീവ്രവാദവുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുന്നത് ശരിയല്ല. തീവ്രവാദത്തെ കൂട്ടിക്കലർത്തി ഇല്ലാത്തത് പറഞ്ഞിട്ട് അത് ശരിയാണെന്ന് സാധൂകരിക്കാൻ ശ്രമിക്കുേമ്പാൾ വീണ്ടും വീണ്ടും അപഹാസ്യരാകുകയാണ് എന്നെ പോലുള്ളവർ. അതിലെനിക്ക് ദുഃഖമുണ്ട്. പ്രതിഷേധവും എതിർപ്പുമുണ്ട്. ഒരിക്കലും ഈ അർഥത്തിൽ ഉപയോഗിക്കാൻ പാടില്ലാത്ത വാക്കാണ് നാർക്കോട്ടിക്കിനോട് ചേർത്തു പറഞ്ഞത്. അത് ഒഴിവാക്കാമായിരുന്നു. ഒഴിവാക്കേണ്ടതാണ്. എത്രത്തോളം സാധൂകരിക്കാൻ ശ്രമിച്ചാലും ആ വാക്കിലൂടെ ചിലർ ഉദ്ദേശിക്കുന്ന അവസ്ഥ ഇവിടെ ഉണ്ട് എന്നോ, അടുത്ത കാലത്തെങ്ങാനും ഉണ്ടാകുമെന്നോ എന്ന ആശങ്ക എനിക്കില്ല.
തീർച്ചയായും നാർക്കോട്ടിക് ഉപയോഗം വ്യാപകമാവുന്നത് ഗൗരവതരമായ വിഷയമാണ്. അത് ഹിന്ദുക്കളേയും മുസ്ലിംകളേയും ക്രിസ്ത്യാനികളേയും അതൊന്നുമല്ലാത്ത ഒരു മതമില്ലാത്തവരേയും ബാധിക്കുന്ന പ്രശ്നമാണ്. ഈ വിഷയത്തിൽ ജിഹാദ് എന്ന വാക്ക് ഉപയോഗിക്കേണ്ട. അങ്ങനെ ഉപയോഗിക്കുേമ്പാൾ ഈ അടുത്ത കാലത്തുണ്ടായ ഒരു പ്രവണതയുടെ ഭാഗമായിേട്ട ഈ പ്രസ്താവനയെ കാണാൻ കഴിയൂ. മയക്കുമരുന്നിന്‍റെ ഉപയോഗം വർധിക്കുന്നതിൽ ഞങ്ങൾ ക്രിസ്ത്യാനികൾക്കും വലിയ പങ്കുണ്ട്, ഉത്തരവാദികളാണ്. ഈ നാട്ടിൽ ഏറ്റവും കൂടുതൽ മദ്യശാലകൾ ഉണ്ടാക്കിയത് ഞങ്ങൾ തന്നെയാണല്ലോ. ഏറ്റവും കൂടുതൽ കുടിയന്മാരെ സൃഷ്ടിച്ചതും ഞങ്ങളാണ്. അതുപോലെ വേറെയും പല കാരണങ്ങളുമുണ്ട് മയക്കുമരുന്നുകൾ വ്യാപകമായതിൽ. അതിൽ ഏതെങ്കിലും ഒരു മതത്തെ ലക്ഷ്യമാക്കി പറയാൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.''
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.