പാലാ പിടിക്കാൻ ശബരിമലയും റബറും; വികസനംകൊണ്ടു വെട്ടാൻ ഇടത്
text_fieldsകോട്ടയം: പ്രചാരണം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പാലായിൽ ശബരിമല വിഷയം തെരഞ്ഞെടുപ്പ് ചർച്ചയിലേക്ക് കേന്ദ്രീകരിക്കാതിരിക്കാൻ തന്ത്രങ്ങളൊരുക്കി ഇടതുമ ുന്നണി. അതേസമയം, ശബരിമലയും റബർ വിലയിടിവും കാർഷിക മേഖലയിലെ പ്രതിസന്ധിയും പ്രധാ ന ചർച്ചാവിഷയമാക്കാനാണ് യു.ഡി.എഫ്, ബി.ജെ.പി നീക്കം. വികസന പ്രവർത്തനങ്ങളാണ് ഇടതുമുന്നണി ആയുധമാക്കുന്നത്. ഇടതുസർക്കാർ അധികാരമേറ്റശേഷം പാലായിൽ 345 കോടിയുടെ പദ്ധതികൾ നടപ്പാക്കിയെന്ന കണക്കുമായാണ് മന്ത്രി ജി. സുധാകരെൻറ പ്രചാരണം. പ്രളയ പുനരധിവാസത്തിലെ വീഴ്ചയും റബര്‍ വിലസ്ഥിരത ഫണ്ട് നിലച്ചതും യു.ഡി.എഫ് സജീവ ചര്‍ച്ചയാക്കുന്നു. ബി.ജെ.പിയും ഇതേ പാതയിലാണ്.
എന്നാൽ, റബർ വിലയിടിവ് പരിഹരിക്കാനും ഇറക്കുമതി നിയന്ത്രിക്കാനും കേന്ദ്രസർക്കാർ എന്തുചെയ്തുവെന്ന ഇടത്-വലത് മുന്നണികളുടെ ചോദ്യത്തിന് മുന്നിൽ ബി.ജെ.പി നേതൃത്വം പതറുന്നുമുണ്ട്. വിലയിടിവ് പരിഹരിക്കാൻ സർക്കാർ പ്രഖ്യാപിച്ച സിയാൽ മാതൃക റബർ ഫാക്ടറി എവിടെയെന്നും യു.ഡി.എഫ് ചോദിക്കുന്നു.മുഖ്യമന്ത്രിയെ തുടർച്ചയായി മൂന്നുദിവസം കളത്തിലിറക്കി ഒമ്പത് യോഗങ്ങളിലൂടെ തിരിച്ചടി നൽകാനാണ് ഇടതുനീക്കം. ഒപ്പം ശബരിമല ചർച്ചയാവാതിരിക്കാനുള്ള തന്ത്രങ്ങളും പ്രയോഗിക്കുന്നുണ്ട്. മന്ത്രിമാരുടെ പടതന്നെ പാലായിലുണ്ട്. ജനങ്ങളുടെ അത്യാവശ്യ പ്രശ്നങ്ങൾക്കൊക്കെ അടിയന്തര പരിഹാരവും അവർ കണ്ടെത്തുന്നു. മന്ത്രിമാരടക്കം നേതാക്കൾ കുടുംബയോഗങ്ങളിലും വീടുകയറിയുള്ള പ്രചാരണങ്ങളിലും സജീവമാണ്. വിദ്യാഭ്യാസ-ആരോഗ്യ-പൊതുമരാമത്ത് മേഖലകളിലെ നേട്ടങ്ങളും അവർ വിശദീകരിക്കുന്നു. ക്ഷേമ പെൻഷനുകൾ അടക്കമുള്ളവ നേട്ടങ്ങളായി ഉയർത്തിക്കാട്ടുന്നുണ്ട്. വിശ്വാസം സംരക്ഷിക്കണമെന്ന നിലപാട് പരസ്യമായി സ്ഥാനാർഥി പറയുകയെന്ന തന്ത്രവും പയറ്റും. കെ.എം. മാണിയുടെ കുത്തക മണ്ഡലത്തിലെ വെല്ലുവിളി വികസന മുരടിപ്പെന്ന പ്രചാരണത്തിലൂടെ മറികടക്കാനും ഇടതുമുന്നണി ശ്രമിക്കുന്നു.
സര്‍ക്കാര്‍ വിരുദ്ധ വികാരം ഉയര്‍ത്തിയുള്ള പ്രചാരണമാണ് ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തിൽ യു.ഡി.എഫ് നടത്തുന്നത്. ജോസഫിനെക്കൂടി കളത്തിലിറക്കി അവസാന ലാപ്പിൽ ആഞ്ഞടിക്കാനാണ് നീക്കം. രണ്ടില തര്‍ക്കം വോട്ടർമാരിൽ സൃഷ്ടിച്ച ആശയക്കുഴപ്പം മറികടക്കാനും മൂന്നുതവണ തോറ്റ മാണി സി.കാപ്പനോട് ഉണ്ടായേക്കാവുന്ന സഹതാപം ഇല്ലാതാക്കാനും യു.ഡി.എഫ് കിണഞ്ഞുശ്രമിക്കുന്നു. മാണിസാർ ഹൃദയത്തിലുണ്ടെന്ന പ്രചാരണവും ശക്തമാണ്. ശബരിമല പ്രശ്നം ഉയർത്തി സർക്കാറിനെ യു.ഡി.എഫും ബി.ജെ.പിയും പ്രതിരോധത്തിലാക്കിയാലും മറുപടി സൂക്ഷിച്ചുമതിയെന്നാണ് ഇടതുമുന്നണി നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.