പാലാ വിട്ടുകൊടുക്കില്ല, സീറ്റ് ആവശ്യപ്പെടാൻ ജോസ് കെ. മാണിക്ക് അവകാശമില്ല -മാണി സി. കാപ്പൻ
text_fieldsകോട്ടയം: പാലാ നിയമസഭ സീറ്റ് വിട്ടുകൊടുക്കുന്ന പ്രശ്നമില്ലെന്ന് മാണി സി. കാപ്പൻ എം.എൽ.എ. ജയിച്ച ഒരു സീറ്റും വിട്ടുകൊടുക്കേണ്ട എന്നാണ് എൻ.സി.പി ദേശീയ നേതൃത്വത്തിന്‍റെ തീരുമാനം. എന്ത് തീരുമാനം എടുത്താലും പാർട്ടി ഒറ്റക്കെട്ടായിരിക്കും.
പാലായിലെ വിജയം ഇടതുപക്ഷ ജനാധിപത്യ മുന്നണി യുദ്ധം ചെയ്ത് നേടിയതാണ്. പാലാ സീറ്റ് ആവശ്യപ്പെടാൻ ജോസ് കെ. മാണിക്ക് അവകാശമില്ല. എൽ.ഡി.എഫ് പ്രവർത്തകരും ഇക്കാര്യം സമ്മതിക്കില്ല.
സീറ്റ് വിട്ടുകൊടുക്കണമെന്ന് എൽ.ഡി.എഫ് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. യു.ഡി.എഫിന്‍റെ ഭാഗമാകുന്ന കാര്യവും ചർച്ച ചെയ്തിട്ടില്ലെന്നും മാണി സി. കാപ്പൻ പറഞ്ഞു. അതേസമയം എൻ.സി.പിയെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് കാര്യമായ പരിഗണന നൽകിയിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. പലയിടത്തും ചർച്ച പോലും നടന്നില്ല. ഈ വിഷയം അടുത്ത യോഗത്തിൽ ഉന്നയിക്കുമെന്നും മാണി സി. കാപ്പൻ പറഞ്ഞു.
പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകൾ ജോസ് കെ. മാണി വിഭാഗത്തിന് നൽകാൻ സി.പി.എം-സി.പി.ഐ ധാരണയായതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് മാണി സി. കാപ്പന്‍റെ പ്രതികരണം. കാഞ്ഞിരപ്പള്ളിക്ക് പകരം കൊല്ലത്ത് ഒരു സീറ്റ് സി.പി.ഐ ആവശ്യപ്പെടുമെന്നായിരുന്നു റിപ്പോർട്ട്.
ഏറെക്കാലം കെ.എം. മാണി സ്വന്തമാക്കിയ പാലാ സീറ്റ് കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന്‍റെ അഭിമാന മണ്ഡലമാണ്. ഈ സീറ്റ് ലഭിക്കും എന്ന ധാരണയുടെ പുറത്താണ് ജോസ് കെ. മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് വരുന്നത്.
പാലാ സീറ്റ് വിട്ടുനല്‍കുകയാണെങ്കില്‍ പിന്നെ മുന്നണിക്കൊപ്പം നില്‍ക്കേണ്ടതില്ലെന്നാണ് എൻ.സി.പിയിലെ ഒരു വിഭാഗത്തിന്‍റെ തീരുമാനം. പാലായിലെ യു.ഡി.എഫ് സ്ഥാനാർഥി മാണി. സി കാപ്പനായിരിക്കുമെന്ന വിധത്തിലുള്ള ചില സൂചനകൾ കഴിഞ്ഞ ദിവസം പി.ജെ. ജോസഫും നല്‍കിയിരുന്നു.
അതേസമയം, പാലാ സീറ്റിന്‍റെ കാര്യത്തിൽ മുന്നണിയിൽ ചർച്ച നടന്നിട്ടില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രനും പ്രതികരിച്ചു. മുന്നണി വിടേണ്ട സാഹചര്യം നിലവിലില്ല. എൽ.ഡി.എഫിനെ ക്ഷീണിപ്പിക്കുന്ന ഒന്നും പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. സിറ്റിംഗ് സീറ്റുകൾ വിട്ടുകൊടുക്കുന്നതിനോട് യോജിപ്പില്ല. മുന്നണി വിപുലീകരിക്കുമ്പോൾ ചെറിയ നഷ്ടങ്ങൾ പാർട്ടികൾക്കുണ്ടാകും. അത് സ്വാഭാവികമാണെന്നും എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.