അഞ്ചിൽ കൂടുതൽ കുട്ടികളായാൽ പ്രതിമാസ ധനസഹായം, നാലു മുതലുള്ള പ്രസവത്തിന് ആശുപത്രി ചെലവ് സൗജന്യം; ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് പാലാ രൂപത
text_fieldsകോട്ടയം: കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങൾക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് സിറോ മലബാര്‍ സഭ പാലാ രൂപത. 2000ന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളില്‍ കൂടുതലുള്ള കുടുംബത്തിന് 1500 രൂപ പ്രതിമാസം സാമ്പത്തിക സഹായം ചെയ്യുമെന്നാണ് അതിരൂപതയുടെ പ്രഖ്യാപനം. ഒരു കുടുംബത്തിലെ നാലാമതും തുടര്‍ന്നും ജനിക്കുന്ന കുട്ടികള്‍ക്ക് പാലാ സെന്‍റ്. ജോസഫ് കോളജ് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്‌നോളജിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠനം നടത്താമെന്നും പാലാ രൂപതയുടെ ഫെയ്‌സ്ബുക്ക് പേജില്‍ വന്ന പ്രഖ്യാപനത്തില്‍ പറയുന്നു.
ഒരു കുടുംബത്തിലെ നാലുമുതലുള്ള കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങള്‍ പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ സൗജന്യമായി നല്‍കുമെന്നും പ്രഖ്യാപനമുണ്ട്. പാലാ രൂപതയുടെ 'കുടുംബവര്‍ഷം 2021' പദ്ധതിയുടെ ഭാഗമായാണ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ക്രിസ്ത്യാനികൾ ജനസംഖ്യാ വർധനക്ക് സന്നദ്ധരാകണമെന്ന ആഹ്വാനങ്ങൾ വിവിധ തീവ്ര ക്രൈസ്തവ ഗ്രൂപ്പുകൾ കുറച്ച് കാലമായി നടത്തുന്നുണ്ടായിരുന്നു. വിവിധ സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ ആ നിലക്കുള്ള പ്രചാരണവും ചർച്ചകളും സജീവവുമായിരുന്നു. എന്നാൽ സഭയുടെ ഔദ്യോഗിക നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്ന് ജനസംഖ്യാ വർധനവിനായുള്ള പരസ്യമായ ആഹ്വാനം എന്ന നിലക്കാണ് പാലാ രൂപതയുടെ പ്രഖ്യാപനം ശ്രദ്ധിക്കപ്പെടുന്നത്. ഇതിനെ അനുകൂലിച്ചും വിമർശിച്ചും സാമൂഹിക മാധ്യമങ്ങളിൽ പ്രതികരണങ്ങളും വന്നു തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.