പാലാ നഗരസഭ ചെയർമാൻ സ്ഥാനം: ബിനു പുളിക്കക്കണ്ടം വേണ്ടെന്ന് കേരള കോൺഗ്രസ് എം
text_fieldsകോട്ടയം: പാലാ നഗരസഭ അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി തർക്കം തീരുന്നില്ല. ബിനു പുളിക്കക്കണ്ടത്തിനെ സി.പി.എം സ്ഥാനാർഥിയാക്കുന്നതിനെതിരെയാണ് പുതിയ തർക്കം. രണ്ടുവർഷത്തിനുശേഷം ധാരണ അനുസരിച്ച് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു നൽകിയ കേരള കോൺഗ്രസ് എമ്മാണ് പുളിക്കക്കണ്ടത്തിനെതിരെ രംഗത്തുവന്നത്.
പുളിക്കക്കണ്ടം ഒഴികെ ആരെയും സ്ഥാനാർഥിയായി അംഗീകരിക്കാമെന്നാണ് കേരള കോൺഗ്രസ് എം നിലപാട്. എന്നാൽ, പാർട്ടി സ്ഥാനാർഥിയെ സി.പി.എം തീരുമാനിച്ചോളാമെന്ന് തിരിച്ചടിച്ച് ജില്ല സെക്രട്ടറി എ.വി. റസൽ. മുന്നണി ബന്ധം നിലനിര്‍ത്താന്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാല്‍ അടുത്ത മത്സരരംഗത്ത് ഉൾപ്പെടെ കേരള കോണ്‍ഗ്രസ് എം സ്ഥാനാർഥികള്‍ക്ക് ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി.
തദ്ദേശ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ബി.ജെ.പിയിൽനിന്ന് സി.പി.എമ്മിലെത്തിയ ബിനു പാർട്ടി ചിഹ്നത്തിൽ മത്സരിച്ചാണ് വിജയിച്ചത്. നഗരസഭയിൽ കേരള കോൺഗ്രസ് എം അംഗം ബൈജു കൊല്ലമ്പറമ്പിലിനെ മർദിച്ച സംഭവമാണ് ജോസ് കെ. മാണിയടക്കം നേതാക്കളെ ബിനുവിന് എതിരാക്കിയത്. രണ്ടു പാർട്ടികളും ഒരേ മുന്നണിയിലുള്ളപ്പോഴായിരുന്നു ഈ സംഭവം. മാത്രമല്ല ബി.ജെ.പിയിലുള്ളപ്പോൾ പാലാ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിനെ തോൽപ്പിക്കാൻ ചരടുവലിച്ചെന്ന ആരോപണവും ബിനുവിനെതിരെയുണ്ട്.
ഞായറാഴ്ച സി.പി.എം ജില്ല കമ്മിറ്റി ഓഫിസില്‍ മന്ത്രി വി.എന്‍. വാസവെൻറ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. യോഗത്തില്‍ ജോസ് കെ. മാണിക്ക് പകരം ജില്ല പ്രസിഡന്‍റ ലോപ്പസ് മാത്യുവാണ് പങ്കെടുത്തത്. ഈ യോഗത്തിലാണ് ബിനു പുളിക്കക്കണ്ടത്തെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് സി.പി.എം തീരുമാനിച്ച കാര്യം അറിയിച്ചത്.
എന്നാല്‍, ബിനു പുളിക്കക്കണ്ടത്തെ അംഗീകരിക്കാനാകില്ലെന്ന് ലോപ്പസ് മാത്യു പറഞ്ഞു. വിട്ടുവീഴ്ച ചെയ്യാന്‍ തയാറല്ലെന്ന് കേരള കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയതോടെയാണ് മുന്നണി ബന്ധം നിലനിര്‍ത്താന്‍ കേരള കോണ്‍ഗ്രസിെൻറ ആവശ്യത്തിന് വഴങ്ങേണ്ടി വന്നാല്‍ വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്ന് സി.പി.എം നേതാക്കള്‍ മുന്നറിയിപ്പു നൽകിയത്.
തിങ്കളാഴ്ച സി.പി.എം ജില്ല സെക്രട്ടറി എ.വി. റസലിെൻറ നേതൃത്വത്തില്‍ പാലായില്‍ ചേർന്ന ഏരിയ, ലോക്കല്‍ കമ്മിറ്റി ഭാരവാഹികളുടെ യോഗവും ബിനുവിെൻറ പേരാണ് നിർദേശിച്ചത്.75 വര്‍ഷത്തിന് ശേഷം സി.പി.എമ്മിന് ആദ്യമായാണ് പാലായില്‍ ചെയര്‍മാന്‍ പദവി ലഭിക്കുന്നത്. ആദ്യ രണ്ടുവർഷം കേരള കോൺഗ്രസ് എം പ്രതിനിധി ആന്‍റോ പടിഞ്ഞാറേക്കരയാണ് അധ്യക്ഷനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.