പാലാ നഗരസഭയിലെ തല്ല്: അമർഷം പുകയുന്നു
text_fieldsകോട്ടയം: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പാലാ നഗരസഭയിൽ കേരള കോൺഗ്രസ്-സി.പി.എം കൗൺസിലർമാർ തമ്മിൽത്തല്ലിയ സംഭവത്തിൽ ഇരുപാർട്ടിയിലും അമർഷം പുകയുന്നു. കൗൺസിലർമാരുടെ തമ്മിൽത്തല്ല് ആസൂത്രിത നാടകമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിലെപോലെ നിയമസഭ തെരഞ്ഞെടുപ്പിലും വിജയം നേടുകയെന്ന ലക്ഷ്യത്തിൽ ഇരുപാർട്ടിയും മുന്നോട്ടുപോകുന്നതിനിടെയാണ് നഗരസഭയിൽ ഇരുപാർട്ടിയുടെയും രണ്ട് മുതിർന്ന അംഗങ്ങൾ തമ്മിൽത്തല്ലിയത്.
അതുകൊണ്ടുതന്നെ സംഭവത്തെ നിസ്സാരവത്കരിക്കാൻ ഇരുപാർട്ടിയുടെയും ജില്ല-സംസ്ഥാന നേതാക്കൾ തയാറല്ല. തെരഞ്ഞെടുപ്പ് കഴിയുംവരെ മൗനംപാലിക്കാനും ശേഷം ശക്തമായ നടപടിയിലേക്ക് നീങ്ങാനും സി.പി.എം തീരുമാനിച്ചിട്ടുണ്ട്.
സംഭവത്തെ ഇരുപാർട്ടിയും അപലപിക്കുകയും അടിയന്തര യോഗം ഇരുവരെയും താക്കീതും ചെയ്തെങ്കിലും സി.പി.എം-കേരള കോൺഗ്രസ് ബന്ധം വഷളാകുന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. കേരള കോൺഗ്രസിെൻറ ഇടതുബന്ധത്തെ ഇപ്പോഴും ഉൾക്കൊള്ളാൻ തയാറാകാത്തവർ പാലായിൽ നിരവധിയുണ്ടെന്നതിെൻറ വ്യക്തമായ സൂചനകൂടിയായി സംഭവം വിലയിരുത്തപ്പെടുന്നുണ്ട്.
കേരള കോൺഗ്രസ്-സി.പി.എം സമവാക്യത്തിെൻറ പരീക്ഷണശാലകൂടിയാണ് പാലാ. തെരഞ്ഞെടുപ്പിൽ ജോസ് കെ. മാണി ശക്തമായ മത്സരത്തെ നേരിടുെന്നന്ന് അറിഞ്ഞുകൊണ്ടുതന്നെ ചിലർ കരുനീക്കങ്ങൾ നടത്തുന്നുണ്ടെന്നും നേതാക്കൾ പറയുന്നു.
അതേസമയം, എല്‍.ഡി.എഫ് കൗൺസിലർമാർ തമ്മിലുണ്ടായ തർക്കം മുതലെടുക്കാൻ യു.ഡി.എഫ് ക്യാമ്പ് സജീവമായിട്ടുണ്ട്.
പ്രശ്നം പരിഹരിച്ചെന്ന് പറയുമ്പോഴും അണികളുടെ അതൃപ്തി ആളിക്കത്തിക്കാനുള്ള നീക്കവും യു.ഡി.എഫ് നടത്തുന്നുണ്ട്.
ജോസ് കെ. മാണിക്കുവേണ്ടി ഇടതുമുന്നണി മണ്ഡലത്തിൽ സജീവമെല്ലന്ന് കേരള കോൺഗ്രസ് പ്രവർത്തകർ പറയുന്നു. തെരഞ്ഞെടുപ്പുഫലത്തെേപാലും ആശങ്കയോടെ നോക്കിക്കാണുന്ന കേരള കോൺഗ്രസ് പ്രവർത്തകരും നിരവധിയുണ്ട്. തമ്മിൽത്തല്ലിയവർ ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള നേതാക്കളാണ്. അതിനാൽ തുടർന്നും പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത നേതൃത്വം തള്ളുന്നില്ല.
കേരള കോൺഗ്രസ് വിരുദ്ധവികാരം സി.പി.എം അണികള്‍ക്കിടയില്‍ ആളിക്കത്തിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മാണി സി. കാപ്പനെ പിന്തുണച്ച വലിയൊരു വിഭാഗം ഇപ്പോൾ ജോസ് കെ. മാണിക്കുവേണ്ടി പ്രവർത്തിക്കുന്നതിലെ ബുദ്ധിമുട്ടും പരസ്യമാക്കുന്നുണ്ട്്.
ജോസ് െക. മാണിക്കെതിരെ പാലായിൽ പോസ്റ്റർ
കോട്ടയം: പാലായിൽ എൽ.ഡി.എഫ് സ്ഥാനാർഥി കൂടിയായ ജോസ് കെ. മാണിക്കെതിരെ പോസ്റ്ററുകൾ. ജോസ് കെ. മാണി കുലംകുത്തി ആണെന്ന് പോസ്റ്ററിൽ പറയുന്നു. സേവ് സി.പി.എം ഫോറം എന്ന പേരിലാണ് നഗരത്തിൽ ചിലയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
നഗരത്തിലും പള്ളികൾക്ക് മുന്നിലും പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. ഇവ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാവിലെ മാറ്റി.
പാലാ നഗരസഭയിലെ തമ്മിലടി വ്യക്തിപരമാണെന്നും ഇതിനെ മറ്റു തലത്തിൽ ചിത്രീകരിക്കരുതെന്നും ജോസ് കെ. മാണി പ്രതികരിച്ചു. എല്ലാ പ്രശ്നങ്ങളും ബുധനാഴ്ച വൈകീട്ട് നടത്തിയ ചർച്ചയിലൂടെ പരിഹരിച്ചെന്നും തെരഞ്ഞെടുപ്പിനെ ഇത് ബാധിക്കില്ലെന്നും പാലായിൽ സി.പി.എമ്മും കേരള കോൺഗ്രസും ഒറ്റക്കെട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഇരുപാർട്ടിയും തമ്മിലെ അസ്വാരസ്യം ആശങ്ക സൃഷ്ടിച്ചെന്ന് നേതാക്കൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.