ചങ്കാണ് പാലാ, വിട്ടുനൽകാനാവില്ലെന്ന് മാണി സി.കാപ്പൻ
text_fieldsകോട്ടയം: പാലാ സീറ്റ് വിട്ടുനൽകില്ലെന്ന് ആവർത്തിച്ച് എൻ.സി.പി നേതാവും എം.എൽ.എയുമായ മാണി സി. കാപ്പൻ. പാല മാണി സാറിന് ഭാര്യയായിരുന്നെങ്കില്‍ എന്റെ ചങ്കാണ്. വിട്ടിട്ട് പോകുന്ന പ്രശ്നമില്ലെന്നും മാണി സി കാപ്പന് പറഞ്ഞു. ജയിച്ച സീറ്റുകള്‍ വിട്ട് നല്‍കേണ്ടതില്ല എന്നതാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. രാജ്യസഭാ സീറ്റ് ആര്‍ക്ക് വേണം എന്നും മാണി സി കാപ്പന് വാർത്താസമ്മേളനത്തിൽ ചോദിച്ചു.
ജോസ്.കെ മാണിയും കൂട്ടരും എൽ.ഡി.എഫിലേക്ക് വരുന്നതിനെ സ്വാഗതം ചെയ്യുന്നു.പാലാ വിട്ടുനൽകിയുള്ള ഒരു വിട്ടുവീഴ്ചയ്ക്കും എൻ.സി.പി തയാറല്ല. മണ്ഡലത്തിൽ യുദ്ധം ചെയ്തു ജയിച്ചുവന്നതാണ്. ഓരോ മത്സരത്തിലും മാണിയുടെ ഭൂരിപക്ഷം കുറക്കുകയായിരുന്നു താൻ, അതിനാല്‍ ജോസ് കെ മാണിക്ക് വലിയ വൈകാരികതയുടെ ആവശ്യമൊന്നുമില്ലെന്നും മാണി സി. കാപ്പന് വ്യക്തമാക്കി.
അതേസമയം ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജോസ് കെ. മാണി ഇടത് മുന്നണിയിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട വാർത്തകളോട് പ്രതികരിക്കുകയായിരുന്നു മാണി സി. കാപ്പൻ. നേരത്തെ ജോസ് കെ. മാണി വിഭാഗത്തിന് എല്‍.ഡി.എഫിലെത്താന്‍ പാലായുള്‍പ്പെടെ 13 സീറ്റ് വാഗ്ദാനം ചെയ്ത് സി.പി.എം രംഗത്ത് എത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മാണി സി കാപ്പന് തന്റെ മുന്‍നിലപാട് ഒരിക്കല്‍ കൂടിയാവര്‍ത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.