പാലക്കാട് 75 പേർ സി.പി.എം വിട്ട് കോൺഗ്രസിൽ; സന്ദീപ് വാര്യരും രാഹുൽ മാങ്കൂട്ടത്തിലും ചേർന്ന് സ്വീകരിച്ചു
text_fieldsപാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയ സി.പി.എമ്മിന് തിരിച്ചടിയായി പ്രവർത്തകരുടെ കൂട്ടത്തോടെയുള്ള പാർട്ടി വിടൽ. തേൻകുറിശ്ശി പഞ്ചായത്തിൽ മുൻ ലോക്കൽ കമ്മറ്റി സെക്രട്ടറിയും മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരും ഒരു ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറിയും അടക്കം 75 പേരാണ് പാർട്ടി വിട്ടത്. ഡി.സി.സി സംഘടിപ്പിച്ച അംഗത്വവിതരണ ചടങ്ങിൽ പ്രസിഡന്റ് എ.തങ്കപ്പൻ അധ്യക്ഷത വഹിച്ചു. പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ മുഖ്യാതിഥിയായി സംബന്ധിച്ചു.
സി.പി.എം മുൻ ലോക്കൽ കമ്മറ്റി സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ എം. വിജയൻ, ബ്രാഞ്ച് സെക്രട്ടറിമാരായ സുരേന്ദ്രൻ, സതീഷ് കുമാർ, രാധാകൃഷ്ണൻ, ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറി രാഹുൽ എന്നിവരുടെ നേതൃത്വത്തിലാണ് 75 ഓളം പേർ കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.
വ്യായാമ കൂട്ടായ്മയായ മെക് സെവനെതിരെ സി.പി.എം കോഴിക്കോട് ജില്ലാസെക്രട്ടറി പി.മോഹനന്റെ പരാമർശത്തിലും പാർട്ടിക്കുള്ളിലെ ഏകാധിപത്യ പ്രവണതയിലും മനംമടുത്ത് സി.പി.എം നടുവണ്ണൂർ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയും എസ്.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ അക്ബറലി കൊയമ്പ്രത്ത് കഴിഞ്ഞ ദിവസം സി.പി.എം വിട്ട് കോൺഗ്രസിൽ ചേർന്നിരുന്നു.
നടുവണ്ണൂർ നിയാഡ്‌കോ സഹകരണ സംഘം പ്രസിഡന്റ് സ്ഥാനവും രാജിവച്ചാണ് കോൺഗ്രസിലേക്ക് എത്തിയത്. കോഴിക്കോട് ഡി.സി.സി ഓഫിസിൽ ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ ഷാൾ അണിയിച്ച് അക്ബറലിയെ പാർട്ടിയിലേക്ക് സ്വീകരിച്ചു.
പദവികൾ മോഹിച്ചല്ല കോൺഗ്രസിൽ ചേർന്നതെന്നും മെക് സെവൻ വിവാദത്തിലൂടെ പി.മോഹനൻ യാതൊരു ഉത്തരവാദിത്വവുമില്ലാത്ത പ്രസ്താവനയാണ് നടത്തിയതെന്നും അക്ബറലി വിമർശിച്ചു. സി.പി.എമ്മിന്റെ മതേതര കാഴ്ചപ്പാട് കാപട്യമാണ്. വർഗീയതയോട് സി.പി.എം എടുക്കുന്ന നിലപാട് ആശങ്ക ഉണ്ടാക്കുന്നതാണ്. താത്കാലിക ലാഭം ലക്ഷ്യമിട്ടുള്ള നിലപാടുകളാണ് സി.പി.എം സ്വീകരിക്കുന്നതെന്നും അക്ബറലി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.