പാലക്കാട് അപകടം:ദുരന്തഭൂമിയായി പനയമ്പാടം ദേശീയപാത
text_fieldsകല്ലടിക്കോട്: പനയമ്പാടം അപകടങ്ങൾ പതിവായ സ്ഥലമാണ്. പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്ന പ്രദേശങ്ങളിലൊന്നാണിത്. സന്നദ്ധ സംഘടനകൾ ഉൾപ്പെടെ നിരവധി പൊതുവേദികൾ കരിമ്പ പനയമ്പാടം ദേശീയപാതയുടെ നിർമാണത്തിലെ അശാസ്ത്രീയതയെപ്പറ്റി പരാതി ഉയർത്തിയിരുന്നു. പ്രതിഷേധപരിപാടികളും സംഘടിപ്പിച്ചിരുന്നു.
റോഡ് സുരക്ഷ അതോറിറ്റി, മോട്ടോർ വെഹിക്കിൾ ഉന്നത ഉദ്യോഗസ്ഥർ, പൊലീസ് എന്നിവർ സ്ഥലം പരിശോധിച്ച് കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ദേശീയപാതയുടെ വഴുക്കൽ ഒഴിവാക്കാൻ ഗ്രിപ്പിടുകയും ചെയ്തു. കാലക്രമേണ റോഡിന്റെ ഗ്രിപ്പിട്ട ഭാഗത്ത് തേയ്മാനം സംഭവിച്ചു.
ഈ പ്രദേശത്ത് ചെറുതും വലുതുമായ അപകടങ്ങൾ പതിവായി. പ്രധാന വളവുകളിലൊന്നാണ് ഇവിടം. പ്രതിവർഷം നിയന്ത്രണംവിട്ട് മറിയുന്ന വാഹനങ്ങൾ ഇരുനൂറിലധികം വരും.
ഒരു ഡസനിലധികം പേർ അപകടത്തിനിരയായി മരിക്കുന്നു. മുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്യുന്നു. ആറു തവണയിലധികം വഴിയാത്രക്കാരെ വാഹനമിടിച്ച സംഭവവും ഉണ്ടായിരുന്നു.
നാട്ടുകാരുടെ മുന്നറിയിപ്പ് പരിഗണിക്കാതെ കാര്യമായ പരിഹാരനടപടികൾ ഇല്ലാത്തതാണ് പനയമ്പാടം ദുരന്തഭൂമിയാവാൻ ഹേതുവായതെന്ന് നാട്ടുകാർക്ക് ആക്ഷേപമുണ്ട്. റോഡിന്റെ പോരായ്മയോടൊപ്പം അശ്രദ്ധയും അമിതവേഗവും റോഡിനെപ്പറ്റിയുള്ള അപരിചിതത്വവും അപകടങ്ങൾ കൂട്ടാനുള്ള പ്രധാന ഘടകങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.