പാലക്കാട് നാളെ സർവകക്ഷി യോഗം; ബി.ജെ.പി പങ്കെടുക്കും
text_fieldsപാലക്കാട്: ജില്ലയിൽ ക്രമസമാധാനം പുനഃസ്ഥാപിക്കാൻ തിങ്കളാഴ്ച സര്‍വകക്ഷി യോഗം ചേരും. വൈകീട്ട് 3.30ന് കലക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളിൽ നടക്കുന്ന യോഗത്തിൽ മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിക്കും. എല്ലാ രാഷ്ട്രീയ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കണമെന്ന് ജില്ല കലക്ടർ അറിയിച്ചു.
യോഗത്തിൽ ബി.ജെ.പിയും പങ്കെടുക്കും. സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാറും ജില്ല പ്രസിഡന്റ് കെ.എം. ഹരിദാസുമാണ് പങ്കെടുക്കുക. നേരത്തെ ബി.ജെ.പി പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.
24 മണിക്കൂറിനുള്ളിൽ രണ്ട് കൊലപാതകങ്ങൾ നടന്ന ജില്ലയിൽ തുടർ സംഘർഷ സാധ്യത കണക്കിലെടുത്തു നഗരം കനത്ത പൊലീസ് വലയത്തിലാണ്. മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും ക്രമസമാധാന നില തടസ്സപ്പെടാനുമുള്ള സാധ്യത മുന്നില്‍കണ്ടാണ് നിരോധനാജ്ഞ നടപ്പാക്കിയിട്ടുണ്ട്.
സംഘര്‍ഷമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് അതിജാഗ്രത പാലിക്കാനാണ് പൊലീസ് സേനക്ക് നല്‍കിയ നിര്‍ദേശം. മൂന്ന് കമ്പനി ആംഡ് പൊലീസ് സേനയെ പാലക്കാട്ട് വിന്യസിച്ചു.
ജില്ലയിൽ ക്രമസമാധാനം ഉറപ്പുവരുത്താൻ രാത്രി പട്രോളിങ്ങും പരിശോധനയും ഉൾപ്പെടെ ശക്തമാക്കും. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ തമിഴ്‌നാട് പൊലീസിനെയും സുരക്ഷ ചുമതലകള്‍ ഏല്‍പ്പിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തേക്കാണ് തമിഴ്നാട് പൊലീസിന്റെ സുരക്ഷ വിന്യാസം.
കോയമ്പത്തൂര്‍ സിറ്റി പൊലീസ് മൂന്ന് കമ്പനിയില്‍നിന്ന് 250 പേരും സ്‌പെഷല്‍ പൊലീസിലെ 150 പേരും ആംഡ് റിസര്‍വ് പൊലീസിലെ 500 പേരുമാണ് തമിഴ്നാട്ടില്‍ വരുന്നത്. ഇവര്‍ വാഹന പരിശോധന, ലോഡ്ജുകളിലെ പരിശോധന എന്നീ കാര്യങ്ങളില്‍ കേരള പൊലീസിനെ സഹായിക്കും.
നഗരത്തിൽമാത്രം 1500ഓളം പൊലീസുകാരെ വിവിധയിടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. എ.ഡി.ജി.പി വിജയ് സാഖറെ ഉൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പാലക്കാട്ട് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്. ജില്ലയില്‍ ക്യാമ്പ് ചെയ്ത് ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനോടൊപ്പം അന്വേഷണത്തിനും നേതൃത്വം നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.