പാലക്കാട് ബി.ജെ.പി അധ്യക്ഷനായി പ്രശാന്ത് ശിവനെ ഇന്ന് പ്രഖ്യാപിക്കും; ഒരു വിഭാഗം കൗണ്‍സിലർമാർ രാജിവെക്കും
text_fieldsപാലക്കാട്ട്: ആഭ്യന്തര പ്രശ്നങ്ങൾക്കിടെ ബി.ജെ.പിയിലെ പുതിയ അധ്യക്ഷനായി യുവമോര്‍ച്ച ജില്ല അധ്യക്ഷന്‍ പ്രശാന്ത് ശിവനെ ഇന്ന് പ്രഖ്യാപിക്കും. രാവിലെ 10.30ന് പുതിയ ജില്ല അധ്യക്ഷനെ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണറിയുന്നത്.
പ്രഖ്യാപനമുണ്ടായാല്‍ കൗണ്‍സിലര്‍ സ്ഥാനം രാജി വെക്കാൻ വെക്കാൻ തന്നെയാണ് ഇടഞ്ഞുനില്‍ക്കുന്നവരുടെ തീരുമാനം. ചട്ടങ്ങള്‍ മറികടന്ന് പ്രശാന്ത് ശിവന് വേണ്ടി ഇടപെട്ടു എന്നതാണ് മുതിര്‍ന്ന നേതാക്കളെ ചൊടിപ്പിച്ചത്. നേതൃത്വത്തിന്റെ ഏകപക്ഷീയമായ നടപടികളാണ് പ്രശ്നങ്ങൾക്കിടയാക്കിയത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടന്നിരുന്നു. ഇതിൽ, കൂടുതല്‍ വോട്ട് നേടിയവരെ മാറ്റിനിര്‍ത്തി ഏകപക്ഷീയമായി അധ്യക്ഷനെ തെരഞ്ഞെടുത്തതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. ബി.ജെ.പി ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാറിന്റെ നോമിനിയായ പ്രശാന്ത് ശിവനെ തെരഞ്ഞെടുത്തതില്‍ അട്ടിമറിയുണ്ടെന്നാണ് ആക്ഷേപം. ഇൗ തീരുമാനം തിരുത്താത്തപക്ഷം പാർട്ടി നേതൃത്വത്തിന് കനത്ത തിരിച്ചടി നേരിടേണ്ടിവരും. ദേശീയ കൗണ്‍സില്‍ അംഗം ഉള്‍പ്പെടെ ഒൻപത് കൗണ്‍സിലര്‍മാര്‍ രാജി വെക്കാൻ ഒരുങ്ങി നിൽക്കുകയാണ്.
നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, വൈസ് ചെയര്‍മാന്‍ ഇ. ദാസ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്മിതേഷ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സാബു, മുതിര്‍ന്ന അംഗം എന്‍. ശിവരാജൻ , കെ. ലക്ഷ്മണന്‍ എന്നിവരാണ് രാജിസന്നദ്ധത അറിയിച്ചത്. ആറുപേർ രാജി വെച്ചാല്‍ ബി.െജ.പിയുടെ നേതൃത്വത്തിലുള്ള നഗരസഭ ഭരണം പ്രതിസന്ധിയിലാകും. ദേശീയ നേതൃത്വം അംഗീകരിച്ച ജില്ല പ്രസിഡന്റ് സ്ഥാനങ്ങള്‍ക്ക് മാറ്റം ഉണ്ടാകില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.