കോട്ടയിൽ കൊടിയുയർത്താൻ
text_fieldsവാഹന പര്യടനവുമായി രാഹുൽ
പാലക്കാട്: വിവിധ ദേവാലയങ്ങളിലെ പ്രാർഥനകളിൽ പങ്കെടുത്തുകൊണ്ടാണ് യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഞായറാഴ്ചത്തെ പര്യടനം ആരംഭിച്ചത്. രാവിലെ കല്ലേക്കാട് ഫാത്തിമ മാതാ ദേവാലയത്തിൽ എത്തിയ സ്ഥാനാർഥി അവിടെ എത്തിയവരോട് വോട്ടഭ്യർഥിക്കുകയും അനുഗ്രഹം തേടുകയും ചെയ്തു. തുടർന്ന് സി.എസ്.ഐ മിഷൻ കോമ്പൗണ്ട് ദേവാലയത്തിൽ എത്തിയ രാഹുൽ അവിടെയുള്ളവരോട് പിന്തുണ തേടി.
തുടർന്ന് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലെ വിവാഹ ചടങ്ങുകളിൽ പങ്കെടുത്ത് വധൂവരന്മാർക്ക് ആശംസകൾ നേർന്നു. എല്ലായിടത്തും ഹൃദ്യമായ സ്വീകരണങ്ങളാണ് സ്ഥാനാർഥിക്ക് ലഭിച്ചത്. വൈകീട്ട് മൂന്നുമണിക്ക് ആവേശത്തോടെയുള്ള റോഡ് ഷോയുടെ അകമ്പടിയോടെയാണ് വാഹനപര്യടനം ആരംഭിച്ചത്. തണ്ണീരങ്കാട് ജങ്ഷനിൽ നിന്നാണ് വാഹന പര്യടനം ആരംഭിച്ചത്. ഒട്ടേറെ വാഹനങ്ങൾ അകമ്പടിയായി.
തുടർന്ന് കാടൻതൊടി, ആമ്പാട്, ആങ്കിരംകാട്, ആനിക്കോട്, പാലപ്പൊറ്റ, ചേരിങ്കൽ, കിഴക്കേതറ, ഉദയാർ മന്ദം, കുന്നംപറമ്പ്, പല്ലഞ്ചാത്തന്നൂർ, നടക്കാവ്, തണ്ണിരങ്കാട്, ചുങ്കമന്ദം, തണ്ണിക്കോട്, ബംഗ്ലാവ് സ്കൂൾ, മൂലോട്, അയ്യപ്പൻകാവ് തുടങ്ങിയ ഇടങ്ങളിലൂടെ നടന്ന സ്ഥാനാർഥി പര്യടനം വീശ്വലത്ത് സമാപിച്ചു. മാത്തൂരിനെ ആകെ ഇളക്കിമറിച്ചു കൊണ്ടായിരുന്നു രാഹുലിന്റെ വാഹന പര്യടനം. കുട്ടികളും സ്ത്രീകളും യുവാക്കളും അടക്കം ആയിരക്കണക്കിന് ആളുകൾ സ്ഥാനാർഥിയെ വരവേൽക്കാൻ എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും ഉണ്ടായിരുന്നു.
ചേർത്തുപിടിച്ച് സരിൻ
പാലക്കാട്: നഗരസഭയുടെ വിവിധ കേന്ദ്രങ്ങളിലായിരുന്നു ഞായറാഴ്ച എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ. പി. സരിന്റെ പര്യടനം. പ്രായഭേദമന്യേ നിരവധി പേർ വഴിനീളെ സ്ഥാനാർഥിയെ കാത്തുനിന്നു. അവധി ദിവസമായതിനാൽ പതിവിലധികം ജനക്കൂട്ടമാണ് ഓരോ സ്വീകരണ കേന്ദ്രത്തിലും കരഘോഷങ്ങളോടെ സ്ഥാനാർഥിയെ സ്വീകരിച്ചത്. പനിനീർ പൂക്കളും സ്നേഹഹാരവുമായാണ് കുരുന്നുകൾ സരിനെ സ്വീകരിച്ചത്. ഡി.വൈ.എഫ്.ഐ വലിയപാടം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പാത്തിയുടെ തെരുവുകളിൽ സ്ഥാനാർഥിയുമായി സൈക്ലിങ് വിത്ത് സരിൻ സൈക്കിൾ റാലിയും സംഘടിപ്പിച്ചു.
ശേഷം കിഴക്കേ വെണ്ണക്കരയിൽനിന്നും തെരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ച് നൂറണി ഗ്രാമവും തോട്ടിങ്കലും ചാക്കൻതറയും കറുകോടിയും കുരിക്കൾ പാടവും കനാൽ വരമ്പും പാറക്കളവും തിരുനെല്ലായി പാളയവും പടിഞ്ഞാറേക്കളവും പിന്നിട്ട് കാപ്പുകളത്ത് സമാപിച്ചു. വാദ്യമേളങ്ങൾ സ്വീകരണ കേന്ദ്രങ്ങളുടെ മികവുകൂട്ടി. ആൾത്തിരക്കുള്ള ഇടങ്ങളിലും ഓരോരുത്തരെയും കണ്ട് നേരിട്ട് വോട്ട് അഭ്യർഥിക്കാൻ സ്ഥാനാർഥി പ്രത്യേകം ശ്രദ്ധിച്ചു. ചേർത്തുപിടിച്ച് അവർ ഓരോരുത്തരും അതേ സ്നേഹം സരിനും തിരിച്ചുനൽകി.
ജില്ല ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡി.വൈ.എഫ്.ഐ ഹൃദയപൂർവം പൊതിച്ചോറിനൊപ്പം മധുര വിതരണം നടത്തിയ പരിപാടിയിലും സ്ഥാനാർഥി പങ്കെടുത്തു. അഖിലേന്ത്യ പ്രസിഡന്റ് എ.എ. റഹീം, സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, ജില്ല സെക്രട്ടറി കെ.സി. റിയാസുദ്ദീൻ, പ്രസിഡന്റ് ആർ. ജയദേവൻ എന്നിവർ പങ്കെടുത്തു.
വീടുകൾ സന്ദർശിച്ച് കൃഷ്ണകുമാർ
പാലക്കാട്: അവധി ദിനത്തിൽ വീടുകളിലും ആരാധനാലയങ്ങളിലും വിവാഹ വേദികളിലുമായി എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാറിന്റെ പ്രചാരണം. രാവിലെ നഗരത്തിലെ നിത്യ സഹായ മാതാ പള്ളിയിലെത്തി. വികാരി ഫാ. ഗിൽബർട്ട് എട്ടുന്നിലുമായി സംവദിച്ചു. വഖഫ് വിഷയത്തിലുൾപ്പെടെ വലിയ ആശങ്ക ക്രിസ്തീയ സമൂഹത്തിനുണ്ടെന്നും എന്നാൽ ഇക്കാര്യത്തിൽ വഞ്ചനാപരമായ നിലപാടാണ് ഇടത് - വലത് മുന്നണികൾ നടത്തുന്നതെന്നും സന്ദർശന ശേഷം സ്ഥാനാർഥി പറഞ്ഞു.
തുടർന്ന് നൂറണി ശാസ്ത ക്ഷേത്രത്തിൽ ദർശനം നടത്തി. പ്രധാന പൂജാരി നാരായണൻ നമ്പൂതിരി താമര ഹാരം അണിയിച്ചു സ്വീകരിച്ചു. തുടർന്ന് നൂറണി ഗ്രാമത്തിൽ വോട്ടഭ്യർഥിച്ചു. ബി.ജെ.പി സോണൽ സെക്രട്ടറിയും കൗൺസിലറുമായ എൻ. നടേശന്റെ മകളുടെ വിവാഹത്തിൽ സംബന്ധിച്ചു. പിന്നീട് മറ്റ് അഞ്ച് വിവാഹ ചടങ്ങുകളിലും എത്തി. ഉച്ചക്ക് ശേഷം മുന്നാക്ക സമുദായ ഐക്യമുന്നണി രൂപവത്കരണ യോഗത്തിൽ പങ്കെടുത്തു. രാമനാഥപുരത്തും കല്യാണിനഗറിലും ഭവന സന്ദർശനം നടത്തി. വെണ്ണക്കരയിലെ ബി.ജെ.പി ബൂത്ത് ഓഫിസ് ഉദ്ഘാടനം നിർവഹിച്ചു. നൂറണിയിൽ കുടുംബ സംഗമത്തിലും എത്തി.
പാലക്കാട്: ബി.ജെ.പിയെ ജയിപ്പിച്ചാൽ ഡബിൾ എൻജിൻ സർക്കാറായി പാലക്കാട് പ്രവർത്തിക്കാൻ കഴിയുമെന്ന് എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാർ. 13 വർഷം കോൺഗ്രസ് എം.എൽ.എയും എം.പിമാരായ എം.ബി. രാജേഷിനും വി.കെ. ശ്രീകണ്ഠനും ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യാൻ ബി.ജെ.പിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഫ്ലാറ്റ് റസിഡൻഷ്യൽ സംഗമത്തിൽ സംസാരിക്കുകയായിരുന്നു കൃഷ്ണകുമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.