പാലക്കാട്: അനാവശ്യ വിവാദങ്ങൾ കല്ലുകടിയായെന്ന് സി.പി.എം
text_fieldsതിരുവനന്തപുരം: ചേലക്കരയിലെ ഉപതെരഞ്ഞെടുപ്പ് വിജയം സർക്കാറിനെതിരെ ഭരണവിരുദ്ധ വികാരമില്ലെന്നതിന് തെളിവായി കാണുമ്പോഴും പാലക്കാട്ട് നിർണായക ഘട്ടത്തിലുണ്ടായ അനാവശ്യ വിവാദങ്ങളും ഒപ്പം പാർട്ടിക്കുള്ളിൽ രണ്ടഭിപ്രായമുയർന്നതും കല്ലുകടിയായെന്ന് സി.പി.എം സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തൽ. സ്ഥാനാർഥി പ്രഖ്യാപനം മുതൽ പാലക്കാട് തെരഞ്ഞെടുപ്പ് അജണ്ട നിശ്ചയിക്കാൻ സി.പി.എമ്മിന് കഴിഞ്ഞു. വയനാട്ടിൽ പ്രിയങ്ക ഗാന്ധി എത്തിയിട്ടും അതിന്റെ ആവേശം ചുരമിറങ്ങിയില്ലെന്ന് മാത്രമല്ല, ചർച്ചകൾ പാലക്കാട് കേന്ദ്രീകരിച്ചുമായിരുന്നു. കത്തുവിവാദമടക്കം കോൺഗ്രസിനെ തുടക്കത്തിൽ പ്രതിരോധത്തിലാക്കാനും കഴിഞ്ഞു.
അതേസമയം അപ്രതീക്ഷിതമായുണ്ടായ വിവാദങ്ങളും പിന്നാലെ, പാർട്ടിയിലുയർന്ന രണ്ടഭിപ്രായവും തെരഞ്ഞെടുപ്പ് ഘട്ടത്തിൽ പ്രതിച്ഛായക്ക് മങ്ങലേൽപിച്ചു. യു.ഡി.എഫ് ഇത് കാര്യമായി തെരഞ്ഞെടുപ്പിൽ പ്രയോജനപ്പെടുത്തുന്ന നിലയുമുണ്ടായി. ലോക്സഭ തെരഞ്ഞെടുപ്പിലേതിന് സമാനമായി ന്യൂനപക്ഷ വോട്ടുകളിൽ ഭൂരിഭാഗവും യു.ഡി.എഫിനാണ് ലഭിച്ചതെന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി.
തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രാഥമിക ചർച്ചകളാണ് സെക്രട്ടേറിയറ്റ് യോഗത്തിൽ നടന്നത്. വലതുപക്ഷ മാധ്യമങ്ങളുടെ ഇടതുപക്ഷ വിരുദ്ധതയും കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധവുമടക്കം പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ ചേലക്കരയിൽ സ്വന്തമാക്കിയത് ചെറുതല്ലാത്ത നേട്ടമെന്നാണ് സി.പി.എം കണക്കാക്കുന്നത്.
ചേലക്കരയിലെ രാഷ്ട്രീയ പോരാട്ടത്തിൽ തങ്ങൾ ജയിക്കുമെന്ന് യു.ഡി.എഫ് വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. സാധാരണ നിലയിൽ നിന്ന് വ്യത്യസ്തമായി കോൺഗ്രസിന്റെ സംഘടന സംവിധാനവും ചേലക്കരയിൽ കാര്യക്ഷമമായിരുന്നു. പാലക്കാട് ചില പോരായ്മകളുണ്ടായെങ്കിലും തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വോട്ട് വർധിപ്പിക്കാനായി. പാലക്കാട്ടെ സ്ഥാനാർഥിയായിരുന്ന പി. സരിനെ പാർട്ടിയുമായി സഹകരിപ്പിച്ച് മുന്നോട്ടുപോകാനാണ് സി.പി.എം തീരുമാനം. ഘടനയനുസരിച്ച് പാർട്ടിയുടെ ഭാഗമാകാൻ ഇനിയും സമയമെടുക്കും. സഹകരിപ്പിക്കാവുന്ന മേഖലകളിൽ ചുമതല നൽകും.
ഭൂരിപക്ഷ വർഗീയ വോട്ടുകളും കോൺഗ്രസ് വാങ്ങി -എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: പാലക്കാട് യു.ഡി.എഫിന് കാര്യമായ ഭൂരിപക്ഷമില്ലെന്നും കിട്ടിയ 18,000 വോട്ട് ലീഡ് ആർ.എസ്.എസിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും എസ്.ഡി.പി.ഐയുടേതുമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ന്യൂനപക്ഷ വർഗീയശക്തികളുടെ വോട്ട് കിട്ടിയതിനൊപ്പം ഭൂരിപക്ഷ വർഗീയശക്തികളുടെ വോട്ടും കോൺഗ്രസ് വാങ്ങി. ന്യൂനപക്ഷ വർഗീയശക്തികളെ ചേർത്തുനിർത്തുന്നതിനുള്ള ശ്രമങ്ങൾ യു.ഡി.എഫിന്റെ ഭാഗത്തുനിന്നുണ്ടായി. ഭൂരിപക്ഷ വർഗീയത സൃഷ്ടിക്കുന്ന ഭീതി ന്യൂനപക്ഷ വർഗീയത വളരാനിടയാക്കുന്നു. ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയതകൾ പരസ്പരം ചൂണ്ടിക്കാണിച്ച് സ്വയം ശക്തിപ്പെടുത്തുകയാണ്. നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം തന്നെയാണ് പാർട്ടി. എന്നാൽ, എല്ലാത്തിന്റെയും അവസാന വാക്ക് സി.ബി.ഐയാണെന്ന വാദത്തോട് യോജിപ്പില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.