വ്യാജ വോട്ടും ഇരട്ട വോട്ടും; മുന്നണിപ്പോരിൽ പാലക്കാട്
text_fieldsപാലക്കാട്: ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്കു കടക്കവെ, വ്യാജ വോട്ടും ഇരട്ട വോട്ടും പാലക്കാട്ടെ പ്രധാന ചർച്ചാവിഷയമാകുന്നു. മണ്ഡലത്തില്‍ രണ്ടായിരത്തിലേറെ കള്ളവോട്ടുകളുണ്ടെന്ന പരാതിയിൽ അന്വേഷണം നടത്തുമെന്ന് ജില്ല ഭരണകൂടം അറിയിച്ചതോടെ വിഷയം ചൂടുപിടിച്ചു.
ബൂത്ത് ലെവല്‍ ഓഫിസര്‍മാരില്‍നിന്ന് ജില്ല കലക്ടര്‍ എസ്. ചിത്ര പ്രാഥമികവിവരം തേടി. വ്യാജവോട്ട് ചേർത്തെന്ന് കണ്ടെത്തിയ മേഖലകളിൽ അന്വേഷണം നടത്താൻ റവന്യൂ തഹസിൽദാർക്കും റിട്ടേണിങ് ഓഫിസർമാർക്കും ഇലക്ഷൻ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ നിർദേശം നൽകി. കലക്ടറുടെ നിർദേശപ്രകാരമാണ് നടപടി. ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശമുണ്ട്. മതിയായ രേഖകളില്ലാതെയും വ്യാജ വിവരങ്ങള്‍ ഉപയോഗിച്ചും കൂടുതല്‍ വോട്ടര്‍മാരെ ചേർത്തെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.
പലര്‍ക്കും രണ്ടിടത്ത് വോട്ടുള്ളതായി വ്യക്തമായി. പല വോട്ടര്‍മാരെയും പുതുതായി ചേര്‍ത്തത് കൃത്യമായ മേല്‍വിലാസത്തിലുമല്ല. പാലക്കാട് മണ്ഡലത്തില്‍ പുതുതായി വോട്ട് ചേര്‍ത്തിരിക്കുന്നവരില്‍ പലരും മറ്റിടങ്ങളില്‍ വോട്ടുള്ളവരാണ്. വോട്ട് മാറിയ കാര്യം പലരുമറിഞ്ഞിട്ടില്ല. മാത്രമല്ല, കേരളത്തിനു പുറത്ത് സ്ഥിരതാമസമാക്കിയവരുടെ വോട്ടുകൾപോലും പാലക്കാട്ട് ചേര്‍ത്തിട്ടുണ്ടെന്ന വെളിപ്പെടുത്തലും പുറത്തുവരുന്നു. സംഭവം അന്വേഷിക്കാനുള്ള തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനം സി.പി.എം സ്വാഗതംചെയ്തു. എന്നാല്‍, അന്വേഷണം പ്രഹസനമാകാന്‍ പാടില്ലെന്നും പാർട്ടി പറയുന്നു. നടപടിയില്ലെങ്കില്‍ പ്രചാരണ സമാപനദിവസം ശക്തമായ സമരത്തിലേക്കു പോകാനാണ് തീരുമാനം. പാലക്കാട്ട് യു.ഡി.എഫ് 5500ലധികം വോട്ട് ചേർത്തിട്ടുണ്ടെന്നും പുറത്തുനിന്ന് ഒരു വോട്ടുപോലും ചേർത്തിട്ടില്ലെന്നുമാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞത്. തെറ്റായ വോട്ട് ചേര്‍ത്തിട്ടുണ്ടെങ്കില്‍ ഉദ്യോഗസ്ഥരും ബി.എല്‍.ഒമാരുമാണ് കുറ്റവാളികള്‍.
അവര്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ബി.ജെ.പി ജില്ല പ്രസിഡൻറ് ഹരിദാസിന് പട്ടാമ്പിയിലും പാലക്കാട്ടും വോട്ടുണ്ടെന്ന കോൺഗ്രസ് ആരോപണം എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാർ സമ്മതിച്ചു. ഒരു വര്‍ഷമായി ഹരിദാസന് താമസിക്കുന്നത് പാര്‍ട്ടി ഓഫിസിലാണെന്നും പട്ടാമ്പിയിലേത് ഒഴിവാക്കാന്‍ അപേക്ഷിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. പി. സരിന് പാലക്കാട് വോട്ടുള്ളത് യു.ഡി.എഫും ബി.ജെ.പിയും വിഷയമാക്കുന്നുണ്ട്. എന്നാൽ, 2018 മുതൽ പാലക്കാട്ട് വീടുണ്ടെന്നതിന്റെ രേഖകൾ മാധ്യമപ്രവർത്തകർക്കു മുന്നിൽ ഹാജരാക്കിയ ഡോ. സരിൻ ആരോപണം തള്ളി. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സി. രഘുനാഥിന്റേതുൾപ്പെടെ ഇരട്ടവോട്ടാണെന്ന ആരോപണവും ഉയരുന്നുണ്ട്.
ആർ.എസ്.എസ് കാര്യാലയത്തില്‍ 27 വോട്ടര്‍മാരുണ്ടെന്ന ആരോപണവുമായി ഡിവൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് രംഗത്തുവന്നു. ക്രമക്കേട് നടന്ന സംഭവത്തിൽ ബി.എൽ.ഒമാർക്കെതിരെ അന്വേഷണം നടത്തി കേസെടുക്കണമെന്ന് മന്ത്രി എം.ബി. രാജേഷും സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ്ബാബുവും ആവശ്യപ്പെട്ടു. എൽ.ഡി.എഫ് സഹായത്തോടെ യു.ഡി.എഫാണ് വോട്ട് ചേർത്തതെന്നും റവന്യൂ ഉദ്യോഗസ്ഥരുടെ സഹായവുമുണ്ടായിരുന്നുവെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.