പാലക്കാട്ടെ ‘വിവാദക്കോട്ട’കൾ മറിയുമോ?
text_fieldsപാലക്കാട്: വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്ക് സഞ്ചരിച്ച ദിനങ്ങൾക്കൊടുവിൽ പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിന് ഒരു ദിനം മാത്രം ബാക്കിനിൽക്കെ മുന്നണിക്കും ജീവൻ മരണ പോരാട്ടം. അടിസ്ഥാനവിഷയങ്ങളിൽ നിന്ന് മാറി രാഷ്ട്രീയവിവാദങ്ങൾ കത്തിനിന്ന പ്രചാരണകാലം വിവാദപ്പെരുമഴക്കാലത്തിനാണ് സാക്ഷ്യംവഹിച്ചത്. കത്ത്, ഹസ്തദാനം, പെട്ടി, സ്പിരിറ്റ് വിവാദവും ഒടുവിൽ വ്യാജ വോട്ടർവിവാദവും നിറഞ്ഞുനിന്നു.
ഒരു തരത്തിൽ പറഞ്ഞാൽ ഒരു ഘട്ടം വരെ ഭരണവിരുദ്ധ വികാരം തടയിടാൻ സി.പി.എം സെറ്റ് ചെയ്ത അജണ്ടയിൽ വോട്ടെടുപ്പ് കാലം സഞ്ചരിച്ചു. കർഷക പ്രശ്നമോ, ക്ഷേമനിധി കുടിശ്ശികയോ വികസന വിഷയങ്ങൾ പോലുമോ ചർച്ചവിഷയമായില്ല. പക്ഷേ, ഈ വിവാദങ്ങൾ വോട്ട് പെട്ടിയിൽ എന്തെങ്കിലും ചലനങ്ങളുണ്ടാക്കുമോയെന്ന് വിലയിരുത്താനുമാവില്ല.
പ്രതീക്ഷ കൈവിടാതെ
യു.ഡി.എഫും ബി.ജെ.പിയും നേർക്കുനേർ മത്സരിക്കുന്ന മണ്ഡലമെന്നായിരുന്നു ആദ്യചിത്രമെങ്കിലും ഇടത് സ്വതന്ത്രനായി വന്ന ഡോ. പി. സരിൻ പ്രചാരണത്തിൽ മുന്നിലെത്തി സജീവമായ ത്രികോണ മത്സരപ്രതീതി സൃഷ്ടിച്ചു. നാല് പതിറ്റാണ്ടിലധികമായി ബി.ജെ.പിക്ക് 10 ശതമാനത്തിലധികം വോട്ടുള്ള മണ്ഡലം, സി.പി.എമ്മിനെ മൂന്നാം സ്ഥാനത്തേക്ക് തുടർച്ചയായി രണ്ട് തവണ തഴഞ്ഞ വോട്ടർമാരുടെ മണ്ഡലം എന്നതിനാലാണ് പാലക്കാട് ശ്രദ്ധാകേന്ദ്രമാകുന്നത്.
ഷാഫി പറമ്പിലിന്റെ വ്യക്തിപ്രഭാവം കൊണ്ട് സി.പി.എമ്മില്നിന്ന് കോണ്ഗ്രസ് തിരിച്ചുപിടിച്ച മണ്ഡലമാണെങ്കിലും കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പാലക്കാട് നിയമസഭ മണ്ഡലം വിട്ട് വടകര തേടിപ്പോയതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പിൻഗാമിയായി അന്ന് തന്നെ ഷാഫി പറമ്പിൽ അവതരിപ്പിച്ച രാഹുൽ മാങ്കൂട്ടത്തിൽ എന്ന യൂത്ത് കോൺഗ്രസ് നേതാവിെൻറ വിജയം കോൺഗ്രസിന് അനിവാര്യമാണ്.
രാഹുൽ മാങ്കൂട്ടത്തിലിനെ ജില്ല കോൺഗ്രസ് നേതൃത്വവും ഐ ഗ്രൂപ്പും ആദ്യം എതിർത്തിരുന്നെങ്കിലും പ്രതിപക്ഷ നേതാവിന്റെ അനുഗ്രഹാശിസ്സുകളോടെ എത്തിയതോടെ എതിർപ്പുകൾ ഇല്ലാതായി. ഡോ. പി. സരിൻ പാർട്ടി വിട്ട് ഇടത് സ്ഥാനാർഥിയായതോടെ ഐക്യരൂപം വന്ന യു.ഡി.എഫിന്റെ പ്രവർത്തനങ്ങളിലെ മികവ് അവസാന ലാപ് വരെ തുടരുന്നുണ്ട്. അയ്യായിരത്തിലേറെ പുതുവോട്ടർമാരെ ചേർത്തതായി പ്രതിപക്ഷ നേതാവ് തന്നെ നേട്ടമായി പറഞ്ഞിരുന്നു.
പാർട്ടി ചിഹ്നത്തിൽ നിന്ന് മാറി സ്റ്റെതസ്കോപ്പ് ചിഹ്നത്തിൽ മത്സരിക്കുന്ന ഡോ. പി. സരിൻ പ്രചാരണത്തിൽ സൃഷ്ടിച്ച വ്യത്യസ്തയിലും ഉണർവിലുമാണ് അണികൾ. സരിന്റെ സ്ഥാനാർഥിത്വത്തിൽ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടെങ്കിലും യുവജനങ്ങളെ ആകർഷിക്കുന്നതിലും സാമൂഹിക മാധ്യമങ്ങളിലെ സാന്നിധ്യത്തിലും മുന്നിൽതന്നെയാണ്. മൂന്ന് മുഖ്യമന്ത്രിമാരെ നിയമസഭയിലെത്തിച്ച പാലക്കാട് ജില്ലയിൽ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിലല്ലാതെ മറ്റൊരു ചിഹ്നത്തിൽ വോട്ട് രേഖപ്പെടുത്തുകയെന്നത് തിരിച്ചടിയാവുമോ എന്ന ആശങ്ക സി.പി.എമ്മിനുമുണ്ട്.
അതേസമയം, ആർ.എസ്.എസിന്റെ സ്വധീനമണ്ഡലത്തിൽ ചിട്ടയായും നിശബ്ദമായുമുള്ള പ്രചാരണം ഏറെക്കുറെ പൂർത്തിയാക്കിയെന്നതാണ് ബി.ജെ.പിക്ക് ആശ്വാസം പകരുന്നത്.ആദ്യഘട്ടത്തിൽ ശോഭ സുരേരന്ദനെ സ്ഥാനാർഥിയാക്കാത്തതും പിന്നീട് സന്ദീപ് വാര്യരുടെ പാർട്ടി വിടലും ബി.ജെ.പിയുടെ പ്രവർത്തനങ്ങളെ മന്ദീഭവിപ്പിച്ചു. അവസാനം ‘വഖഫ്’ വിഷയം മുൻനിർത്തി വർഗീയ പ്രചാരണങ്ങളും അഴിച്ചുവിട്ടു. മൂന്നു മുന്നണികളും തുടക്കം മുതലേ ‘ഡീൽ ’ ആരോപണങ്ങളുമായി മുന്നോട്ടുവന്നിരുന്നു.
കണക്കുകൾ യു.ഡി.എഫിനൊപ്പം
2021 നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പാലക്കാട് മണ്ഡലത്തിൽ 3,859 വോട്ടിന്റെ ഭൂരിപക്ഷവും 2024ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ 9727 വോട്ടിന്റെ ഭൂരിപക്ഷവും നേടിയിരുന്നു 2020 ലെ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് വോട്ടിങ് നോക്കിയാൽ മണ്ഡല പരിധിയിൽ 3296 വോട്ടിന്റെ ഭൂരിപക്ഷമാണ് യു.ഡി.എഫിന് എൽ.ഡി.എഫുമായിട്ടുള്ളത്.
ആ തെരഞ്ഞെടുപ്പിലെ വോട്ടിങ് നില പരിശോധിച്ചാൽ മൂന്നാമതാണ് ബി.ജെ.പി. യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിന് അനുകൂലമായ ഘടകങ്ങളാണ് നിലവിൽ മണ്ഡലത്തിലുള്ളത്. ആർ.എസ്.എസിന്റെ നിശബ്ദ പ്രവർത്തനത്തിൽ വിശ്വാസമർപ്പിച്ചാണ് ബി.ജെ.പി മുന്നോട്ട്പോകുന്നത്. മണ്ഡലം പിടിച്ചടക്കുമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും എൽ.ഡി.എഫ് രണ്ടാമതെത്തിയാൽ അദ്ഭുതപ്പെടാനില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.