കുഞ്ഞാലിയെ കൊന്ന രക്തത്തിന്റെ മണം മാറും മുന്നേ ആര്യാടനെ ഞങ്ങൾ സ്ഥാനാർഥിയാക്കി -എ.കെ. ബാലൻ; രക്തസാക്ഷികൾക്ക് നൽകുന്ന വിലയെന്ന് വി.ടി. ബൽറാം
text_fieldsതിരുവനന്തപുരം: കുഞ്ഞാലിയെ കൊലപ്പെടുത്തിയ ആര്യാടൻ മുഹമ്മദിനെ വരെ തങ്ങൾ സ്ഥാനാർത്ഥിയാക്കിയിട്ടുണ്ടെന്ന് സി.പി.എം നേതാവ് എ.കെ. ബാലൻ. ആ രക്തത്തിന്റെ മണം മാറും മുന്നേയാണ് ആര്യാടൻ മുഹമ്മദ് എൽ.ഡി.എഫിലേക്ക് വന്നത്. അന്ന് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ആര്യാടനെ എൽഡിഎഫ് സ്ഥാനാർഥിയാക്കി. അതാത് സമയത്തെ രാഷ്ട്രീയ സാഹചര്യം നോക്കിയാണ് സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുക. കോൺഗ്രസ് വിട്ട ഡോ. സരിൻ ഉയർത്തിയത് ഗുരുതര ആരോപണങ്ങളാണ്. അത് പാലക്കാട്ടെ ജനങ്ങൾ അത് ചർച്ച ചെയ്യും. ഉപതെരഞ്ഞെടുപ്പുകളിലേക്കുള്ള ഇടത് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖാപിക്കുമെന്നും എ.കെ ബാലൻ പറഞ്ഞു.
പാലക്കാട് കോൺഗ്രസ് -ബിജെപി ഡീലുണ്ടെന്നും എ.കെ ബാലൻ ആരോപിച്ചു. വടകരയിൽ ഈ ഡീൽ നടത്തി. ബി.ജെ.പിക്കാർ ഷാഫിക്ക് വോട്ട് കൊടുത്തു. പാലക്കാട് തിരിച്ച് വോട്ട് മറിക്കും. ഈ ഡീൽ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും എ.കെ ബാലൻ ആരോപിച്ചു.
എന്നാൽ, സ്വന്തം അധ:പതനം ഇങ്ങനെ വലിയ കാര്യമായി വിളിച്ചു പറയുന്ന ഒരു പാർട്ടിയാണ് സി.പി.എം എന്ന് വി.ടി. ബൽറാം പ്രതികരിച്ചു. ‘കഷ്ടം. ഇവർ ഗ്ലോറിഫൈ ചെയ്യുന്ന, ആവേശത്തോടെ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന, രക്തസാക്ഷികൾക്കൊക്കെ ഇവർ യഥാർത്ഥത്തിൽ നൽകുന്ന വില ഇത്രയൊക്കെയേ ഉള്ളൂ എന്ന് മലയാളികൾ ഇനിയെങ്കിലും തിരിച്ചറിയണം. കൂത്തുപറമ്പ് രക്തസാക്ഷി ദിനവും എം വി രാഘവൻ അനുസ്മരണവും അടുത്തടുത്ത ദിവസങ്ങളിൽ ഒരേ നേതാക്കൾ തന്നെ പങ്കെടുത്ത് ആചരിക്കുന്ന പാർട്ടിയാണല്ലോ ഇപ്പോ സിപിഎം!’ -ബൽറാം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
‘ഒരു കാര്യം കൂടി ബാലന് പറയാമായിരുന്നു. ഈ എ.കെ. ബാലൻ എസ്.എഫ്.ഐയുടെ നേതാവായിരുന്ന കാലത്ത് സംഘടനക്കുണ്ടായ "ആദ്യ രക്തസാക്ഷി" പട്ടാമ്പി കോളജിലെ സെയ്‌താലിയുടെ ഘാതകനായ ആർ.എസ്.എസുകാരനേയും പിന്നീട് പാർട്ടി മാറ്റി, പേര് പോലും ഗസറ്റിൽ കൊടുത്ത് മാറ്റി, സി.പി.എം എം.എൽഎ ആക്കിയിട്ടുണ്ട്. ഒന്നല്ല, രണ്ട് തവണ. ഇതേ എ.കെ. ബാലന്റെയൊപ്പം ആ പഴയ ആർ.എസ്.എസ് നേതാവ് പത്ത് വർഷം നിയമസഭയിൽ ഉണ്ടായിരുന്നു, നല്ല തീവ്രതയുള്ള സഖാവായി. എ.കെ. ബാലൻ ആ പാർട്ടിക്ക് ചെയ്യുന്ന ആശയപരമായ ഇത്തരം സംഭാവനകൾ ഇനിയും തുടരട്ടെ എന്നാശംസിക്കുന്നു’ -ബൽറാം പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.