എനിക്കെതിരെ സി.പി.എം നൽകിയ വർഗീയ പരസ്യത്തിന് ജനങ്ങളുടെ തിരിച്ചടി -സന്ദീപ് വാര്യർ
text_fieldsപാലക്കാട്: ഈ തെരഞ്ഞെടുപ്പിൽ സി.പി.എമ്മാണ് ബി.ജെ.പിക്ക് വേണ്ടി ക്വട്ടേഷനെടുത്തതെന്ന് ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ. ബി.ജെ.പി പോലും പറയാൻ അറക്കുന്ന തരത്തിൽ സി.പി.എം വർഗീയമായി വിഷലിപ്ത പ്രചാരണം അഴിച്ചുവിട്ടു. സാധാരണക്കാരനായ തനിക്കെതിരെ രണ്ടുപത്രങ്ങളിൽ സി.പി.എം വർഗീയ പരസ്യം കൊടുത്തതിന് പാലക്കാട്ടെ പ്രബുദ്ധരായ ജനങ്ങൾ കൊടുത്ത തിരിച്ചടിയാണിത് -സന്ദീപ് വാര്യർ പറഞ്ഞു.
‘മുസ്‍ലിം വോട്ടുകളുടെ ഏകീകരണമാണ് യു.ഡി.എഫ് ജയിക്കുന്നതിലൂടെ ഉണ്ടാവുകയെന്നാണ് സി.പി.എം പറഞ്ഞിരുന്നത്. എന്നാൽ, ഹിന്ദു ഭൂരിപക്ഷമേഖലകളടക്കം രാഹുലിനൊപ്പമാണ് നിന്നത്. ഇതാണ് ഇന്ത്യയുടെ വിജയം. പാലക്കാട്ടെ ഹിന്ദുവും മുസ്‍ലിമും ക്രിസ്ത്യാനിയും ഒറ്റക്കെട്ടായി മതനിരപേക്ഷതക്കും മതേതരത്വത്തിനും വേണ്ടി ചെയ്ത വോട്ടാണിത്. സുരേന്ദ്രനും കൃഷ്ണകുമാറും ബലിദാനികളെ വഞ്ചിച്ചവരാണ്. ശ്രീനിവാസൻ വധക്കേസിൽ യു.എ.പി.എ ചുമത്തിയ 17 പ്രതികൾക്ക് എങ്ങനെ ജാമ്യം കിട്ടി എന്നത് സംബന്ധിച്ച് ഇരുവരും ബലിദാനികളോട് മറുപടിയും മാപ്പും പറയണം. പകരം എന്നെയും 84 വയസ്സുള്ള കുടുംബത്തെയും ആക്ഷേപിക്കുകയും ഭാര്യയെ ബോഡി ഷെയിമിങ് നടത്തുകയും ചെയ്യുകയാണ് സുരേന്ദ്രനും സംഘവും ചെയ്യുന്നത്. അൽപം ഉളുപ്പുണ്ടെങ്കിൽ ഇവർ ഓഡിറ്റിങ്ങിന് വിധേയമാകണം’ -സന്ദീപ് ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സുരേന്ദ്രൻ നേരിട്ട് നേതൃത്വം നൽകിയപ്പോൾ തന്നെ തോൽക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്ന് സന്ദീപ് പരിഹസിച്ചു. ‘സുരേന്ദ്രൻ നേതൃത്വം നൽകിയ ഒരു തെരഞ്ഞെടുപ്പിലും ഇന്നേവരെ ജയിച്ച ചരിത്രമില്ല. സുരേഷ് ഗോപിയെന്ന മലയാളത്തിലെ മഹാ നടന്റെ വിജയം മാത്രമാണ് തൃശൂരിലേതെന്ന് ഇപ്പോൾ ചേലക്കരയിലെ ഫലത്തോടെ ബോധ്യമായി. തൃശൂരിലെ ബി.ജെ.പിയുടെ മാഫിയാ നേതൃത്വത്തിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് ചേലക്കരയിലെ ഉപതെരഞ്ഞെടുപ്പ് ഫലം’ -സന്ദീപ് പറഞ്ഞു.
പാലക്കാട് കോൺഗ്രസ് മൂന്നാമതെത്തും എന്ന കെ. സുരേന്ദ്രന്റെ പ്രവചനത്തെയും സന്ദീപ് വാര്യർ പരിഹസിച്ചു. സുരേന്ദ്രൻ പറഞ്ഞ ഏതെങ്കിലും ഒരു കാര്യം കേരള രാഷ്ട്രീയത്തിൽ ഇതുവരെ ശരിയായി നടന്നിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ‘തോൽക്കുന്നതിന്റെ അവസാന നിമിഷം വരെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നയാളാണ് സുരേന്ദ്രൻ. ഏത് തെരഞ്ഞെടുപ്പ് നടന്നാലും അതങ്ങനെയാണ്. ഞാൻ തെരഞ്ഞെടുത്ത പാത ശരിയാണെന്ന് ബി.ജെ.പിയിലെ എന്റെ പഴയ സഹപ്രവർത്തകർക്ക് പിന്നീട് ബോധ്യപ്പെടും. ഇപ്പോൾ എന്നോടുള്ള വിരോധത്തിന്റെ പേരിൽ സുരേന്ദ്രനെ പിന്തുണക്കുന്നവർക്ക് കാര്യങ്ങൾ വഴിയെ മനസ്സിലാകും’ -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.