സുരേന്ദ്രനെതിരെ പടയൊരുക്കം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി നേതൃമാറ്റം ആവശ്യപ്പെട്ട് കൃഷ്ണദാസ് പക്ഷം
text_fieldsതിരുവനന്തപുരം: പാലക്കാട്ടെ കനത്ത തോൽവിക്ക് പിന്നാലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ പാർട്ടിയിൽ പടയൊരുക്കം ശക്തം. സംസ്ഥാന അധ്യക്ഷൻ നേരിട്ട് നേതൃത്വം നൽകിയിട്ടും വൻതോതിൽ വോട്ട് ചോർന്നതും ഏകപക്ഷീയമായി സ്ഥാനാർഥികളെ നിശ്ചയിച്ച് പാർട്ടിയെയും അണികളെയും നാണക്കേടിലേക്ക് തള്ളിവിട്ടതുമാണ് എതിർവിഭാഗം ആയുധമാക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി നേതൃമാറ്റം ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തെ സമീപിക്കാൻ ഒരുങ്ങുകയാണ് കൃഷ്ണദാസ് പക്ഷം. ചേലക്കരയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും പാർട്ടി ശക്തി കേന്ദ്രങ്ങളിലൊന്നായ പാലക്കാട് പതിനായിരത്തോളം വോട്ട് കുറഞ്ഞതാണ് എതിർപക്ഷം ഉയർത്തുന്നത്.
പാലക്കാട് മത്സരിച്ചത് കൃഷ്ണകുമാറാണെങ്കിലും ശരിക്കും തോറ്റത് സുരേന്ദ്രനാണെന്ന് വിമതവിഭാഗം ആരോപിക്കുന്നു. പാലക്കാട്ട് ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന് ബി.ജെ.പി ദേശീയ കൗൺസിലംഗം എൻ. ശിവരാജനും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നെങ്കിലും സുരേന്ദ്രൻ സ്വന്തം താൽപര്യപ്രകാരമാണ് സി. കൃഷ്ണകുമാറിനെ ഗോദയിലേക്കിറക്കിയത്. ഇതോടെ സുരേഷ് ഗോപി അടക്കം പ്രമുഖ നേതാക്കൾ പ്രചാരണരംഗത്ത് സജീവമായതുമില്ല. 2021ൽ 12 റൗണ്ട് വോട്ടെണ്ണിയപ്പോഴാണ് യു.ഡി.എഫിന് ആശ്വാസ ലീഡ് പിടിക്കാനായതെങ്കിൽ ഇത്തവണ മൂന്നാം റൗണ്ടിൽ തന്നെ പാർട്ടി കോട്ടകൾ തരിപ്പണമായി. സുരേന്ദ്രനിൽ അടിയുറച്ച് വിശ്വസിച്ച ആർ.എസ്.എസിനും പാലക്കാട്ടുകാർ വോട്ടുകൊണ്ട് മറുപടി നൽകി.
തോറ്റത് സിറ്റിങ് സീറ്റിലല്ലെന്ന് സുരേന്ദ്രൻ പക്ഷം വിശദീകരിക്കുമ്പോഴും നഗരസഭയിലെ വോട്ട് ചോർച്ചയിലാണ് എതിർപക്ഷം പിടിമുറുക്കുന്നത്. സംസ്ഥാന അധ്യക്ഷൻ നേതൃത്വം നൽകിയിട്ടും വോട്ട് ചോര്‍ന്നെന്ന് സന്ദീപ് വാചസ്പതി ഫേസ്ബുക്കിൽ കുറിച്ചു. ബി.ജെ.പിയുടെ മേല്‍ക്കൂര ശക്തിപ്പെടുത്തണമെന്ന് എൻ. ശിവരാജൻ പറഞ്ഞു. സംഘടനാ വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് കെ. സുരേന്ദ്രനോട് ചോദിക്കണമെന്നായിരുന്നു ബി. ഗോപാലകൃഷ്ണന്‍റെയും മുൻ കേന്ദ്രമന്ത്രി വി. മുരളീധരന്‍റെയും പ്രതികരണം. സംഘടനയിൽ പൊട്ടിത്തെറി ശക്തമായതോടെ ഇതുവരെ സുരേന്ദ്രനൊപ്പം നിന്ന കേന്ദ്ര നേതൃത്വം മാറ്റിച്ചിന്തിക്കാൻ സാധ്യതയേറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.