പാലക്കാട് ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർഥി ചർച്ച സജീവമാക്കി മുന്നണികൾ
text_fieldsപാലക്കാട്: ഉപതെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സ്ഥാനാർഥി ചർച്ച സജീവമാക്കി രാഷ്ട്രീയ മുന്നണികൾ. മൂന്ന് മുന്നണികളും വിജയപ്രതീക്ഷെവക്കുന്ന മണ്ഡലമാണ് പാലക്കാട്. 2011 മുതൽ മണ്ഡലം കൈവശം വെക്കുന്ന കോൺഗ്രസിൽ ഇതിനകം തന്നെ സീറ്റിനായി പലരും ഒളിഞ്ഞും തെളിഞ്ഞും രംഗത്തെത്തിക്കഴിഞ്ഞു. സ്വയംപ്രഖ്യാപിതരും ഗ്രൂപ്പ് നേതാക്കളും ഇതിലുൾപ്പെടും. ഷാഫിയുടെ വ്യക്തിപ്രഭാവമാണ് 2011 മുതൽ തുടർച്ചയായി സീറ്റ് നിലനിർത്താൻ കോൺഗ്രസിനെ തുണച്ചത്. അതിനാൽ സ്ഥാനാർഥി നിർണയത്തിൽ ഷാഫി മുന്നോട്ട് വെക്കുന്ന രാഹുൽ മാങ്കൂട്ടത്തിനാണ് കോൺഗ്രസ് ചർച്ചകളിലെ പ്രഥമ പരിഗണന. ഷാഫിയുടെ വിശ്വസ്ഥൻ എന്ന നിലക്കും യുവത്വം എന്നനിലക്കും രാഹുൽ, ഷാഫിയുടെ പിന്തുടർച്ചക്കാരനാകും എന്ന് കരുതുന്നവർ കോൺഗ്രസ് നേതൃത്വത്തിൽ ഏറെപേരുണ്ട്.
കെ.പി.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി. ബൽറാമിന്റെ പേര് ഉയരുന്നുണ്ടെങ്കിലും അടുത്ത തവണ തൃത്താല തിരിച്ചുപിടിക്കലാണ് ലക്ഷ്യമിടുന്നതത്രേ. കൂടാതെ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്കും ബൽറാമിന്റെ പേര് ഉയരുന്നുണ്ട്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 9707 വോട്ടിന്റെ ഭൂരിപക്ഷം പാലക്കാട് നിയമസഭ മണ്ഡലത്തിൽനിന്നുമാത്രം വി.കെ. ശ്രീകണ്ഠനു കിട്ടിയത് യു.ഡി.എഫിൽ ആത്മവിശ്വാസം ഒന്നുകൂടി ഊട്ടിയുറപ്പിച്ചിട്ടുണ്ട്.
എൽ.ഡി.എഫിൽ നിഥിൻ കണിച്ചേരിയുടെ പേരാണ് സജീവമായി ചർച്ചയിലുള്ളത്. പക്ഷേ കഴിഞ്ഞ രണ്ടു നിയമസഭ തെരഞ്ഞെടുപ്പിലും എൽ.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് സ്ഥാനാർഥി നിർണയത്തിൽ അവരെ ഒന്ന് ഇരുത്തി ചിന്തിപ്പിക്കും. അതുകൊണ്ടുതന്നെ സി.പി.എമ്മിലേക്ക് ചേക്കേറിയ എ.വി. ഗോപിനാഥിനും സാധ്യത തള്ളിക്കളയാനാവില്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ സാഹചര്യങ്ങൾ എതിരായിരുന്നിട്ടും നിയമസഭമണ്ഡലത്തിലുൾപ്പെട്ട മാത്തൂരും കണ്ണാടി ഗ്രാമപഞ്ചായത്തും കൂടെനിന്നത് എൽ.ഡി.എഫിലും ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. എൻ.ഡി.എയിൽ ശോഭ സുരേന്ദ്രന്റെയും മറ്റും പേരുകൾ ഉയർന്നുവരുന്നുണ്ടെങ്കിലും രാഷ്ട്രീയ സാഹചര്യങ്ങളും മണ്ഡല പരിചയവും കൃഷ്ണകുമാറിനുതന്നെയാണ് മുൻതൂക്കം നൽകുന്നത്. എങ്കിലും കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ പിന്നോട്ടടി വിശദചർച്ചകൾക്ക് വഴിവെക്കും. അതിന് ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.