പാലക്കാട് ഉപതെരഞ്ഞെടുപ്പ്: ബി.ജെ.പിയിൽ പോര് ശക്തമാകുന്നു
text_fieldsപാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വത്തിനായി ബി.ജെ.പിയിൽ പോര് മുറുകുന്നു. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ എന്നിവരുടെ പേരുകളാണ് സ്ഥാനാർഥിപ്പട്ടികയിലേക്ക് കോർ കമ്മിറ്റി ദേശീയ നേതൃത്വത്തിന് ശിപാർശ ചെയ്തത്. സി. കൃഷ്ണകുമാർ സ്ഥാനാർഥിയാകുമെന്ന ആത്മവിശ്വാസത്തിൽ ആദ്യഘട്ട പ്രവർത്തനങ്ങളിലേക്ക് ഇറങ്ങിക്കഴിഞ്ഞു. എന്നാൽ, ശോഭ സുരേന്ദ്രനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ശക്തമായി രംഗത്തുണ്ട്.
സ്ഥാനാർഥിനിർണയ ചർച്ചയിൽ ശോഭ സുരേന്ദ്രൻ വിഭാഗത്തെ അവഗണിച്ചെന്ന ആക്ഷേപം നേരത്തേ ഉയർന്നിരുന്നു. മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ശോഭ സുരേന്ദ്രനെ അനുകൂലിക്കുന്ന നേതാക്കളെ അറിയിക്കാതെ അഭിപ്രായ രൂപവത്കരണം നടന്നത്. എന്നാൽ, 60 പേരോളം പങ്കെടുത്ത ചർച്ചയിൽ ഭൂരിഭാഗവും ശോഭ സുരേന്ദ്രന്റെ സ്ഥാനാർഥിത്വത്തെ അനുകൂലിച്ചത് സി. കൃഷ്ണകുമാർ പക്ഷത്തിന് തിരിച്ചടിയായി.
ലോക്സഭ തെരഞ്ഞെടുപ്പിൽ പാലക്കാട് നിയമസഭ മണ്ഡലത്തിലെ വോട്ടിൽ കുത്തനെയുണ്ടായ ഇടിവാണ് കൃഷ്ണകുമാറിന് തിരിച്ചടിയാകുന്നത്. 2021ൽ ൽ പാലക്കാട്ട് 50,200 വോട്ട് നേടിയിരുന്നിടത്ത് ലോക്സഭയിൽ 48,467 ആയി കുറഞ്ഞു. അംഗത്വത്തിലുണ്ടായ കുറവും സജീവ ചർച്ചയാണ്. ജയസാധ്യത കണ്ട് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും സ്ഥാനാർഥിത്വത്തിന് ചരടുവലി തുടങ്ങിയതാണ് കൃഷ്ണകുമാറിന് തലവേദനയാകുന്നത്.
ഇതിനിടെ പാർട്ടി വക്താവ് സന്ദീപ് വാര്യരുടെ പേരുകൂടി സാധ്യതാപട്ടികയിൽപ്പെടുത്തണമെന്ന് ഏതാനും പേർ കോർ കമ്മിറ്റി യോഗത്തിൽ ആവശ്യപ്പെട്ടതും തലവേദനയായി. ഷാഫി പറമ്പിലിനുള്ള വ്യക്തിസ്വാധീനവും സി.പി.എം ക്രോസ് വോട്ട് ചെയ്തതുമാണ് കഴിഞ്ഞതവണ യു.ഡി.എഫ് വിജയത്തില്‍ നിർണായകമായതെന്ന വിലയിരുത്തല്‍ ബി.ജെ.പിക്കുണ്ട്. ഇത്തവണ യു.ഡി.എഫ് സ്ഥാനാർഥി ആരായാലും ഷാഫി പറമ്പിലിന്റെ അത്ര സ്വാധീനം ചെലുത്താനാകില്ലെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.