പാലക്കാട്ട് കളംനിറഞ്ഞ് സ്വതന്ത്രർ
text_fieldsപാലക്കാട്: പാലക്കാട് നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ കളംനിറഞ്ഞ് സ്വതന്ത്ര സ്ഥാനാർഥികൾ. എൽ.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്ന ഡോ. പി. സരിൻ ഉൾപ്പെടെ എട്ടു സ്വതന്ത്രരാണ് മത്സരരംഗത്തുള്ളത്. രണ്ടുപേർ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ അപരന്മാരാണ്.
1982, 1987 വർഷങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിലാണ് മണ്ഡലത്തിൽ കൂടുതൽ സ്വതന്ത്രർ മത്സരിച്ചത്. തെരഞ്ഞെടുപ്പിൽ വിജയിച്ച സി.എം. സുന്ദരം ഉൾപ്പെടെ ഒമ്പതു സ്വതന്ത്ര സ്ഥാനാർഥികളാണ് 1982ൽ ജനവിധി തേടിയത്. 29,011 വോട്ടോടെ സി.എം. സുന്ദരം വിജയിച്ചു. 1987ലും സ്വതന്ത്രനായി മത്സരിച്ച സി.എം. സുന്ദരം തന്നെയാണ് മണ്ഡലത്തിലെ ജനപ്രതിനിധിയായത്. അന്ന് 10 പേരാണ് സ്വതന്ത്ര സ്ഥാനാർഥികളായി രംഗത്തുണ്ടായിരുന്നത്. ബി.ജെ.പിയുടെ ഒ. രാജഗോപാൽ മാത്രമായിരുന്നു പാർട്ടിയുടെ ഔദ്യോഗിക ചിഹ്നത്തിൽ മത്സരിച്ചയാൾ.
നാലു തെരഞ്ഞെടുപ്പുകളിലാണ് സി.എം. സുന്ദരം സ്വതന്ത്രനായി വിജയിച്ചത്. 1991ൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ് സ്ഥാനാർഥിയായും മണ്ഡലത്തെ പ്രതിനിധാനംചെയ്തു. തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി സാന്നിധ്യം അറിയിക്കുന്ന സ്വതന്ത്രരുണ്ട്.
പാലക്കാട്ട് സി.പി.എം ചിഹ്നം ഉപേക്ഷിച്ചത് മൂന്നുതവണ
പാലക്കാട്ട് ഇത്തവണ സ്വതന്ത്ര സ്ഥാനാർഥിയെ രംഗത്തിറക്കിയ സി.പി.എം 1965 മുതൽ നടന്ന 14 നിയമസഭ തെരഞ്ഞെടുപ്പുകളിൽ 12 എണ്ണത്തിലും മണ്ഡലത്തിൽ മത്സരിച്ചത് പാർട്ടി ചിഹ്നമായ ചുറ്റിക അരിവാൾ നക്ഷത്രത്തിൽ. 1980ലും 1982ലും സ്വതന്ത്ര സ്ഥാനാർഥികളെ മത്സരിപ്പിച്ചെങ്കിലും എതിർ സ്ഥാനാർഥിയായിരുന്ന സി.എം. സുന്ദരത്തോട് പരാജയപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.