പാലക്കാട്ട് പരസ്യപ്രചാരണത്തിന്‍റെ അവസാന മണിക്കൂർ; കൊട്ടിക്കലാശത്തിന്‍റെ ആവേശത്തിൽ മുന്നണികൾ
text_fieldsപാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് പരസ്യപ്രചാരണം അവസാനിക്കാനിരിക്കെ കൊട്ടിക്കലാശത്തിന്‍റെ ആവേശത്തിലാണ് മുന്നണികൾ. ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ മൂന്ന് മുന്നണിയുടെയും മുതിർന്ന നേതാക്കൾ പ്രചാരണ രംഗത്ത് സജീവമാണ്. ഒരു മാസത്തിലധികം നീണ്ട വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണമാണ് തിങ്കളാഴ്ച സമാപിക്കുന്നത്. പരമാവധി ഇടങ്ങളില്‍ ഓടിയെത്തി വോട്ട് തേടാനുള്ള തിരക്കിലാണ് സ്ഥാനാർഥികൾ. പരസ്യപ്രചാരണത്തിന്റെ സമയപരിധി വൈകീട്ട് ആറിന് അവസാനിക്കും.
യു.ഡി.എഫിന്‍റെ രാഹുൽ മാങ്കൂട്ടത്തിൽ, എൽ.ഡി.എഫിന്‍റെ പി. സരിൻ, ബി.ജെ.പിയുടെ സി.കൃഷ്ണകുമാർ എന്നിവരാണ് മണ്ഡലത്തിലെ പ്രധാന സ്ഥാനാർഥികൾ. രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി ഷാഫി പറമ്പിലും പി.സി. വിഷ്ണുനാഥും പ്രചാരണരംഗത്തുണ്ട്. ട്രോളി ബാഗുമായാണ് രാഹുലും പ്രവർത്തകരും പ്രചാരണത്തിനെത്തിയത്. പി. സരിനൊപ്പം മന്ത്രി എം.ബി. രാജേഷ്, എ.എ. റഹീം, വസീഫ് എന്നിവർ പ്രചാരണത്തിനുണ്ട്. സ്റ്റെതസ്കോപ്പ് ധരിച്ച് കുട്ടികളും പ്രചാരണത്തിനുണ്ട്. സി. കൃഷ്ണകുമാറിന് വേണ്ടി ശോഭാ സുരേന്ദ്രനും തുഷാർ വെള്ളാപ്പള്ളിയും പാലക്കാട്ടെത്തിയിട്ടുണ്ട്. ബുധനാഴ്ചയാണ് വോട്ടെടുപ്പ്. ശനിയാഴ്ച ഫലം പ്രഖ്യാപിക്കും. നേരത്തെ ഈ മാസം 13ന് നിശ്ചയിച്ച വോട്ടെടുപ്പ് പിന്നീട് കൽപ്പാത്തി രഥോത്സവത്തിന്‍റെ പശ്ചാത്തലത്തിൽ 20ലേക്ക് മാറ്റുകയായിരുന്നു.
5.30ഓടെ മൂന്ന് മുന്നണികളുടെയും കലാശക്കൊട്ട് സ്റ്റേഡിയം ബസ് സ്റ്റാന്റ് പരിസരത്ത് എത്തിച്ചേരും. കലാശക്കൊട്ടു നടക്കുന്നതിനാൽ 6.30 വരെ പാലക്കാട് നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ട്. ചൊവ്വാഴ്ച മണ്ഡലത്തിൽ നിശബ്ദ പ്രചാരണം നടക്കും. നിരവധി വിവാദങ്ങളും നേതാക്കളുടെ മറുകണ്ടം ചാടലിനും ഉൾപ്പെടെ സാക്ഷ്യം വഹിച്ച ഉപതെരഞ്ഞെടുപ്പിനെ ആവേശത്തോടെയാണ് മുന്നണികൾ കാണുന്നത്. പി.സരിൻ കോൺഗ്രസ് വിട്ട് എൽ.ഡി.എഫിൽ എത്തിയതു മുതൽ സന്ദീപ് വാര്യർ ബി.ജെ.പി വിട്ട് കോൺഗ്രസിൽ എത്തിയതു വരെ തെരഞ്ഞെടുപ്പു കാലത്ത് പാലക്കാട്ടെ കാഴ്ചകളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.