പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനും ചേലക്കരയിൽ രമ്യ ഹരിദാസിനും സാധ്യത; പ്രഖ്യാപനം ഉടനുണ്ടായേക്കും
text_fieldsതിരുവനന്തപുരം: നവംബർ 13ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയമസഭ മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായേക്കും. ചേലക്കരയിൽ മുൻ എം.പി രമ്യ ഹരിദാസിനാണ് സാധ്യത. ഇതുസംബന്ധിച്ച് കോൺഗ്രസിൽ കൂടിയാലോചനകൾ പൂർത്തിയായതായും വൈകാതെ പ്രഖ്യാപനമുണ്ടാകുമെന്നുമാണ് വിവരം.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെയും വടകര എം.പി ഷാഫി പറമ്പിലിന്‍റെയും പിന്തുണയാണ് രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂല ഘടകമായത്. അതേസമയം, ലോക്സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടെങ്കിലും രമ്യക്ക് ഒരവസരം കൂടി നൽകാനും കെ.പി.സി.സി ധാരണയാവുകയായിരുന്നു.
ചേലക്കരയിൽ യു.ആർ. പ്രദീപ് എൽ.ഡി.എഫ് സ്ഥാനാർഥിയാകുമെന്നും റിപ്പോർട്ടുകളുണ്ട്. ജില്ല സെക്രട്ടേറിയേറ്റിലും ജില്ല കമ്മിറ്റിയിലും പ്രദീപിന്റെ പേരിനാണ് മുൻതൂക്കം. അതേസമയം, പാലക്കാട് പാർട്ടി നേതൃത്വം വിവിധ പേരുകൾ പരിഗണിക്കുന്നുണ്ട്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബിനുമോളുടെ പേരിനാണ് പ്രഥമ പരിഗണന. ജില്ല കമ്മിറ്റികളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന നേതൃത്വം അന്തിമ തീരുമാനമെടുക്കും.
വയനാട് ലോക്സഭ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പ് നവംബർ 13നാണ് നടക്കുക. പത്രികാ സമർപ്പണം വെള്ളിയാഴ്ച ആരംഭിക്കും. നവംബർ 23നാണ് വോട്ടെണ്ണൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.