പാലക്കാട് സരിൻ തന്നെ, ചേലക്കരയിൽ യുആർ പ്രദീപ്: ഔദ്യോഗിക പ്രഖ്യാപനവുമായി സി.പി.എം
text_fieldsതിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാലക്കാട്ട് കോൺഗ്രസ് വിട്ടുവന്ന പി. സരിനും ചേലക്കരയിൽ മുൻ എം.എൽ.എ യു.ആർ. പ്രദീപുമാണ് സ്ഥാനാർഥികൾ. പാലക്കാട് കോൺഗ്രസ് - ബി.ജെ.പി ഡീലുണ്ടെന്ന ആരോപണം എം.വി. ഗോവിന്ദൻ ആവർത്തിച്ചു. വടകരയിൽ ഷാഫി പറമ്പിൽ മത്സരിച്ച് ജയിച്ചതും കെ. മുരളീധരൻ തൃശൂരിൽ മൂന്നാമതായതും ഇതിന്റെ ഭാഗമാണെന്നും ഗോവിന്ദൻ പറഞ്ഞു.
“പാലക്കാട് കോൺഗ്രസ് - ബി.ജെ.പി ഡീലുണ്ടെന്ന് മുമ്പുതന്നെ ഞങ്ങൾ പറഞ്ഞിരുന്നു. അതിന്റെ ഭാഗമായാണ് ഷാഫി വടകരയിൽ മത്സരിച്ചത്. അത്തരം ഡീലിലൂടെയാണ് നേമത്ത് ഒരു തവണ ബി.ജെ.പി സ്ഥാനാർഥി ജയിച്ചത്. കോൺഗ്രസിന്റെ സംഭാവനയായിരുന്നു നിയമസഭയിലെ ആദ്യ ബി.ജെ.പി എം.എൽ.എ. തൃശൂർ പാർലമെന്റ് മണ്ഡലത്തിലും അതാണ് സംഭവിച്ചത്. കോൺഗ്രസിൽ ആഭ്യന്തര പ്രശ്നമുണ്ടായ വിഷയവുമാണത്. പാലക്കാട്ട് ഇന്നത്തെ പരിതസ്ഥിതിയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്വതന്ത്ര സ്ഥാനാർഥിയായി ഡോ. പി. സരിൻ മത്സരിക്കണമെന്നാണ് തീരുമാനം.
ചേലക്കരയിൽ കെ. രാധാകൃഷ്ണൻ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മുൻ എം.എൽ.എ കൂടിയായ യു.ആർ. പ്രദീപ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥിയാകണമെന്നാണ് പാർട്ടി തീരുമാനം. കേന്ദ്രകമ്മിറ്റിയുടെ കൂടി അംഗീകാരത്തോടെയാണ് സ്ഥാനാർഥി നിർണയം. രണ്ടിടത്തും പാർട്ടിക്ക് ജയിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. യു.ഡി.എഫിൽ വലിയ ആഭ്യന്തര കലഹമാണ്. പാർട്ടി തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടും” - എം.വി. ഗോവിന്ദൻ പറഞ്ഞു.
അതേസമയം പാലക്കാട് സരിനെ സ്ഥാനാർഥിയാക്കിയത് സി.പി.എമ്മിന്റെ രാഷ്ട്രീയ ഗതികേടാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ പറഞ്ഞു. അധികാരമോഹിയും അവസരവാദിയുമായ ഒരാളെ സ്ഥാനാർഥിയാക്കിയ നടപടി പാലക്കാട് ബി.ജെ.പിയുടെ ശക്തി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമാണോ എന്ന് സംശയമുണ്ട്. സരിൻ വന്നതോടെ സി.പി.എം ആദ്യ റൗണ്ടില്‍ തന്നെ തോറ്റിരിക്കുകയാണ്. സി.പി.എമ്മിന്‍റേത് അടവ് നയമല്ല, അടിയറവാണ്. ദുര്‍ബലനായ ഒരാളെ സ്ഥാനാർഥിയാക്കിയതുവഴി മത്സരം യു.ഡി.എഫും ബി.ജെ.പിയും തമ്മിലായി.
സിപിഎമ്മില്‍ ആണ്‍കുട്ടികള്‍ ഇല്ലാത്തതുകൊണ്ടാണോ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയയാളെ സ്ഥാനാർഥിയാക്കുന്നതെന്ന് നേതൃത്വം വ്യക്തമാക്കണം. സി.പി.എമ്മില്‍ അവസരം കുറഞ്ഞാല്‍ സരിന്‍ അവിടെ ഉണ്ടാകുമോയെന്ന് കാത്തിരുന്ന് കാണാം. കോണ്‍ഗ്രസില്‍ ഒരു കോക്കസുമില്ല. പിണറായി വിജയനും പി. ശശിയും എ.ഡി.ജി.പി അജിത്കുമാറും അടങ്ങുന്ന കോക്കസാണ് സി.പി.എമ്മിനെ നയിക്കുന്നതെന്ന് ഇത്രയും നാള്‍ പറഞ്ഞിരുന്ന സരിന്‍ ഇപ്പോള്‍ സി.പി.എമ്മിനെ സുഖിപ്പിക്കാനാണ് കോക്കസ് ആരോപണം കോണ്‍ഗ്രസിനെതിരെ തിരിക്കുന്നതെന്നും ഹസന്‍ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.