ആദിവാസി ഭൂമി കൈയേറുന്നവർക്ക് താക്കീതായി പാലക്കാട് കലക്ടറുടെ ഉത്തരവ്
text_fieldsകോഴിക്കോട്: അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറുന്നവർക്ക് താക്കീതാണ് പാലക്കാട് കലക്ടർ മൃൺ മയി ജോഷിയുടെ ഉത്തരവെന്ന് ആദിവാസികൾ. 'മാധ്യമം വാരിക'യിലാണ് 10 ഏക്കർ ആദിവാസി ഭൂമി അന്യാധീനപ്പെട്ട ടി.എൽ.എ കേസിലെ ഉത്തരവും കേസ് സംബന്ധിച്ച് വിശദാംശങ്ങളും പ്രസിദ്ധീകരിച്ചത്. അട്ടപ്പാടിയിലെ ആദിവാസികൾക്ക് അനുകൂലമായ ഉത്തരവുകളൊന്നും സാധാരണ അവർ അറിയാറില്ല.
ഭൂതിവഴി ഊരിലെ രണ്ട് പെൺകുട്ടികളും രണ്ട് സ്ത്രീകളും മാത്രമുള്ള ആദിവാസി കുടുംബത്തിന് അഞ്ച് ഏക്കറിലധികം വരുന്ന ഭൂമി തിരിച്ചു പിടിച്ചു നൽകണമെന്നാണ് 2022 ജനുവരിയിൽ കലക്ടർ ഉത്തരവിട്ടത്. അട്ടപ്പാടിയിൽ ആധാരങ്ങൾ നടത്തുമ്പോൾ ആദിവാസി ഭൂമിയാണോ എന്ന് ഉറപ്പു വരുത്തേണ്ടത് ഓരോ പൗരന്റzയും ഉത്തരവാദിത്തമാണെന്നും ടി.എൽ.എ കേസ് നിലവിലുള്ള ഭൂമിക്ക് കേസുള്ള കാര്യം ആധാരം നടത്തിയപ്പോൾ അറിഞ്ഞില്ലെന്ന വാദം അംഗീകരിക്കാനാവില്ലെന്നും കലക്ടറുടെ ഉത്തരവിൽ വ്യക്തമാക്കി. ആ പരാമർശം അട്ടപ്പാടിയിലെ പല ടി.എൽ.എ കേസുകൾക്കും ബാധകമാകുമെന്ന് വട്ടലക്കി ഊരിലെ ടി.ആർ ചന്ദ്രൻ 'മാധ്യമം ഓൺലൈനോ'ട് പറഞ്ഞു.
വർഷങ്ങളായി നടക്കുന്ന ടി.എൽ.എ കേസിൽ പിതാവിന്റെ മരണാനന്തരം കേസിൽ പരാതിയില്ലെന്ന് പുതിയ അവകാശികളായ രണ്ട് പെൺകുട്ടികൾ ബാഹ്യശക്തികളുടെ ഇടപെടൽ മൂലമാണെന്നും കലക്ടർ ഉത്തരവിൽ അടിവരയിട്ട് രേഖപ്പെടുത്തി. അട്ടപ്പാടിയിലെ ആദിവാസികൾക്ക് ജനാധിപത്യത്തിന്റെ അടഞ്ഞവാതിൽ തുറക്കുന്ന ഉത്തരവാണിതെന്നും ചന്ദ്രൻ പറഞ്ഞു. ഭൂമിയെ കുറിച്ചുള്ള ജാഗ്രത നഷ്ടപ്പെട്ട ആദിവാസി സമൂഹത്തോട് ജാഗ്രത പുലർത്തണമെന്നാണ് ഈ ഉത്തരവ് ആദിവാസികളോട് പറയുന്നത്.
ആദിവാസികൾ വലിയ തിരിച്ചടികൾ നേരിടുമ്പോഴാണ് കലക്ടറുടെ ഉത്തരവ് വരുന്നത്. അതിൽ അന്യാധീനപ്പെട്ട ഭൂമിയെ സംബന്ധിച്ച് ശക്തമായ നിരീക്ഷണം ഉണ്ട്. ആദിവാസി പെൺകുട്ടികൾക്ക് അവർക്കു മുന്നിൽ നീതിയുടെ എല്ലാ വാതിലുകളും അടഞ്ഞപ്പോഴാണ് ഉത്തരവുണ്ടായത്. നിസഹായരായ അവർ നിലവിളിക്കാൻ പോലും കഴിയാത്ത വിധം ഭയത്തിന്റെ നിഴലിലാണ്.
ജീവനിൽ കൊതിയുണ്ടെങ്കിൽ അന്യാധീനപ്പെട്ട ഭൂമിയെക്കുറിച്ച് ശബ്ദിക്കരുതെന്നാണ് ആദിവാസികൾക്ക് കൈയേറ്റക്കാർ താക്കീത് നൽകുന്നത്. സമ്മർദങ്ങൾക്കും ഇടപെടലുകൾക്കും വഴങ്ങാതെ നിലവിലുള്ള നിയമത്തിന്റെ പരിരക്ഷ ഉറപ്പുവരുത്തുകയാണ് കലക്ടർ ചെയ്തത്. എന്നാൽ, ഉത്തരവ് നടപ്പാക്കാൻ കൂടി കലക്ടർ ഇടപെടണമെന്ന് ആദിവാസികൾ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.