‘പാലക്കാട് മത്സരം യു.ഡി.എഫും ബി.ജെ.പിയും തമ്മിൽ’; നിരവധി സി.പി.എമ്മുകാർ യു.ഡി.എഫിന് വോട്ട് ചെയ്യുമെന്നും വി.ഡി. സതീശൻ
text_fieldsപാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് മത്സരം യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണെന്നും നിരവധി സി.പി.എമ്മുകാർ യു.ഡി.എഫിന് വോട്ട് ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഹുൽ മാങ്കൂട്ടത്തിൽ പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും. എം.ബി. രാജേഷും അളിയനും ചേർന്നുള്ള മൂന്നാമത്തെ നാടകമാണ് സ്പിരിറ്റ് ആരോപണമെന്നും ഇതിന് രാഷ്ട്രീയ പിന്തുണ നൽകുന്ന പാർട്ടിയാണ് സി.പി.എമ്മെന്നും സതീശൻ പറഞ്ഞു.
“ഫൈനൽ റൗണ്ടിൽ യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് പാലക്കാട്ട് മത്സരം നടക്കുന്നത്. വോട്ടിങ് പാറ്റേൺ ശ്രദ്ധിച്ചാൽ അത് മനസ്സിലാകും. രണ്ടാം സ്ഥാനത്തേക്ക് വരാനുള്ള എന്തെങ്കിലും സാധ്യത സി.പി.എം സ്ഥാനാർഥി പ്രഖ്യാപനത്തോടെ ഇല്ലാതാക്കി. രാഹുൽ മാങ്കൂട്ടത്തിൽ പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും. താഴെത്തട്ടിലുള്ള അസസ്മെന്റിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നത്. പുതിയ നാടകങ്ങളുമായി സി.പി.എം വന്നാൽ ഭൂരിപക്ഷം വീണ്ടും ഉയരും. ഇത്തരം നാടകങ്ങളിൽ മനംമടുത്ത് സി.പി.എമ്മിലുള്ള നല്ല കമ്യൂണിസ്റ്റുകൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനാണ് വോട്ട് ചെയ്തത്. മലബാറിൽ ഉൾപ്പെടെ കണ്ടതാണത്. പാലക്കാടും അതുതന്നെ സംഭവിക്കും.
ആദ്യം റെയ്ഡ് നാടകം. പിന്നെ ട്രോളി നാടകം. ഇതിന് ശേഷം മൂന്നാമതായി എം.ബി. രാജേഷും അളിയനും ചേർന്നുള്ള മൂന്നാമത്തെ നാടകമാണ് സ്പിരിറ്റ്. സ്പിരിറ്റ് സി.പി.എം ലോക്കൽ കമ്മിറ്രി അംഗങ്ങളുടേതാണ്. ഏത് നാടകം കൊണ്ടുവന്നാലും അവസാനം സി.പി.എമ്മിൽ തന്നെ അവസാനിക്കും. സ്പിരിറ്റ് കടത്താനും മയക്കു മരുന്ന് വ്യാപാരത്തിനും രാഷ്ട്രീയ പിന്തുണ നൽകുന്ന പാർട്ടിയാണ് സി.പി.എം. മന്ത്രി രാജേഷിന്റെ അനുമതിയില്ലാതെ പാലക്കാട് ചിറ്റൂരിൽ ഒരു ലിറ്റർ സ്പിരിറ്റ് എവിടെയും പോകില്ല” -വി.ഡി. സതീശൻ പറഞ്ഞു.
ചേലക്കരയിൽ അയ്യായിരത്തോളം വോട്ടിന് യു.ഡി.എഫ് ജയിക്കുമെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് പരാജയഭീതിയാണ്. സർക്കാറിനോട് ജനങ്ങൾക്ക് വിരോധം മാറി വെറുപ്പായി. പിണറായി വിജയന് തുടക്കത്തിലേ അറിയാം തോൽക്കുമെന്ന്. അതാണ് പേരിനു വന്നു പ്രചരണം നടത്തിയത്. കാപട്യങ്ങളുടെ പാർട്ടിയാണ് സി.പി.എമ്മെന്നും സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.