പി.ടി സെവന് വേണ്ടിയുള്ളത് യൂക്കാലി മരക്കൂട്; 15 അടി നീളവും വീതിയും 18 അടി ഉയരവും
text_fieldsപാലക്കാട്: വിനോദസഞ്ചാര കേന്ദ്രമായ ധോണിയില്‍ കാട്ടുകൊമ്പൻ പിടി സെവന് ഒരുങ്ങിയത് യൂക്കാലി മരക്കൂട്. പതിനഞ്ച് അടി നീളത്തിലും വീതിയിലും 18 അടി ഉയരത്തിലുമാണ് ധോണിയിലെ കൂട്. 140ഓളം യൂക്കാലി മരങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. നിർമാണം പൂർത്തിയാക്കിയ കൂടിന് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
ആറടി ആഴത്തില്‍ കുഴിയെടുത്ത് അതില്‍ നാലടി വണ്ണമുള്ള നാല് യൂക്കാലി മരത്തടികളിട്ട് മണ്ണിട്ട്, വെള്ളമൊഴുച്ച് ഉറപ്പിക്കും. ഇത്തരത്തില്‍ 15 അടി സമചതുരാകൃതിയില്‍ ഉറപ്പിച്ചിരിക്കുന്ന മരത്തടികള്‍ക്കിടയില്‍ മറ്റ് തടികള്‍ ഇഴ ചേര്‍ത്ത് കിടത്തി വച്ച് കൂടൊരുക്കിയത്.
പരമ്പരാഗതമായി കേരളത്തില്‍ ആനക്കൂടിന് കമ്പകം എന്ന മരമാണ് ഉപയോഗിക്കുന്നത്. എന്നാൽ, യൂക്കാലി തടിയാണെങ്കില്‍ ആനക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത വളരെ കുറയും. ഉറപ്പുള്ള തടിയായതിനാല്‍ ആനക്ക് കൂട് പൊളിക്കുക എന്നത് അസാധ്യവുമാണ്.
മുത്തങ്ങയില്‍ പന്ത്രണ്ട് അടി നീളത്തിലും വീതിയിലുമുള്ള കൂടാണ് പിടി സെവന് വേണ്ടി ഒരുക്കിയിരുന്നത്. ആഴ്ചകള്‍ നീണ്ടതായിരുന്നു നിർമാണം. മുത്തങ്ങയില്‍ നിന്നും എത്തിച്ച കുങ്കി ആനകളായ വടക്കനാട് കൊമ്പനെയും കല്ലൂര്‍ കൊമ്പനെയും ഉപയോഗിച്ച് കൂടിന്‍റെ ബല പരിശോധനയും കഴിഞ്ഞു.
വയനാട്ടിലും പത്തനംതിട്ടയിലും മറ്റും നേരത്തെ തന്നെ ആനയെ മെരുക്കാന്‍ കൂടുകളുണ്ടായിരുന്നെങ്കില്‍ പാലക്കാട് അങ്ങനൊന്ന് ഇല്ലായിരുന്നു. ഇതിനാല്‍ തന്നെ പിടികൂടുന്ന പിടി സെവനെ മെരുക്കാനായി മുത്തങ്ങയിലെത്തിക്കാനായിരുന്നു ആദ്യ തീരുമാനം. ഇതിനായി നാല് ലക്ഷം ചെലവാക്കി കൂടൊരുക്കി.
എന്നാല്‍, ആനയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് ഈ തീരുമാനം പിന്നീട് പിന്‍വലിച്ചു. തുടര്‍ന്ന് പാലക്കാട് തന്നെ കൂടൊരുക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.