ഗോവിന്ദാപുരം: രണ്ട് ദിവസത്തിനകം സമാധാന യോഗം വിളിക്കണം –ദേശീയ പട്ടികജാതി കമീഷൻ
text_fieldsപാലക്കാട്: ഗോവിന്ദാപുരം അംബേദ്കർ കോളനിയിൽ രണ്ട് ദിവസത്തിനകം സമാധാനയോഗം വിളിച്ചുചേർക്കാൻ ദേശീയ പട്ടികജാതി കമീഷൻ വൈസ് ചെയർമാൻ എൽ. മുരുകൻ പാലക്കാട് കലക്ടർക്ക് നിർദേശം നൽകി. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ, സാമുദായിക നേതാക്കൾ എന്നിവരെ ഉൾപ്പെടുത്തിയാണ് സമാധാന ചർച്ച നടത്തേണ്ടത്.
15 ദിവസത്തിനകം കോളനിയിലെ പ്രശ്ന പരിഹാരത്തിന് സർക്കാർ നടത്തിയ പ്രവർത്തനങ്ങളുടെ വിശദമായ റിപ്പോർട്ടും കമീഷൻ ആവശ്യപ്പെട്ടു. അംബേദ്കർ കോളനി സന്ദർശിച്ച ശേഷം പാലക്കാട് കലക്ടറേറ്റ് ഹാളിൽ ചേർന്ന യോഗത്തിലാണ് വൈസ് ചെയർമാൻ ഇക്കാര്യങ്ങൾ കലക്ടറോട് നിർദേശിച്ചത്. വിഷയത്തിൽ സംസ്ഥാന സർക്കാറിനെയും ജില്ല ഭരണകൂടത്തെയും വൈസ് ചെയർമാൻ വിമർശിച്ചു. കോളനിയിൽ സാമൂഹിക അസമത്വവും അയിത്താചരണവും നിലനിൽക്കുന്നു. ദലിത് വിഭാഗം അടിച്ചമർത്തപ്പെടുന്നു. ദലിത് വിഭാഗങ്ങൾക്ക് സുരക്ഷ നൽകണം. വിദ്യാർഥികൾക്ക് ഭയമില്ലാതെ സ്കൂളിൽ പോകാൻ സൗകര്യമൊരുക്കണം. ദലിതുകൾക്കെതിരെ നടക്കുന്ന അക്രമങ്ങളിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണം.
സംസ്ഥാന സർക്കാർ പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമത്തിന് ഒന്നും ചെയ്യുന്നില്ല. ജില്ല ഭരണകൂടം കോളനിയിലെ വികസന മുരടിപ്പിനെതിരെ ഒരു നടപടിയും എടുത്തിട്ടില്ല. ശൗചാലയം നിർമിക്കാൻ ഫണ്ട് വകയിരുത്തിയതും കേരളം ഉപയോഗപ്പെടുത്തിയിട്ടില്ല. കക്കൂസ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ കോളനിയിലെ പല ദലിത് കുടുംബങ്ങൾക്കും ലഭ്യമല്ലെന്നും വൈസ് ചെയർമാൻ നിരീക്ഷിച്ചു. കലക്ടർ പി. മേരിക്കുട്ടി, ജില്ല പൊലീസ് മേധാവി പ്രതീഷ് കുമാർ, അസി. കലക്ടർ അഫ്സാന പർവീൻ, എ.ഡി.എം എസ്. വിജയൻ, ആലത്തൂർ ഡിവൈ.എസ്.പി മുഹമ്മദ് കാസിം, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.