ചൂട് കൂടി; നെല്ലറ തിളക്കുന്നു
text_fieldsകോട്ടായി: രണ്ടാംവിള കൊയ് ത്ത് കഴിഞ്ഞപ്പോൾ നെല്ലറ തിളക്കുന്നു. ചൂട് അസഹ്യമായി ഉയരുന്നതിനാൽ ജലസംഭരണികൾ ക്രമാതീതമായി വറ്റുന്നതിൽ ജനം ആശങ്കയിലാണ്. കൊയ്തു കഴിഞ്ഞതോടെ വയലുകൾ വരണ്ടുണങ്ങി വിണ്ടുകീറി. വയലുകൾ വരണ്ടുണങ്ങിയതോടെ പരിസരങ്ങളിലെ കുളങ്ങളും തോടുകളും വറ്റിവരണ്ടത് കിണറുകളിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നതിന് കാരണമായി. ഇത പരക്കെ ആശങ്ക പടർത്തി. രാവിലെ 11ന് ശേഷം വൈകീട്ട് അഞ്ചുവരെ തിളക്കുന്ന ചൂടാണ്.
മുൻ വർഷങ്ങളിൽ കുംഭമാസത്തിൽ രണ്ടോ മൂന്നോ തവണ വേനൽമഴ ലഭിക്കാറുള്ളത് ഇത്തവണ ലഭിക്കാത്തതാണ് ചൂട് അസഹ്യമാവാൻ കാരണമെന്ന് പഴമക്കാർ പറയുന്നു. ഇനിയും മഴ ലഭിക്കാതായാൽ കുടിവെള്ളം വരെ മുട്ടുമെന്ന അവസ്ഥയിലാണ് കാര്യങ്ങൾ.
സംസ്ഥാനത്തെ ഉയർന്ന ചൂട് ജില്ലയിൽ
പാലക്കാട്: വീണ്ടും സംസ്ഥാനത്തെ ഉയർന്ന ചൂടുമായി പാലക്കാട് ജില്ല. തിങ്കളാഴ്ച മുണ്ടൂരിൽ 39.9 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. പാലക്കാട് 38.3 ഡിഗ്രി സെൽഷ്യസും മലമ്പുഴയിൽ 38.2, കൊല്ലങ്കോട് 35, ഒറ്റപ്പാലത്ത് 35.8 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. വേനലിന്റെ തുടക്കത്തിൽ തന്നെ പാലക്കാടിന് ചുട്ടുപൊള്ളുകയാണ്.
ഓരോദിവസവും പുതിയ റെക്കോർഡിലേക്ക് താപമാപിനികൾ വിരൽ ചൂണ്ടുകയാണ്. കഴിഞ്ഞ 12 വർഷത്തിനിടയിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടതും പാലക്കാട് തന്നെയാണ്. അതിൽത്തന്നെ 2013ല് 40.4 ഡിഗ്രിയും 2016ൽ 41.9 ഡിഗ്രിയും 2019ൽ 41.1 ഡിഗ്രിയും ആണ് ഇവിടെ രേഖപ്പെടുത്തിയ ഉയർന്ന ചൂട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.