പാലക്കാട് കൊലപാതകം: സമൂഹമാധ്യമങ്ങൾ പൊലീസ് നിരീക്ഷണത്തിൽ
text_fieldsതിരുവനന്തപുരം: പാലക്കാട്ടെ അനിഷ്ട സംഭവങ്ങളെതുടർന്ന് സമൂഹമാധ്യമങ്ങൾ പൊലീസ് നിരീക്ഷണത്തിൽ. സമൂഹമാധ്യമങ്ങളിലൂടെ മതസ്പർധ വളർത്തുന്നതരത്തിൽ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി അനിൽകാന്ത് അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുകയോ അക്രമസംഭവങ്ങൾക്ക് ആഹ്വാനം ചെയ്യുകയോ ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കും. എല്ലാത്തരം സമൂഹമാധ്യമങ്ങളിലും 24 മണിക്കൂറും സൈബർ പേട്രാളിങ് നടത്താൻ സൈബർഡോം, ഹൈടെക് ക്രൈം എൻക്വയറി സെൽ, സൈബർ പൊലീസ് സ്റ്റേഷൻ എന്നിവക്ക് നിർദേശം നൽകിയിട്ടുണ്ട്.
പൊലീസ് നോക്കുകുത്തിയായി - വി.ഡി. സതീശൻ
വർക്കല: അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും മുന്നില്‍ പൊലീസ് നോക്കുകുത്തിയായി നില്‍ക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഗുണ്ടാ കൊറിഡോറായി മാറി. വര്‍ഗീയശക്തികളായ എസ്.ഡി.പി.ഐയും ആര്‍.എസ്.എസും അഴിഞ്ഞാടുന്നു.
ശിവഗിരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോഷ്യല്‍ എൻജിനീയറിങ് എന്ന ഓമനപ്പേരിട്ട് മുഖ്യമന്ത്രി നടത്തുന്ന വര്‍ഗീയപ്രീണനത്തിന്റെ പരിണതഫലമാണ് കൊലപാതകങ്ങളെല്ലാം. ആരെയും എതിര്‍ക്കാനുള്ള ശക്തി സര്‍ക്കാറിനില്ല. ഭയന്നാണ് കേരളം ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമാധാനം റപ്പുവരുത്തണം -മുസ്ലിം ലീഗ്
മലപ്പുറം: കേരളത്തെ കൊലക്കളമാക്കുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും സമാധാനം ഉറപ്പുവരുത്താനും ജാഗ്രത പുലർത്തണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പാലക്കാട്ട് നടന്ന കൊലപാതകങ്ങൾ ദൗർഭാഗ്യകരമാണ്. കൊലപാതകങ്ങളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന ചില സംഘടനകളുടെ ധാരണ ശരിയല്ല. സംസ്ഥനത്ത് സമാധാനം ഉറപ്പുവരുത്തുന്നതിൽ സർക്കാറും ഭരണസംവിധാനങ്ങളും ജാഗ്രത പുലർത്തണം.
അതിവൈകാരികമായി പ്രതികരിച്ചതുകൊണ്ട് സമൂഹത്തിന് ഒരുനേട്ടവും ഉണ്ടാകില്ല. ആയുധമെടുത്തുകൊണ്ടല്ല, ആശയങ്ങളിലൂടെയാണ് സംവാദങ്ങൾ നടക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍കൊലപാതകങ്ങളുടെ ലക്ഷ്യം വർഗീയ കലാപം -ഡി.വൈ.എഫ്.ഐ
തിരുവനന്തപുരം: പാലക്കാട് ആർ.എസ്.എസ്-എസ്.ഡി.പി.ഐ സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന കൊലപാതക പരമ്പര വർഗീയ കലാപം സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ക്രമസമാധാനനില തകർക്കാനും അതിലൂടെ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനുമുള്ള പദ്ധതി ജനം തിരിച്ചറിയണം. ഇതിനെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കുകയാണ് വേണ്ടത്. വർഗീയ സംഘടനകളുടെ ധ്രുവീകരണ ശ്രമം മതനിരപേക്ഷ കേരളം തള്ളിക്കളയണമെന്നും നാടിന്റെ സമാധാനത്തിനായി എല്ലാ വിഭാഗം ജനങ്ങളും മുന്നിട്ടിറങ്ങണമെന്നും ഡി.വൈ.എഫ്.ഐ അഭ്യർഥിച്ചു.
കൊലപാതകങ്ങള്‍ അപലപനീയം –ജമാഅത്തെ ഇസ്ലാമി
കോഴിക്കോട്: പാലക്കാട്ട് 24 മണിക്കൂറിനകം നടന്ന ഇരുകൊലപാതകങ്ങളും ജനങ്ങളുടെ സ്വൈര ജീവിതം തകര്‍ക്കുന്നതും അങ്ങേയറ്റം അപലപനീയവുമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്.
രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ അക്രമം നടത്തുന്നതും മനുഷ്യരുടെ ജീവനെടുക്കുന്നതും അംഗീകരിക്കാനാവില്ല. സ്വതന്ത്രവും വേഗത്തിലുമുള്ള അന്വേഷണത്തിലൂടെ കുറ്റകൃത്യം നടത്തിയവരെ ഉടനെ പിടി കൂടുകയും നിയമത്തിനുമുന്നില്‍ കൊണ്ടുവരേണ്ടതുമുണ്ട്. രാഷ്ട്രീയ താല്‍പര്യങ്ങള്‍ പൊലീസിനെ സ്വാധീനിക്കാനിടവരരുത്. രാജ്യത്തെ ഫാഷിസ്റ്റ് ശക്തികള്‍ തുടരുന്ന മനുഷ്യവിരുദ്ധവും രാജ്യദ്രോഹപരവുമായ സമീപനങ്ങളെ മാനവികവും ജനാധിപത്യപരവുമായ മുന്നേറ്റങ്ങളിലൂടെയും നിയമവാഴ്ച ഉറപ്പുവരുത്തിയും മാത്രമേ പ്രതിരോധിക്കാനാവൂ. അത്തരം ബഹുജനമുന്നേറ്റം രാജ്യത്ത് ഉയര്‍ന്നുവരേണ്ടതുണ്ട്.രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതികളായവര്‍ക്ക് ലഭിക്കുന്ന രാഷ്ട്രീയ പിന്തുണയും മാന്യതയും ഇത്തരം സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിന് കാരണമാണ്.
രാഷ്ട്രീയ പകപോക്കലുകള്‍ക്ക് സാധ്യതയുള്ള പ്രദേശങ്ങളില്‍ പൊലീസിെൻറ ഭാഗത്തുനിന്നുണ്ടാകുന്ന ജാഗ്രതക്കുറവും സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിന് കാരണമാണെന്നും അബ്ദുല്‍ അസീസ് പ്രസ്താവനയിൽ പറഞ്ഞു.
പ്രതികള്‍ക്ക് രാഷ്ട്രീയ അഭയം നല്‍കരുത്
കോഴിക്കോട്: കേരളത്തില്‍ ആവര്‍ത്തിക്കപ്പെടുന്ന പക പോക്കല്‍ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.എന്‍. അബ്ദുല്‍ ലത്തീഫ് മദനി, ജന. സെക്രട്ടറി ടി.കെ. അഷ്‌റഫ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കാളികളാകുന്നവര്‍ക്ക് രാഷ്ട്രീയ അഭയം നല്‍കുന്നത് അവസാനിപ്പിക്കണം. ആശയപരമായ പോരാട്ടം നടത്തുന്നതിനുപകരം ആക്രമണങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും രാഷ്ട്രീയ പ്രവര്‍ത്തനം വഴിമാറുന്നത് ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു.
ആർ.എസ്.എസ് ഭീകരതയില്‍ പ്രതിഷേധിക്കണം -പോപുലര്‍ ഫ്രണ്ട്
കോഴിക്കോട്: പാലക്കാട് എലപ്പുള്ളിയില്‍ പോപുലര്‍ ഫ്രണ്ട് ഏരിയ പ്രസിഡന്‍റ് സുബൈറിനെ ആർ.എസ്.എസ് വെട്ടിക്കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്‍റ് സി.പി. മുഹമ്മദ് ബഷീര്‍.
കൃത്യമായ ഗൂഢാലോചനയിലൂടെ ആസൂത്രിതമായാണ് ആർ.എസ്.എസ് കൊലപാതകം നടത്തിയത്. സംഭവത്തിന്റെ പിന്നിലുള്ള ഉന്നതതല ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
സർക്കാറും പൊലീസും തീവ്രവാദികൾക്ക് ആളെ കൊല്ലാൻ സൗകര്യം ചെയ്യുന്നു -കെ.സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാറും പൊലീസും തീവ്രവാദികൾക്ക് ആളുകളെ കൊല്ലാനുള്ള സൗകര്യം ചെയ്തുകൊടുക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പൊലീസിന്‍റെ ഗുരുതരമായ വീഴ്ചയാണ് പാലക്കാടും ആലപ്പുഴയിലേതിന് സമാനമായ സംഭവം ആവർത്തിക്കാൻ കാരണമായതെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.