പാലക്കാട്ടെ കൊലപാതകങ്ങൾ: ഗൂഢാലോചന കണ്ടെത്തും -എ.ഡി.ജി.പി
text_fieldsപാലക്കാട്: എസ്.ഡി.പി.ഐ, ആർ.എസ്.എസ് പ്രവർത്തകരുടെ കൊലപാതകങ്ങൾക്ക് പിന്നിലെ ഗൂഢാലോചന കണ്ടെത്തുമെന്ന് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാഖറെ. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് കൊലകളും വളരെ ആസൂത്രിതമായിരുന്നു. രണ്ടിന് പിന്നിലും വ്യക്തമായ ആസൂത്രണമുണ്ട്. നേരിട്ട് പങ്കെടുത്തവരെ മാത്രമല്ല, അണിയറയിൽ പ്രവർത്തിച്ചവരെയും നിയമത്തിന് മുന്നിൽകൊണ്ടുവരും. ആരാണ് ഗൂഢാലോചന നടത്തിയത്, എന്താണ് ഉദ്ദേശ്യം എന്നിവ കണ്ടുപിടിക്കും. പൊലീസ് വീഴ്ചയുണ്ടായി എന്ന് പറയാൻ പറ്റില്ല. അതി രഹസ്യമായി നടത്തുന്ന ഓപറേഷനുകളാണിത്. ഇവ മുൻകൂട്ടി അറിഞ്ഞാൽ മാത്രമേ തടയാൻ കഴിയൂ.
സുബൈർ കൊലക്കേസിലെ പ്രതികളെക്കുറിച്ച് വ്യക്തമായ ചിത്രം കിട്ടിയിട്ടുണ്ട്. ശ്രീനിവാസൻ കൊലക്കേസിൽ, സി.സി.ടി.വി ദൃശ്യങ്ങൾവെച്ച് സംശയമുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ചില നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രതികളെ കണ്ടുപിടിക്കാൻ നാല് അന്വേഷണ സംഘങ്ങൾ രൂപവത്കരിച്ചിട്ടുണ്ട്. രണ്ട് കേസുകളിലും സംശയകരമായ ആളുകളെ പിടികൂടി ചോദ്യം ചെയ്തുവരുകയാണ്. മറ്റുള്ള ചിലരെ പിടികൂടാനുള്ള ശ്രമത്തിലുമാണ്. ക്രമസമാധാനം ഉറപ്പുവരുത്താൻ വ്യക്തമായ രൂപരേഖ ഉണ്ടാക്കിയതായും സേനാവിന്യാസം പൂർത്തിയാക്കിയതായും എ.ഡി.ജി.പി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.