പാലക്കാട്ടെ കൊലപാതകങ്ങൾ; ആർ.എസ്.എസ്, പോപുലർ ഫ്രണ്ട് ഭാരവാഹികൾ പിടിയിൽ
text_fieldsപാലക്കാട്: പോപുലർ ഫ്രണ്ട് നേതാവ് സുബൈർ വധക്കേസിൽ മൂന്നുപേർ കൂടി അറസ്റ്റിലായി. കൊലപാതക ഗൂഢാലോചനയിൽ പങ്കെടുത്ത ആർ.എസ്.എസ് ജില്ല സഹകാര്യവാഹക് കൊട്ടേക്കാട് സ്വദേശി എസ്. സുചിത്രൻ (32), ജില്ല കാര്യദർശി പള്ളത്തേരി ജി. ഗിരീഷ് (41), മണ്ഡല കാര്യവാഹക് പി.കെ ചള്ളയിൽ ആർ. ജിനീഷ് എന്ന കണ്ണൻ (24) എന്നിവരാണ് അറസ്റ്റിലായത്. ഗൂഢാലോചന, സഹായം, കുറ്റകൃത്യം ഒളിപ്പിക്കൽ എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയ കുറ്റങ്ങൾ. ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത് മരിച്ച് 11 ദിവസത്തിനകം സുബൈറിനെ കൊലപ്പെടുത്താൻ ആസൂത്രണം നടന്നതായി പൊലീസ് പറയുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.
ആർ.എസ്.എസ് പ്രവര്‍ത്തകന്‍ എലപ്പുള്ളി സ്വദേശി സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് തിരഞ്ഞിരുന്ന ആലത്തൂര്‍ പള്ളിപ്പറമ്പ് സ്വദേശി ബാവ എന്ന ബാവ മാസ്റ്ററെയും (59) പിടികൂടി. വ്യാഴാഴ്ച ഇയാള്‍ തൃശൂര്‍ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്‍ഡ് പരിസരത്തുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വിശദമായ ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി. കൃത്യം നടത്തുന്ന സമയം ഇയാള്‍ ആലത്തൂര്‍ ഗവ. ജി.എം.എല്‍.പി സ്കൂളിലെ അധ്യാപകനും പോപുലര്‍ ഫ്രണ്ടിന്‍റെ ആലത്തൂര്‍ ഡിവിഷന്‍ പ്രസിഡന്‍റുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവശേഷം ഒളിവില്‍ പോയ ബാവ ഗൂഢാലോചനകളില്‍ പങ്കെടുത്തയാളും ആസൂത്രകനുമാണെന്ന് പൊലീസ് പറഞ്ഞു. സഞ്ജിത്ത് കൊലക്കേസില്‍ ഇനിയും എട്ടോളം പ്രതികളെ പിടികൂടാനുണ്ട്. കൃത്യത്തില്‍ ഉള്‍പ്പെട്ട അഞ്ചുപേരെ ഉള്‍പ്പെടെ 11 പേരെ നേരത്തേ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയവരെ പോലും മുഴുവനായി പിടികൂടാനായിട്ടില്ല. ഇരുകേസുകളിലും കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.