ആ ട്രോളി ബാഗിലെന്ത്? പാതിര പരിശോധനക്കൊടുവിൽ കൈയാങ്കളി; വെറുംകൈയോടെ മടങ്ങി പൊലീസ്
text_fieldsപാലക്കാട്: കോൺഗ്രസ് വനിത നേതാക്കളടക്കം തങ്ങിയ ഹോട്ടൽ മുറികളിൽ അർധരാത്രി പൊലീസ് പരിശോധന നടത്തിയതിനു പിന്നാലെ സ്ഥലത്ത് രാഷ്ട്രീയ സംഘർഷം. കോൺഗ്രസ് കള്ളപ്പണം എത്തിച്ചെന്ന ആരോപണവുമായി പാലക്കാട്ടെ കെ.പി.എം ഹോട്ടലിനു പുറത്ത് ബി.ജെ.പി- സി.പി.എം പ്രവർത്തകർ തടിച്ചുകൂടിയതോടെയാണ് സംഘർഷമുണ്ടായത്.
ചൊവ്വാഴ്ച രാത്രി 11ന് തുടങ്ങിയ സംഘർഷം പുലർച്ച നാലുവരെ നീണ്ടു. ഇതിനിടെ സി.പി.എം, ബി.ജെ.പി, കോൺഗ്രസ് പ്രവർത്തകർ തമ്മിൽ പലതവണ കൈയാങ്കളിയുണ്ടായി. ഹോട്ടലിനും അകത്തും പുറത്തും പ്രവർത്തകർ ഏറ്റുമുട്ടി. മുറികളിൽനിന്ന് കള്ളപ്പണം ലഭിച്ചില്ല. വനിത നേതാക്കളെ അപമാനിച്ചെന്നാരോപിച്ച് പൊലീസിനെതിരെ യു.ഡി.എഫ് വനിത കമീഷന് പരാതി നല്കി. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ പ്രതിയായ ഫെനി നൈനാൻ ട്രോളി ബാഗിൽ കള്ളപ്പണവുമായി ഹോട്ടലിലെത്തിയെന്ന് സി.പി.എം, ജില്ല ഭരണകൂടത്തിന് നൽകിയ പരാതിയെത്തുടർന്നാണ് സംഭവങ്ങൾ തുടങ്ങിയത്.
രാത്രി 11.30 ഓടെ പൊലീസ് ഉദ്യോഗസ്ഥർ പരിശോധനക്കെത്തുകയും ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവർത്തകർ തടിച്ചുകൂടുകയും ചെയ്തു. വൈകാതെ ബി.ജെ.പി പ്രവർത്തകരുമെത്തി. ആദ്യം സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റി അംഗം ടി.വി. രാജേഷിന്റെയും ജില്ല കമ്മിറ്റിയിലെ ക്ഷണിതാവ് എം.വി. നികേഷ് കുമാറിന്റെയും റൂമുകളിൽ പൊലീസെത്തി പരിശോധന നടത്തി. എന്നാൽ, കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാന്റെ മുറിയിലെത്തിയപ്പോൾ വനിത പൊലീസില്ലാതെ മുറികളിൽ കടന്നുകയറാൻ ശ്രമിച്ചെന്നാരോപിച്ച് വാതിൽ തുറന്നില്ല.
വനിത പൊലീസെത്തിയശേഷം പരിശോധന പൂർത്തിയാക്കി ബിന്ദു കൃഷ്ണയുടെ മുറിയിലെത്തി. ഇരു മുറികളിലും ഒന്നും കണ്ടെത്താനായില്ല. ഇതിനിടെ, യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പണവുമായി ഒളിച്ചിരിപ്പുണ്ടെന്നു പറഞ്ഞ് ഒരു വിഭാഗം പ്രവർത്തകർ ബഹളംവെച്ചു. പ്രതിരോധിക്കാൻ എം.പിമാരായ വി.കെ. ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ളവരെത്തിയതോടെ സംഘർഷം മൂർച്ഛിച്ചു. എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാർ ഉൾപ്പെടെ ബി.ജെ.പി പ്രവർത്തകരും ഇടപെട്ടു.
എ.എ. റഹിം, നിതിൻ കണിച്ചേരി, ടി.വി. രാജേഷ് ഉൾപ്പെടെ സി.പി.എം നേതാക്കളും സ്ഥലത്തുണ്ടായിരുന്നു. ഇതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ താൻ കോഴിക്കോട്ടാണെന്നു പറഞ്ഞ് ഫേസ്ബുക്ക് ലൈവിൽ വന്നു. പുലർച്ച നാലുവരെ ഹോട്ടലിനകത്തും പുറത്തും സംഘർഷാവസ്ഥ നിലനിന്നു. രണ്ടേ കാലോടെ എ.ഡി.എം എത്തി.
പരിശോധനയിൽ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് യു.ഡി.എഫ് നേതാക്കൾക്ക് എഴുതിനൽകി. ഇതോടെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ആവശ്യത്തിലായി സി.പി.എം. നീല ട്രോളി ബാഗിൽ വന്നത് കള്ളപ്പണം തന്നെയാണെന്ന് സി.പി.എം ഉറപ്പിച്ചതോടെ വൈകീട്ട് ട്രോളി ബാഗുമായി രാഹുൽ മാങ്കൂട്ടത്തിൽ വാർത്തസമ്മേളനം നടത്തി.
ബാഗിൽ തുണി മാത്രമേയുള്ളൂവെന്ന് രാഹുൽ വ്യക്തമാക്കിയെങ്കിലും പിന്നാലെ ഹോട്ടലിന്റെ സി.സി ടി.വി ദൃശ്യങ്ങൾ സി.പി.എം പുറത്തുവിട്ടു. രാഹുൽ മാങ്കൂട്ടത്തിലിന് കൈമാറാൻ ഹോട്ടലിൽ പണം കൊണ്ടുവന്നത് വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കി യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് അട്ടിമറിച്ച കേസിലെ ഒന്നാംപ്രതി ഫെനി നൈനാനെന്ന് വ്യക്തമാക്കിയായിരുന്നു സി.സി ടി.വി ദൃശ്യങ്ങൾ പുറത്തുവിട്ടത്. എന്നാൽ, ട്രോളിയിൽ പണമാണെന്ന് സ്ഥാപിക്കാനുള്ള തെളിവുകൾ ഇനിയും സി.പി.എമ്മിന് ലഭ്യമായിട്ടില്ല.
രാഷ്ട്രീയ ഗൂഢാലോചന -രാഹുൽ
പാലക്കാട്: പരിശോധന രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. നിയമപരമായും രാഷ്ട്രീയമായും നേരിടും. എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പൊലീസിന് നിർദേശം കൊടുക്കുകയാണ്. ഹോട്ടലിലേക്ക് പോകുമ്പോൾ ട്രോളി ബാഗ് കൊണ്ടുപോകുന്നതിൽ അസ്വാഭാവികത എന്താണ്? ആരാണ് വസ്ത്രങ്ങളുമായി വരാത്തത്.
ആരോപണമുയർന്ന ഫെനി കെ.എസ്.യു സംസ്ഥാന ഭാരവാഹിയാണ്. തെരഞ്ഞെടുപ്പ് ചുമതലയുള്ള ഒരാൾ കൂടെ വരുന്നതിലും ബാഗ് തരുന്നതിലും എന്താണ് പ്രശ്നം? എന്റെ പെട്ടി പൊലീസ് ശാസ്ത്രീയ പരിശോധന നടത്തണം. ഇന്നലത്തെ നാടകത്തിനു പിന്നിൽ ഒരു മാധ്യമപ്രവർത്തകന് പങ്കുള്ളത് അന്വേഷിക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.