പാലക്കാട്ടെ പരിശോധന: വാദങ്ങളിൽ ഇടർച്ച, പെട്ടിയിൽ പെട്ട് സി.പി.എം
text_fieldsതിരുവനന്തപുരം: പാലക്കാട്ടെ കള്ളപ്പണ വിവാദത്തിൽ പിടിച്ചുനിൽക്കാൻ തെളിവുകൾ പുറത്തുവിടുമ്പോഴും പരിശോധന പാളിയതും പിന്നാലെ പാർട്ടിയും സ്ഥാനാർഥിയും രണ്ട് വാദങ്ങൾ നിരത്തിയതും ഇടതുക്യാമ്പിനെ വെട്ടിലാക്കുന്നു.
കള്ളപ്പണമെത്തിച്ചു എന്ന വാദം സ്ഥാപിക്കാൻ ഹോട്ടലിനുള്ളിലെയും പുറത്തെയും ദൃശ്യങ്ങൾ പുറത്തുവിട്ടും പ്രതിരോധിച്ചും പാർട്ടി വിയർക്കുമ്പോഴാണ് പരിശോധന നാടകങ്ങൾക്ക് പിന്നിൽ കോൺഗ്രസിന്റെ മാസ്റ്റർപ്ലാനാണെന്ന പി. സരിന്റെ വെളിപ്പെടുത്തൽ. സാധാരണ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ സ്ഥാനാർഥിയെ ബാധിക്കുന്ന വിഷയങ്ങൾ കരുതലോടെയാണ് നേതൃത്വം പ്രതികരിക്കാറ്.
സ്ഥാനാർഥിയെ പ്രതിരോധത്തിലാക്കുന്ന പരാമർശങ്ങളിലേക്ക് കടക്കാറുമില്ല. എന്നാൽ പാലക്കാട്ട് സ്ഥാനാർഥിയുടെ വാദങ്ങളെ നിഷേധിക്കാതെ നിലവിൽ അകപ്പെട്ട വിവാദങ്ങളിൽ നിന്ന് സി.പി.എമ്മിന് പുറത്തുകടക്കാനാവില്ല.
ഈ കുരുക്ക് തിരിച്ചറിഞ്ഞാണ് മറ്റ് വിശദീകരണങ്ങൾക്കൊന്നും മുതിരാതെ ‘‘സി.പി.എമ്മിന്റെ നിലപാടാണ് താൻ പറഞ്ഞത് ’’ എന്ന ഒറ്റ പരാമർശത്തിലൂടെ ജില്ല സെക്രട്ടറി പാർട്ടി നിലപാടാണ് ശരിയെന്ന് അടിവരയിട്ടത്. പൊലീസ് അന്വേഷണത്തിൽ ഒന്നും കണ്ടെത്താനായില്ലെങ്കിലും കള്ളപ്പണ ആരോപണത്തിൽ ഉറച്ച് നിൽക്കാനും രാഷ്ട്രീയമായി നേരിടാനുമാണ് സി.പി.എമ്മിന്റെ തീരുമാനം. കഴിഞ്ഞ ദിവസം സി.പി.എം ജില്ല കമ്മിറ്റി സമഗ്ര അന്വേഷണം ആവശ്യപ്പെട്ടെങ്കിലും സർക്കാറിന്റെ ഭാഗത്ത് നിന്ന് ഈ ദിശയിലേക്കുള്ള നീക്കങ്ങളൊന്നുമുണ്ടായിട്ടില്ല.
അന്വേഷണം പ്രഖ്യാപിച്ച് തലയൂരാമെങ്കിലും വിഷയം പ്രതിപക്ഷം രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനാൽ വോട്ടിനെ സ്വാധീനിക്കുമെന്ന ആശങ്ക സി.പി.എമ്മിനുണ്ട്.
സ്ഥാനാർഥി മറു വാദങ്ങൾ നിരത്തിയതിന് ശേഷവും ഹോട്ടലിന് പുറത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിട്ട് വാദങ്ങൾ സ്ഥാപിക്കാൻ ശ്രമിക്കുന്നത് ഈ സാഹചര്യത്തിലാണ്. ഇതിനിടെ ഹോട്ടലിൽ കള്ളപ്പണമെത്തി എന്ന സി.പി.എം വാദത്തെ പിന്തുണച്ച് ബി.ജെ.പി രംഗത്തെത്തി. പാലക്കാട് രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പിയെ സഹായിക്കാനാണ് പൊലീസിനെ ഉപയോഗിച്ച് സി.പി.എം അസാധാരണ നീക്കം നടത്തിയത് എന്ന കോൺഗ്രസ് ആരോപണമുന്നയിക്കുമ്പോഴാണിത്.
പരസ്യമായി ന്യായീകരിക്കുമ്പോഴും പാതിരാത്രിയിലെ പൊലീസ് നടപടി അൽപം കൈവിട്ട കളിയായി എന്ന് സി.പി.എമ്മിലും മുന്നണിയിലും അഭിപ്രായമുണ്ട്. ‘‘തന്ത്രപരമായ പാളിച്ച’’യെന്നാണ് മുന്നണിയിലെ ഒരു ഘടകകക്ഷി പ്രതിനിധി പ്രതികരിച്ചത്.
എന്തോ ഒളിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിക്കുന്നതല്ലാതെ അതിനപ്പുറത്തേക്ക് ഒരടി മുന്നോട്ടുപോകാനായിട്ടില്ലെന്നതും സി.പി.എമ്മിനെ കുഴക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.