‘ട്രോളി’യിൽ സി.പി.എമ്മിനെ തള്ളി സി.പി.ഐയും; ആരോപണമുന്നയിച്ചവർ ഇരുട്ടിലെന്ന് സി. ദിവാകരൻ
text_fieldsപാലക്കാട്: പാലക്കാട്ടെ ട്രോളി വിവാദത്തിൽ സി.പി.എമ്മിന് തിരിച്ചടിയായി സി.പി.ഐ നേതാവ് സി. ദിവരാകരന്റെ പ്രതികരണം. ആരോപണമുന്നയിച്ചവർ ഇരുട്ടിൽ ആണെന്നും ഒരു തെളിവും നൽകാൻ കഴിയുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ട്രോളി വിവാദം ഒരു ബിൽഡ് അപ്പ് സ്റ്റോറി ആണെന്നും അതിൽ പൊലീസിനും പങ്കുള്ളതായി സംശയിക്കുന്നുവെന്നും ദിവാകരൻ കൂട്ടിച്ചേർത്തു.
‘ട്രോളി ബാഗ് ആരോപണമുന്നയിച്ചവർ ഇരുട്ടിൽ ആണ്. കള്ളപ്പണ ആരോപണം ഉന്നയിച്ചവർക്ക് ഒരു തെളിവും നൽകാനാകുന്നില്ല. പണം കൊണ്ടുവന്ന് പോയി, വന്നു എന്നൊക്കെ പറയുന്നു. വസ്തുത തെളിയിക്കണം. ആരോപിച്ചവർ തെളിവുകൾ നൽകിയിട്ടില്ല. അവർക്ക് തെളിവ് നൽകാൻ കഴിയുന്നില്ല. ജനങ്ങളുടെ ശ്രദ്ധ തിരിഞ്ഞുപോവാൻ ഇതെല്ലാം കാരണമാവും’ - അദ്ദേഹം പറഞ്ഞു.
അതേസമയം, സി.പി.എമ്മിനുള്ളിൽതന്നെ ട്രോളി വിവാദത്തിൽ നേതാക്കൾ രണ്ടുതട്ടിലാണ്. മന്ത്രി എം.ബി. രാജേഷും സി.പി.എം പാലക്കാട് ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവും ഒരു ഭാഗത്തും സംസ്ഥാന കമ്മിറ്റിയംഗം എൻ.എൻ. കൃഷ്ണദാസ് മറുഭാഗത്തും നിലയുറപ്പിച്ചാണ് വാക്പോര്. സി.സി ടി.വി ദൃശ്യങ്ങളുടെ പേരിൽ പ്രതിപക്ഷനേതാവിനോടും ഷാഫി പറമ്പിലിനോടും കൊമ്പുകോർത്ത നേതാക്കൾ രാത്രി ഇരുട്ടിവെളുത്തപ്പോഴേക്കും പരസ്പരം എതിരിടുന്നതിലേക്കാണ് കാര്യങ്ങളെത്തിയത്.
പെട്ടി ദൂരെയെറിഞ്ഞ് ജനകീയ പ്രശ്നങ്ങളിലേക്ക് തിരിയണമെന്ന് സംസ്ഥാന കമ്മിറ്റിയംഗം ആവർത്തിക്കുമ്പോൾ അതേ പെട്ടി മുറുകെപ്പിടിച്ച്, ഏത് ജനകീയ പ്രശ്നമാണ് ചർച്ച ചെയ്യാത്തതെന്നാണ് ജില്ല സെക്രട്ടറിയുടെ മറുചോദ്യം. താൻ പറഞ്ഞത് സംസ്ഥാന സെക്രട്ടറിയുടെ നിലപാടാണെന്ന് അടിവരയിട്ട് കൃഷ്ണദാസിന്റേത് പാർട്ടി സമീപനമല്ല എന്നുകൂടി ജില്ല സെക്രട്ടറി പറഞ്ഞുവെക്കുന്നു. തൊണ്ടിമുതൽ കണ്ടെടുത്തില്ല എന്നതുകൊണ്ട് പ്രശ്നം പ്രശ്നമല്ലാതാകുമോ എന്ന എം.ബി. രാജേഷിന്റെ ചോദ്യവും കൃഷ്ണദാസിനോടാണ്.
കള്ളപ്പണ പരിശോധനയിൽ കുരുക്കിലാണെന്ന് പാർട്ടിക്ക് ബോധ്യമുണ്ടെങ്കിലും പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ എങ്ങനെ പുറത്തുകടക്കുമെന്നതും സങ്കീർണം. അപസർപ്പക കഥകളെ വെല്ലുന്ന രീതിയിലാണ് കോൺഗ്രസും ബി.ജെ.പിയും കള്ളപ്പണം ഒഴുക്കുന്നതെന്ന് പാർട്ടി മുഖപത്രത്തിലെ ലേഖനത്തിൽ വെള്ളിയാഴ്ചയും സംസ്ഥാന സെക്രട്ടറി ആവർത്തിച്ചിരുന്നു. കള്ളപ്പണ വിവരം പൊലീസിന് ചോർന്നത് കോൺഗ്രസിൽനിന്നെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങൾ കൂടി നടത്തുമ്പോഴാണ് പെട്ടി വിവാദത്തിൽ പാർട്ടി ശരിക്കും ‘അകപ്പെട്ടത്’.
നിലവിൽ ജില്ല നേതൃത്വത്തിനൊപ്പമാണ് പാർട്ടിയെങ്കിലും ഘടകകക്ഷികൾ കൃഷ്ണദാസിന്റെ നിലപാടിനൊപ്പമാണ്. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയമാണ് ചർച്ച ചെയ്യേണ്ടതെന്നാണ് ഇവരുടെ പക്ഷം. എന്നാൽ, വിവാദത്തിൽ ഘടകകക്ഷികൾ പരസ്യപ്രതികരണത്തിന് മുതിരുന്നുമില്ല. ഇതിനിടെ കോൺഗ്രസ് കള്ളപ്പണമെത്തിച്ചുവെന്ന് ബി.ജെ.പി ആവർത്തിക്കുന്നതും സി.പി.എമ്മിനെ വെട്ടിലാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.