പെട്ടി വിവാദം: സി.പി.എമ്മിൽ ചേരിതിരിവ്
text_fieldsപാലക്കാട്: കോൺഗ്രസിനെതിരായ കള്ളപ്പണ ആരോപണത്തെത്തുടർന്നുള്ള ‘ട്രോളി വിവാദ’ത്തിൽ പ്രചാരണം തുടരണോയെന്നതിൽ സി.പി.എം നേതൃത്വം രണ്ടു തട്ടിൽ. ‘പെട്ടി’യല്ല ചർച്ചയാകേണ്ടത്, ജനങ്ങളുടെ വികസനമാണെന്ന സംസ്ഥാന സമിതി അംഗം എൻ.എൻ. കൃഷ്ണദാസിന്റെ പ്രതികരണമാണ് ഈ സൂചന നൽകുന്നത്. വികസന-രാഷ്ട്രീയ വിഷയങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി യു.ഡി.എഫും മാധ്യമങ്ങളും ഒരുക്കുന്ന ‘പെട്ടിക്കെണി’യിൽ ജനം വീഴരുതെന്നും പെട്ടിപ്രശ്നം ദൂരേക്ക് വലിച്ചെറിയണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കൃഷ്ണദാസിന്റെ നിലപാട് തള്ളി പാലക്കാട് ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു രംഗത്തെത്തിയെങ്കിലും ട്രോളി വിവാദത്തിൽനിന്ന് പാർട്ടി പതിയെ മടങ്ങുകയാണെന്ന സൂചനയാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നൽകിയത്. പ്രചാരണം ‘പെട്ടി വിഷയ’ത്തിൽ മാത്രം ഒതുക്കി നിർത്തേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. വികസനമാണ് ചര്ച്ചയാക്കേണ്ടതെന്ന എന്.എന്. കൃഷ്ണദാസിന്റെ പ്രതികരണം പാലക്കാട് സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെ കൂടി നിലപാടാണ്.
‘‘മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നൊക്കെ പറഞ്ഞ് ആളുകളുടെ കണ്ണിൽ പൊടിയിടരുത്. തെരഞ്ഞെടുപ്പിൽ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളാണ് ചർച്ച ചെയ്യേണ്ടത്. ആ വിഷയങ്ങൾ ജനങ്ങളിലേക്ക് എത്തിച്ച് വിജയിക്കാനാണ് പ്രവർത്തകർ ശ്രമിക്കേണ്ടത്. കള്ളപ്പണമുണ്ടെങ്കിൽ അത് പിടിക്കാൻ കേരള പൊലീസിനാകും. പരാതി നൽകിയിട്ടുണ്ട്. ഇനി അതിനു പിന്നാലെ പോകാനാകില്ല. സംസ്ഥാനത്തെ ഏറ്റവും വികസന മുരടിപ്പുള്ള മണ്ഡലമാണ് പാലക്കാടെന്ന വിഷയം ചർച്ചയാകണം. തെരഞ്ഞെടുപ്പെന്നാൽ രാഷ്ട്രീയ സമരമാണ്. രാഷ്ട്രീയമാണ് ചർച്ചയാകേണ്ടത്. മഞ്ഞപ്പെട്ടിയും ചുവപ്പ് പെട്ടിയുമൊന്നുമല്ല ഇവിടെ പ്രശ്നം, വികസനമാണ്. കോൺഗ്രസിന്റെ കെണിയിൽ തല വെച്ച് കൊടുക്കരുത്.’’- ഇതാണ് കൃഷ്ണദാസ് പറഞ്ഞത്.
പിന്നാലെ കള്ളപ്പണ ആരോപണത്തിൽ പരാതിയുമായി പാർട്ടി മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കി ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു രംഗത്തെത്തി. ‘‘കള്ളപ്പണം വന്നെന്നത് വസ്തുതയാണ്. മുൻകൂട്ടി നിശ്ചയിച്ച തിരക്കഥയാണ് രാഹുൽ മാങ്കൂട്ടത്തിൽ നടപ്പാക്കിയത്.
കൊടകരയിലെ കുഴൽപണത്തിന്റെ പങ്ക് നീല ട്രോളിയിലൂടെ പാലക്കാട്ടും എത്തിയതായി സംശയിക്കുന്നു. അന്വേഷണത്തിലൂടെ വസ്തുതകൾ വെളിപ്പെടും’’- അദ്ദേഹം പറഞ്ഞു. കൃഷ്ണദാസിന്റെ നിലപാടിനെക്കുറിച്ച് അദ്ദേഹത്തോടുതന്നെ ചോദിക്കണമെന്നും യു.ഡി.എഫിനെതിരായ എല്ലാ വിഷയങ്ങളും ചർച്ചയാക്കിത്തന്നെയാണ് മുന്നോട്ടുപോകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രചാരണവിഷയം പെട്ടിയിൽ മാത്രം ഒതുക്കേണ്ടെന്ന് ഉച്ചയോടെയാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചത്. ഒന്നിനു പിറകെ ഒന്നായി വിഷയങ്ങൾ ഉയർന്നുവരും. ഓരോന്നും നേരിടണം. ഒന്നിനുവേണ്ടി മറ്റൊന്നിനെ ഒഴിവാക്കേണ്ട കാര്യമില്ല.
കൃഷ്ണദാസിന്റെ നിലപാടല്ല, എന്റെ നിലപാടാണ് ഞാൻ പറയുന്നത്. പെട്ടിയിൽ മാത്രം പാലക്കാട്ട് ആരും ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു. കൃഷ്ണദാസിന്റെ തുറന്നുപറച്ചിലിന് സംസ്ഥാന നേതൃത്വത്തിന്റെ പച്ചക്കൊടി കൂടി ലഭിച്ചതോടെ പതിയെ വിഷയത്തിൽനിന്ന് സി.പി.എം പിന്മാറിയേക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.