പാലക്കാട് റെയിൽവേ ഡിവിഷന് വരുമാന വർധന; സ്പെഷൽ സർവിസുകളും കൂടി
text_fieldsപാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷനിൽ കഴിഞ്ഞ വർഷത്തേതിൽനിന്ന് യാത്രാവരുമാനം 6.13 ശതമാനം വർധിച്ചു. മുൻ സാമ്പത്തികവർഷം 881.47 കോടി രൂപയായിരുന്നു വരുമാനമെങ്കിൽ ഈ വർഷം 935.52 കോടിയായി. പാർസൽ ചരക്ക് സേവനങ്ങൾ ഉൾപ്പെടെ കോച്ചിങ് വരുമാനത്തിലും വൻ വർധനയുണ്ടായി. കഴിഞ്ഞ വർഷം 60.48 കോടിയായിരുന്നു വരുമാനമെങ്കിൽ 2024-25ൽ 65.78 കോടിയിലെത്തി.
പ്രതിദിനം ശരാശരി 170 പതിവ് സർവിസുകൾക്കു പുറമെ 1874 സ്പെഷൽ ട്രെയിനുകൾ സർവിസ് നടത്തി. കഴിഞ്ഞ സാമ്പത്തികവർഷം 1162 സ്പെഷൽ സർവിസുകൾ മാത്രമായിരുന്നു നടത്തിയത്. ഓണം, ക്രിസ്മസ്, വേനൽക്കാല അവധിക്കാലം, ശബരിമല സീസൺ, മത്സരപ്പരീക്ഷ ദിവസങ്ങൾ, മറ്റു പ്രധാന തിരക്കേറിയ സീസണുകൾ എന്നിവയിൽ അധിക കോച്ചുകൾ നൽകി പ്രത്യേക സർവിസുകൾ നടത്തി. തിരക്ക് കണക്കിലെടുത്ത്, കഴിഞ്ഞ വർഷം 191 അധിക കോച്ചുകൾ ഘടിപ്പിച്ചിരുന്നെങ്കിൽ, ഇക്കഴിഞ്ഞ സാമ്പത്തികവർഷം 532 അധിക കോച്ചുകൾ ഘടിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി.
കേരളത്തിലെ ഏറ്റവും വേഗമേറിയ ട്രെയിനായ തിരുവനന്തപുരം-കാസർകോട് വന്ദേ ഭാരത് എക്സ്പ്രസ് 20 കാർ ട്രെയിൻ സെറ്റായി ഉയർത്തി. ഡിവിഷനുകീഴിലെ എല്ലാ ട്രെയിനുകളിലും കുറഞ്ഞത് നാല് ജനറൽ കോച്ചുകൾ ഉറപ്പാക്കി. ഈ വർഷം കൂടുതൽ ട്രെയിനുകൾ എൽ.എച്ച്.ബി കോച്ചുകളാക്കി മാറ്റുമെന്ന് അധികൃതർ അറിയിച്ചു. കച്ചെഗുഡ- മംഗളൂരു എക്സ്പ്രസ് മുർദേശ്വറിലേക്ക് നീട്ടുന്നത് മുർദേശ്വർ, മൂകാംബിക, ഉഡുപ്പി എന്നിവ സന്ദർശിക്കുന്ന യാത്രക്കാർക്ക് സഹായകരമാകുമെന്ന് ഡിവിഷനൽ മാനേജർ അരുൺകുമാർ ചതുർവേദി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.