'അവർ അരികത്തുറങ്ങി'; നാലു കളിക്കൂട്ടുകാർക്കും അന്ത്യവിശ്രമം ഒറ്റ ഖബറിടത്തിൽ
text_fieldsകല്ലടിക്കോട് (പാലക്കാട്): ജീവിതയാത്രയിൽ പിരിയാതിരുന്ന നാലുപേർ അന്ത്യവിശ്രമത്തിലും ഒന്നിച്ച്. നാടിനെ കണ്ണീരണിയച്ച് ഒറ്റ ഖബറിടത്തിൽ ആ കളിക്കൂട്ടുകാർ അവസാനമായി ഉറങ്ങി.
കല്ലടിക്കോട് പനയമ്പാടത്ത് അമിതവേഗത്തിലെത്തിയ ലോറി മറിഞ്ഞ് മരിച്ച കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ നിദ ഫാത്തിമ, റിദ ഫാത്തിമ, പി.എ. ഇർഫാന ഷെറിൻ, എ.എസ്. ആയിഷ എന്നിവർക്ക് നാട് തീരാവേദനയോടെ വിടയേകി. നാലു പേരുടേയും മൃതദേഹങ്ങൾ വെള്ളിയാഴ്ച പുലർച്ചെ വീടുകളിലെത്തിച്ചപ്പോൾ അവസാനമായി ഒരുനോക്ക് കാണാനെത്തിയവരുടെ കൂട്ടക്കരച്ചിൽ കണ്ടുനിന്നവരെയെല്ലാം സങ്കടക്കടലിലാഴ്ത്തി.
വ്യാഴാഴ്ച വൈകീട്ട് സ്കൂൾ വിട്ടുവരുമ്പോഴാണ് ലോറി പാഞ്ഞുകയറി നാല് വിദ്യാർഥിനികളും മരിച്ചത്. തുപ്പനാടിന് സമീപം ചെറൂളിയിൽ അര കിലോമീറ്ററിനുള്ളിലാണ് നാലുപേരുടെയും വീടുകൾ. മൃതദേഹങ്ങൾ പ്രാർഥനാചടങ്ങുകൾക്കു ശേഷം രാവിലെ 8.30ന് തുപ്പനാട് കരിമ്പനക്കൽ ഹാളിൽ പൊതുദർശനത്തിന് എത്തിച്ചു.
പൊതുദര്ശന വേദിയിലെ മയ്യിത്ത് നമസ്കാരത്തിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. പത്ത് മണിയോടെ മൃതദേഹങ്ങൾ ഖബറടക്കത്തിനായി തുപ്പനാട് ജുമാമസ്ജിദിലേക്ക് കൊണ്ടുപോയി. മയ്യിത്ത് നമസ്കാരത്തിനുശേഷം ഒറ്റ ഖബറിൽ നാലു പേരെയും ഖബറടക്കി.
എല്ലാ വഴികളും തുപ്പനാട്ടേക്ക്
കരിമ്പയിലെ ഓരോ വഴിയും ഇന്നലെ നീണ്ടത് തുപ്പനാട് കരിമ്പനക്കൽ ഓഡിറ്റോറിയത്തിലേക്കായിരുന്നു. മൃതദേഹങ്ങൾ പൊതുദർശനത്തിന് വെച്ചിടത്തേക്ക് രാവിലെ മുതൽ നിലയ്ക്കാത്ത ജനപ്രവാഹമായിരുന്നു.
പാലക്കാട് -കോഴിക്കോട് ദേശീയപാതയിൽ കരിമ്പ മുതൽ തുപ്പനാട് വരെ ഗതാഗതക്കുരുക്കനുഭവപ്പെട്ടു. കല്ലടിക്കോട്ടിലെയും സമീപ സ്റ്റേഷനുകളിലെയും പൊലീസുകാർ ഗതാഗതം നിയന്ത്രിച്ചു. വെള്ളിയാഴ്ച രാവിലെ പത്തരയോടെ തന്നെ ജനാസ നമസ്കാരത്തിനെത്തിയവരാൽ തുപ്പനാട് ജുമാമസ്ജിദ് നിറഞ്ഞു. മയ്യിത്ത് നമസ്കാരത്തിന് കൊടക്കാട് ഇമ്പിച്ചിക്കോയ തങ്ങൾ നേതൃത്വം നൽകി. മയ്യിത്തുകൾ ഒന്നിച്ചുവെച്ചായിരുന്നു നമസ്കാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.