'കൊമ്പൻ തുമ്പി ചുഴറ്റുന്നെ...' ഷാജഹാന്റെ മയ്യത്തെടുത്ത നൊമ്പരം മാറുംമുമ്പ് സഖാക്കൾ കടുവയിലെ പാട്ട് പാടി ആടിത്തിമിർക്കുന്നു -വിഡിയോ പങ്കുവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ
text_fieldsപാലക്കാട്: മരുത റോഡിൽ സി.പി.എം പ്രവർത്തകൻ കൊല്ലപ്പെട്ട് മണിക്കൂറുകൾ പിന്നിടും മുമ്പ് ഡി.വൈ.എഫ്.ഐ ഫ്രീഡം സ്ട്രീറ്റ് പരിപാടിയിൽ പ്രവർത്തകർ സിനിമാ പാട്ടുപാടി ആടിത്തിമിർക്കുന്ന വിഡിയോ പങ്കുവെച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ഈയിടെ പുറത്തിറങ്ങിയ കടുവ എന്ന സിനിമയിലെ 'കൊമ്പൻ തുമ്പി ചുഴറ്റുന്നെ, കടുവ കണ്ണ് കലങ്ങുന്നെ, വമ്പന്മാർ അവർ രണ്ടാളും, നേരാ നേരെ പാഞ്ഞതടുക്കുന്നെ' എന്ന പാട്ട് പാടിയാണ് പ്രവർത്തകർ പാർട്ടി കൊടിവീശി ഡാൻസ് ചെയ്യുന്നത്.
'പാലക്കാട് ഷാജഹാൻ എന്ന പാർട്ടി പ്രവർത്തകൻ കൊല്ലപ്പെട്ട് 24 മണിക്കൂറും തികയും മുൻപ്, ഷാജഹാന്റെ മയ്യത്തെടുത്ത നൊമ്പരം മാറും മുൻപ്, ഷാജഹാന്റെ കുടുംബത്തിന്റെ നൊമ്പരത്തറയിലെ കണ്ണീരുണങ്ങും മുൻപ് പാലക്കാട് നിന്ന് കിലോമീറ്ററുകളുടെ മാത്രം ദൂരമുള്ള കോഴിക്കോട് സഖാക്കൾ കടുവയിലെ പാട്ട് പാടി ആടിത്തിമിർക്കുകയാണ്' എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചത്.
'ഇനിയും വരും നേതാക്കൾ, പ്രസംഗങ്ങളിൽ പ്രാസമൊപ്പിച്ച് അതിവൈകാരികത കുത്തി നിറയ്ക്കാൻ, പിന്നെയവർ രക്തസാക്ഷി ഫണ്ടിനായി ബക്കറ്റുമായി വരും, അപ്പോഴും പാട്ട് ഉയരും 'രക്തസാക്ഷികൾ അമരന്മാർ'' -എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
മുസ്ലിം നാമധാരികളായ സഖാക്കൾ ദുരൂഹ സാഹചര്യങ്ങളിൽ കൊല്ലപ്പെടുന്നത് പതിവാകുകയാണെന്നും അന്വേഷണവും ആരോപണവും സി.പി.എമ്മിലേക്ക് തന്നെ പിന്നീട് എത്തിച്ചേരുമ്പോൾ അന്വേഷണം സ്വിച്ച് ഇട്ടത് പോലെ അവസാനിപ്പിക്കുന്നുവെന്നും രാഹുൽ നേരത്തെ ആരോപിച്ചിരുന്നു. പാലക്കാട് കൊല്ലപ്പെട്ട ഷാജഹാൻ, വെഞ്ഞാറമൂട്ടിൽ കൊല്ലപ്പെട്ട മിഥ്ലാജ്, ഹക്ക്, കായംകുളത്ത് കൊല്ലപ്പെട്ട സിയാദ്, പട്ടാമ്പിയിൽ കൊല്ലപ്പെട്ട സെയ്താലി തുടങ്ങിയവരുടെ കൊലപാതകം ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ ആരോപണം.
'എത്ര മുസ്ലീം നാമധാരികളായ സഖാക്കളാണ് ദുരൂഹമായ സാഹചര്യങ്ങളിൽ കൊല്ലപ്പെടുന്നത്. സി.പി.എം ഈ കൊലപാതകങ്ങളുടെയെല്ലാം ഉത്തരവാദിത്വം ആദ്യം ഇതര പാർട്ടികളിൽ ആരോപിക്കുന്നുണ്ടെങ്കിലും, അന്വേഷണവും ആരോപണവും സി.പി.എമ്മിലേക്ക് തന്നെയാണ് പിന്നീട് എത്തിച്ചേരുന്നത്. ആ ഘട്ടത്തിൽ തന്നെ അന്വേഷണം സ്വിച്ച് ഇട്ടത് പോലെ അവസാനിപ്പിക്കുകയും ചെയ്യുന്നു. നിഗൂഢമായ ഈ കൊലപാതകങ്ങളുടെ ചുരുളഴിയേണ്ടതുണ്ട്. സ്വന്തം പാർട്ടിക്കാരെ, അതും മുസ്ലിം നാമധാരികളായ പാർട്ടിക്കാരെ എന്തിനാണ് ഇങ്ങനെ ബലികൊടുക്കുന്നത് എന്ന് സംഘപരിവാർ സഹായം എല്ലാ കാലത്തും പറ്റുന്ന കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മറുപടി പറയണം' - രാഹുൽ ആവശ്യപ്പെട്ടു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:
" കൊമ്പൻ തുമ്പി ചുഴറ്റുന്നെ
കടുവ കണ്ണ് കലങ്ങുന്നെ
വമ്പന്മാർ അവർ രണ്ടാളും
നേരാ നേരെ പാഞ്ഞതടുക്കുന്നെ "
പാലക്കാട് ഷാജഹാൻ എന്ന പാർട്ടി പ്രവർത്തകൻ കൊല്ലപ്പെട്ട് 24 മണിക്കൂറും തികയും മുൻപ്,
ഷാജഹാന്റെ മയ്യത്തെടുത്ത നൊമ്പരം മാറും മുൻപ്,
ഷാജഹാന്റെ കുടുംബത്തിന്റെ നൊമ്പരത്തറയിലെ കണ്ണീരുണങ്ങും മുൻപ്
പാലക്കാട് നിന്ന് കിലോമീറ്ററുകളുടെ മാത്രം ദൂരമുള്ള കോഴിക്കോട് സഖാക്കൾ കടുവയിലെ പാട്ട് പാടി ആടിത്തിമിർക്കുകയാണ്....
ഇനിയും വരും നേതാക്കൾ,
പ്രസംഗങ്ങളിൽ പ്രാസമൊപ്പിച്ച് അതിവൈകാരികത കുത്തി നിറയ്ക്കാൻ,
പിന്നെയവർ രക്തസാക്ഷി ഫണ്ടിനായി ബക്കറ്റുമായി വരും,
അപ്പോഴും പാട്ട് ഉയരും
രക്തസാക്ഷികൾ അമരന്മാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.