റഹീമും വി.വി. രാജേഷും ടി.വി. രാജേഷും പ്രഫുൽകൃഷ്ണയും ഒരമ്മപെറ്റ അളിയന്മാരെപ്പോലെ രാത്രി മുഴുവൻ അർമാദിച്ചു -വി.ടി. ബൽറാം
text_fieldsപാലക്കാട്: കള്ളപ്പണ വിവാദത്തിന് പിന്നിൽ സി.പി.എം -ബി.ജെ.പി കൂട്ടുകെട്ടാണെന്ന ആരോപണം ആവർത്തിച്ച് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. പൊലീസ് റെയ്ഡ് നടന്ന കെ.പി.എം ഹോട്ടലിൽ പാതിരാത്രിക്ക് ലൈറ്റിട്ടപ്പോൾ തെളിഞ്ഞത് സി.പി.എം-ബി.ജെ.പി അവിശുദ്ധ ബന്ധത്തിന്റെ ചിത്രങ്ങളാണെന്ന് അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
‘മന്ത്രി എം.ബി രാജേഷിന്റെ അളിയന്റെ കാർമികത്വത്തിൽ എ.എ. റഹീമും വി.വി. രാജേഷും ടി.വി. രാജേഷും പ്രഫുൽകൃഷ്ണയും വിജിനും ആർഷോയും 'കൈരളി'യും 'ജന'വുമൊക്കെ ഒരമ്മ പെറ്റ അളിയൻമാരെപ്പോലെ അർമാദിക്കുകയായിരുന്നല്ലോ രാത്രി മുഴുവൻ. 1977ൽ എൽ.കെ. അദ്വാനിയും ടി. ശിവദാസമേനോനും ഒ. രാജഗോപാലും ചേർന്ന് തുടങ്ങിവച്ചത് 1990കളിൽ എം.എസ് ഗോപാലകൃഷ്ണനും എൻ. ശിവരാജനും മുന്നോട്ടുകൊണ്ടുപോയി, പിന്നീട് എൻഎൻ കൃഷ്ണദാസും സി കൃഷ്ണകുമാറും എംബി രാജേഷും ദൃഢപ്പെടുത്തി, ഇപ്പോഴിതാ യുവ തലമുറയിലൂടെയും അഭംഗുരം മുന്നോട്ടുപോകുന്നു എന്ന വസ്തുതയാണ് തെളിഞ്ഞത്’ -അദ്ദേഹം പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം:
പാലക്കാട് സിപിഎം-ബിജെപി ബന്ധം തുറന്നുകാട്ടാൻ ഷാഫി പറമ്പിൽ കളിച്ച കളിയാണ് “ട്രോളിയിലെ കള്ളപ്പണം” എന്ന വ്യാജവാർത്ത എന്ന് എൽഡിഎഫ് സ്ഥാനാർത്ഥി തന്നെ പറയുന്നു. കണക്കായിപ്പോയി.
ഏതായാലും പാതിരാത്രിക്ക് കെപിഎം ഹോട്ടലിൽ ലൈറ്റിട്ടപ്പോൾ തെളിഞ്ഞത് സിപിഎം-ബിജെപി അവിശുദ്ധ ബന്ധത്തിന്റെ ചിത്രങ്ങൾ തന്നെയാണല്ലോ. മന്ത്രി എംബി രാജേഷിന്റെ അളിയന്റെ കാർമ്മികത്വത്തിൽ എഎ റഹീമും വിവി രാജേഷും ടിവി രാജേഷും പ്രഫുൽകൃഷ്ണയും വിജിനും ആർഷോയും 'കൈരളി'യും 'ജന'വുമൊക്കെ ഒരമ്മ പെറ്റ അളിയമ്മാരെപ്പോലെ അർമ്മാദിക്കുകയായിരുന്നല്ലോ രാത്രി മുഴുവൻ.
ഇത് തന്നെയാണ് ഞങ്ങൾക്ക് തെളിയിക്കേണ്ടിയിരുന്നത്. കമ്മ്യൂണിസ്റ്റ് ജനതാ പാർട്ടിയുടെ പരസ്പര സഹകരണം പാലക്കാട്ട് 1977ൽ എൽകെ അഡ്വാണിയും ടി ശിവദാസമേനോനും ഒ രാജഗോപാലും ചേർന്ന് തുടങ്ങിവച്ചത് പിന്നീട് 1990കളിൽ നഗരസഭാ ചെയർമാൻ സ്ഥാനം പിടിക്കാൻ എംഎസ് ഗോപാലകൃഷ്ണനും എൻ ശിവരാജനും മുന്നോട്ടുകൊണ്ടുപോയി പിന്നീട് എൻഎൻ കൃഷ്ണദാസും സി കൃഷ്ണകുമാറും എംബി രാജേഷും ദൃഢപ്പെടുത്തി ഇപ്പോഴിതാ യുവ തലമുറയിലൂടെയും അഭംഗുരം മുന്നോട്ടുപോകുന്നു എന്ന വസ്തുത.
അതിപ്പോൾ പാലക്കാടിന് മാത്രമല്ല, കേരളത്തിനും ബോധ്യമായി.
സ്ഥാനാർത്ഥി അടിച്ചത് സെൽഫ് ഗോളാണെന്ന് മനസ്സിലായത് സിപിഎം ജില്ലാ സെക്രട്ടറിക്ക് മാത്രമാണെന്ന് തോന്നുന്നു. കൂടുതൽ അബദ്ധങ്ങൾ വിളിച്ചു പറയരുതെന്ന് സ്ഥാനാർത്ഥിയെ ശാസിക്കുന്നതായാണ് അദ്ദേഹത്തിന്റെ പ്രതികരണത്തിൽ കാണാനാവുന്നത്.
എന്തായിരുന്നാലും പാതിരാത്രി കോൺഗ്രസിലെ വനിതാ നേതാക്കളെ പോലീസിനെ വച്ച് അപമാനിക്കാൻ നേതൃത്വം നൽകിയ മന്ത്രി പുംഗവനേയും അളിയനേയും നിയമപരമായും രാഷ്ട്രീയമായും യുഡിഎഫ് നേരിടുക തന്നെ ചെയ്യും. കാത്തിരുന്നോളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.