Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലക്കാട്ടെ പെട്ടി...

പാലക്കാട്ടെ പെട്ടി പോലെ കാലിയാണ് സി.പി.എമ്മിന്റെ രാഷ്ട്രീയ മസ്തിഷ്‍കം -രാഹുൽ മാങ്കൂട്ടത്തിൽ

text_fields
bookmark_border
പാലക്കാട്ടെ പെട്ടി പോലെ കാലിയാണ് സി.പി.എമ്മിന്റെ രാഷ്ട്രീയ മസ്തിഷ്‍കം -രാഹുൽ മാങ്കൂട്ടത്തിൽ
cancel

പാലക്കാട്: പാലക്കാട്ടെ പെട്ടി പോലെ കാലിയാണ് സി.പി.എമ്മിന്റെ രാഷ്ട്രീയ മസ്തിഷ്‍കമെന്ന് പൊതുജനം തിരിച്ചറിഞ്ഞുവെന്ന് നിയുക്ത എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് വേളയിൽ സി.പി.എം ഉയർത്തിയ ‘നീല ട്രോളി’യിൽ പണം എത്തിച്ചുവെന്ന ആരോപണത്തിന് തെളിവില്ലെന്നും തുടർ നടപടി ആവശ്യമില്ലെന്നുമുള്ള പൊലീസ് റിപ്പോർട്ടിനു പിന്നാലെയാണ് രാഹുലിന്‍റെ പ്രതികരണം.

പെട്ടിപോലെ കാലിയാണ് സി.പി.എമ്മിന്റെ രാഷ്ട്രീയ മസ്തിഷ്‍കം എന്ന് ജനം തിരിച്ചറിഞ്ഞുവെന്നാണ് ഉപതെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. വനിതകളുടെ മുറിയിൽ അതിക്രമിച്ച് കയറി വസ്ത്രങ്ങളടക്കം വാരിവലിച്ചിട്ട പൊലീസിന്റെ ചെയ്തിയെക്കാൾ തനിക്ക് മോശമായി തോന്നിയത് എം.വി ഗോവിന്ദൻ, എം.ബി. രാജേഷ്, എ.എ. റഹീം എന്നിവർ അതിനെ ന്യായീകരിച്ചതാണെന്നും രാഹുൽ പറഞ്ഞു. പൊലീസ് നീക്കത്തിന് പിന്നിൽ പൊളിറ്റിക്കൽ ഡിസിഷൻ ഉണ്ട് എന്നാണ് അവരുടെ ന്യായീകരണ നീക്കം തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘നുണപരിശോധനക്ക് ഞാൻ സന്നദ്ധനെന്ന് പറഞ്ഞപ്പോൾ, വെറുതെ പറഞ്ഞാൽ പോര പരിശോധനക്ക് വിധേയനാകണം എന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടത്. കൊളസ്ട്രോളും ഷുഗറും ടെസ്റ്റ് ചെയ്യുന്നത് പോലെ നുണപരിശോധന നടത്താൻ പറ്റുമോ? സി.പി.എം ഭരിക്കുന്ന സംസ്ഥാന സർക്കാറിന്റെ കീഴിലുള്ള പൊലീസല്ലേ അതിന് നടപടിയെടുക്കേണ്ടത്? പാതിരാത്രി പൊലീസ് നടത്തിയ അതിക്രമത്തിനെതിരെ ഷാനിമോളും ബിന്ദു കൃഷ്ണയും ജെബിമേത്തറും നിയമനടപടികളുമായി മുന്നോട്ട് പോകുന്നുണ്ട്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റിനും സി.പി.എം സംസ്ഥാന സെക്രട്ടറിക്കുമെതിരെ ഞാനും പരാതി നൽകിയിട്ടുണ്ട്’ -രാഹുൽ പറഞ്ഞു.

‘ബി.ജെ.പിയെ ജയിപ്പിക്കാൻ പാലക്കാട്ട് നിന്നുള്ള മന്ത്രിയും അയാളുടെ അളിയനും ചേർന്നാണ് നീലപ്പെട്ടി ആരോപണം ഉന്നയിച്ചത്. ഇതിൽ ഗൂഢാലോചനയുണ്ട്. പെട്ടിവിവാദം പൊലീസ് ഒഴിവാക്കിയെങ്കിലും യു.ഡി.എഫ് വിടില്ല. ഞാനൊരു തുടക്കക്കാരനാണ്. അങ്ങനെ വരുന്നൊരാളെ രാഷ്ട്രീയം പറയുന്നതിനപ്പുറം ഒരു കള്ളപ്പണക്കാരൻ ആക്കാനാണ് സി.പി.എം ശ്രമിച്ചത്. തെരഞ്ഞെടുപ്പിന്‍റെ ജനഹിതത്തെ അട്ടിമറിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടന്നത്. പെട്ടിക്കുള്ളിൽ ഒന്നുമില്ലെന്ന് പൊലീസ് ഇപ്പോഴാണ് കണ്ടെത്തിയത്. ഇക്കാര്യം നേരത്തെ ജനം തിരിച്ചറിഞ്ഞിരുന്നു. പെട്ടിക്കകത്തും ഇവരുടെ രാഷ്ട്രീയത്തിലും ഒന്നുമില്ലെന്ന് ജനം തിരിച്ചറിഞ്ഞിരുന്നു. ബി.ജെ.പി രണ്ടാമത് നിൽക്കുന്ന മണ്ഡലത്തിൽ അവരെ ജയിപ്പിക്കാൻ പാലക്കാട്ട് നിന്നുള്ള സി.പി.എം മന്ത്രിയും അയാളുടെ അളിയനും ചേർന്നാണ് ഈ ആരോപണം ഉന്നയിച്ചത്.

ജലരേഖയുടെ ആയുസ്സു പോലും ഇല്ലാത്ത ആരോപണമാണ് സി.പി.എമ്മും ബി.ജെ.പിയും ഉന്നയിച്ചത്. എന്തായാലും ഈ വിഷയം വിടാൻ ഞങ്ങൾ തയാറല്ല. ഇതിൽ ഗൂഢാലോചനയുണ്ട്. യു.ഡി.എഫിന്‍റെ വനിതാ നേതാക്കളുടെ മുറിയിൽ പൊലീസുകാർ ഇടിച്ചുകയറിയതിന് ഉൾപ്പെടെ സി.പി.എം നിയമപരമായി മറുപടി പറയേണ്ടി വരും. ചില മാധ്യമങ്ങൾ സി.പി.എമ്മിന്‍റെ ആരോപണത്തെ പിന്തുണച്ചു. അവർ അത് തിരുത്താൻ തയാറാകണം. ഏതെങ്കിലും മുന്നണിയെ ദ്രോഹിക്കുന്ന സമീപനം മാധ്യമങ്ങൾ സ്വീകരിക്കരുത്” -രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

പെട്ടിയിൽ പണം എത്തിച്ചെന്ന് കണ്ടെത്താനായിട്ടില്ലെന്നും തുടർ നടപടികൾ ആവശ്യമില്ലെന്നും അന്വേഷണ സംഘം പാലക്കാട് എസ്.പിക്ക് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. വാക്കാലുള്ള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഹോട്ടലിൽ പരിശോധന നടത്തിയത്. പിന്നീട് സി.പി.എം നൽകിയ പരാതിയിൽ കേസെടുത്തില്ലെങ്കിലും സ്പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. ആരോപണത്തിനപ്പുറം സി.പി.എമ്മിന്‍റെ കൈവശം തെളിവുകളില്ലെന്നും പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഉപതെരഞ്ഞെടുപ്പിനു കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച് കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടൽ മുറികളിൽ നവംബർ അഞ്ചിന് അർധരാത്രിയാണ് പൊലീസ് പരിശോധന നടത്തിയത്.

രാത്രി 12.10ന് സൗത്ത്, നോർത്ത് പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘം ഹോട്ടലിലെത്തി റെയ്ഡ് നടത്തുകയായിരുന്നു. 12 മുറികൾ പരിശോധിച്ചെന്നും പണം കണ്ടെത്തിയില്ലെന്നും പാലക്കാട് എ.എസ്.പി അശ്വതി ജിജി പരിശോധനക്കു ശേഷം അറിയിച്ചിരുന്നു. ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ അടക്കമുള്ള വനിത നേതാക്കൾ താമസിക്കുന്ന മുറികളിൽ വനിതാ ഉദ്യോഗസ്ഥരില്ലാതെ പൊലീസ് പരിശോധനക്കെത്തിയത് നാടകീയ രംഗങ്ങൾക്കിടയാക്കി. അര മണിക്കൂറിനു ശേഷം വനിതാ ഉദ്യോഗസ്ഥയെ എത്തിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. യു.ഡി.എഫ് കള്ളപ്പണം എത്തിച്ചെന്ന ആരോപണത്തിനു പിന്നാലെ നടത്തിയ പരിശോധനതെരഞ്ഞെടുപ്പു കാലത്ത് വലിയ വിവാദമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPMRahul MamkootathilTrolley bag
News Summary - palakkad trolley bag: Rahul Mamkootathil against cpm
Next Story