പ്രമേയരൂപത്തിൽ യൂത്ത് കോൺഗ്രസ് 'പൊയ്വെടി'; വിവാദമായപ്പോൾ നിഷേധം
text_fieldsപാലക്കാട്: 'സ്ഥിരം നാടകക്കളരിയിലെ അഭിനേതാക്കളെ' തന്നെയാണ് നിയമസഭ തെരഞ്ഞെടുപ്പിൽ കളത്തിലിറക്കുന്നതെങ്കിൽ യൂത്ത് കോൺഗ്രസിന് സ്വന്തം നിലയിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കേണ്ടി വരുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പ് അംഗീകരിച്ച സംഘടന പ്രമേയം. സംസ്ഥാന വൈസ് പ്രസിഡൻറ് റിജിൻ മാക്കുറ്റി അവതരിപ്പിച്ച പ്രമേയം വിവാദമായതോടെ നിഷേധവുമായി സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ രംഗത്തെത്തി. കോൺഗ്രസിെൻറ നയസമീപനങ്ങളിൽ സമൂലമാറ്റം ആവശ്യപ്പെടുന്നതാണ് പ്രമേയം.
നേതൃത്വത്തിെൻറ അശ്രദ്ധയാണ് പരാജയത്തിലേക്ക് നയിച്ചത്. പാർട്ടി അധികാരത്തിൽ വന്നാൽ ശീതീകരിച്ച മുറിയിലിരിക്കുന്ന നേതാക്കളിൽനിന്ന് അധികാരം താഴെത്തട്ടിലെ പ്രവർത്തകരിലേക്കും ജനങ്ങളിലേക്കും എത്തുമെന്ന ഉറപ്പ് നൽകാൻ കഴിയണം. ഉന്നത ഭാരവാഹിത്വമല്ല, ജനകീയതയാകണം സ്ഥാനാർഥിത്വ മാനദണ്ഡം. 'സ്റ്റാറ്റസ്കോ' സംവിധാനം മാറ്റി വിജയസാധ്യതക്ക് പ്രാമുഖ്യം നൽകണം. അനിവാര്യരായ നേതാക്കൾ ഒഴിച്ച് നാലുതവണ തുടർച്ചയായി മത്സരിക്കുന്നവരെ മാറ്റിനിർത്തണം. സ്ഥിരം തോൽവിക്കാർക്ക് അവസരം നൽകരുത്. സ്ഥാനാർഥികളാകുന്ന മുതിർന്ന നേതാക്കളുടെ എണ്ണം ആകെ സ്ഥാനാർഥികളുടെ പത്ത് ശതമാനം കവിയരുത്.
പ്രവർത്തനമികവുള്ള കുറഞ്ഞത് രണ്ട് േബ്ലാക്ക് പ്രസിഡൻറുമാരെയും ജയസാധ്യതയുള്ള ഡി.സി.സി ഭാരവാഹികളെയും മത്സരിപ്പിക്കണം. ജയസാധ്യത എന്നത് വാക്കിൽ മാത്രമൊതുങ്ങരുത്.
തുടർച്ചയായി മത്സരിച്ച് പരാജയപ്പെടുന്ന സീറ്റുകൾ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർക്ക് സംവരണം ചെയ്യണം. സംവരണ മണ്ഡലങ്ങളിൽ പാർട്ടി സ്ഥാനാർഥികളെ നിശ്ചയിക്കുന്നത് സമുദായ നേതാക്കളാവരുത്. 60 കഴിഞ്ഞവരെ അനിവാര്യതയുടെ അടിസ്ഥാനത്തിലേ പരിഗണിക്കാവൂ.
ഒരു സീറ്റുപോലും ലഭിച്ചില്ലെങ്കിലും വർഗീയ സംഘടനകളുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന നിലപാട് പാർട്ടി പ്രഖ്യാപിക്കണം. എണ്ണം തികക്കാനല്ലാതെ, ജയസാധ്യതയുള്ള സീറ്റുകളിൽ സ്വീകാര്യരായ വനിതകളെ മത്സരിപ്പിക്കണം. കോൺഗ്രസ് ബൂത്ത് പ്രസിഡൻറുമാരുടെ പ്രായപരിധി 50ന് താഴെയാക്കണം. ബി.ജെ.പിക്കും സി.പി.എമ്മിനുമെതിരെ പോർമുഖം തുറക്കണമെന്നും ബി.ജെ.പിയുടെ വളർച്ച അവസാനിപ്പിക്കാൻ നേമം മണ്ഡലം പിടിച്ചെടുക്കണമെന്നും സംഘടന പ്രമേയം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.