സാഹിത്യകാരൻ പ്രൊഫ. പാലക്കീഴ് നാരായണൻ അന്തരിച്ചു
text_fieldsമലപ്പുറം: പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായ പ്രൊഫ. പാലക്കീഴ് നാരായണൻ (81) അന്തരിച്ചു. കേരള സാഹിത്യ അക്കാദമിയുടെ 2019-ലെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം ഈ വർഷം ഫെബ്രുവരിയിലാണ് അദ്ദേഹം സ്വീകരിച്ചത്. 1940-ൽ മലപ്പുറം ജില്ലയിലെ ചെമ്മാണിയോട് പാലക്കീഴ് നാരായണൻ നമ്പൂതിരിയുടെയും നങ്ങേലി അന്തർജനത്തിന്റെയും മകനായി ജനിച്ച പാലക്കീഴ് നാരായണൻ, ചെമ്മാണിയോടും മേലാറ്റൂരും മണ്ണാർക്കാടും പട്ടാമ്പി ഗവ. സംസ്കൃത കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. വിദ്വാൻ പരീക്ഷ പാസായി ഒപ്പം എം.എ. ബിരുദവും നേടി.
പെരിന്തൽമണ്ണ ഗവ. കോളേജിൽ അധ്യാപകനായിരിക്കെ 1995-ൽ വിരമിച്ചു. പ്രധാന കൃതികൾ: വി.ടി. ഒരു ഇതിഹാസം, ആനന്ദമഠം, കാൾ മാർക്സ്, മുത്തശ്ശിയുടെ അരനൂറ്റാണ്ട്, ചെറുകാട്-ഓർമയും കാഴ്ചയും, ചെറുകാട്-പ്രതിഭയും സമൂഹവും, മഹാഭാരതകഥകൾ. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ പി.എൻ. പണിക്കർ പുരസ്കാരം, ഐ.വി. ദാസ് പുരസ്കാരം, അക്കാദമിയുടെ ഏറ്റവും നല്ല ലൈബ്രറി പ്രവർത്തകനുള്ള പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. പു.ക.സ. ജില്ലാപ്രസിഡന്റ്, സംസ്ഥാനകമ്മിറ്റി അംഗം, ലൈബ്രറികൗൺസിൽ സംസ്ഥാന എക്സിക്യുട്ടീവ് അംഗം, ഗ്രന്ഥാലോകം പത്രാധിപർ എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.