പാലാരിവട്ടം പാലം: തുക തിരിച്ചുപിടിക്കാതെ സർക്കാർ
text_fieldsകൊച്ചി: ബലക്ഷയം കണ്ടെത്തിയതിനെത്തുടർന്ന് പാലാരിവട്ടം മേൽപാലം പൊളിച്ചുപണിയാൻ ചെലവായ തുക മുൻ കരാറുകാരനിൽനിന്ന് തിരിച്ചുപിടിക്കാതെ സർക്കാർ. 24.52 കോടി രൂപയാണ് ആർ.ഡി.എസ് കമ്പനി സർക്കാറിന് നൽകാനുള്ളതെന്ന് കൊച്ചി ആസ്ഥാനമായ പ്രോപ്പർ ചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് ലഭിച്ച വിവരാവകാശ രേഖയിൽ പറയുന്നു.
പാലം പുനർ നിർമാണം പൂർത്തിയായി എട്ടുമാസം കഴിയുമ്പോഴും ചെലവാക്കിയ തുക തിരിച്ചുകിട്ടിയിട്ടില്ലെന്ന് രേഖകൾ വ്യക്തമാക്കുന്നു.
നിർമാണത്തിലെ അപാകതകളെത്തുടർന്ന് അടച്ചിട്ട പാലാരിവട്ടം പാലത്തിെൻറ പുനർനിർമാണം ആരംഭിച്ചത് 2020 സെപ്റ്റംബറിലാണ്. അഞ്ചുമാസമെടുത്ത് അതിവേഗത്തിലാണ് ഡി.എം.ആർ.സിയുടെ മേൽനോട്ടത്തിൽ പാലം നിർമാണം നടന്നത്. 2021 മാർച്ച് ഏഴിന് പാലം ഗതാഗതത്തിന് തുറക്കുകയും ചെയ്തു. ആദ്യം പാലം പണിത ആർ.ഡി.എസ് കമ്പനിയിൽനിന്ന് തുക ഈടാക്കി പാലം പുനർനിർമിക്കാനായിരുന്നു തീരുമാനം. ഇതിന് 24.52 കോടി രൂപ സർക്കാർ ഖജനാവിലേക്ക് തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപറേഷൻ മുൻ കരാറുകാരായ കമ്പനിക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, തുക തിരിച്ചുപിടിക്കാനുള്ള നടപടിയുണ്ടാകുന്നില്ലെന്ന് ഹരിദാസ് ആരോപിച്ചു.
പാലത്തിെൻറ പൊളിച്ചുപണി 18.5 കോടി രൂപക്ക് നടത്താമെന്നായിരുന്നു ഡി.എം.ആർ.സി മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരെൻറ റിപ്പോർട്ട്. എന്നാൽ, 22.68 രൂപക്ക് പാലം പൊളിച്ചുപണിയാനാണ് സർക്കാർ ഭരണാനുമതി നൽകിയത്. പാലത്തിെൻറ ദുർബലാവസ്ഥ പരിശോധിച്ച ചെന്നൈ ഐ.ഐ.ടി 70 ലക്ഷം രൂപ ഫീസ് ഇനത്തിലും കൈപ്പറ്റിയിരുന്നു. 35.39 കോടിയാണ് ആദ്യം പാലം പണിത വകയിൽ ആർ.ഡി.എസ് കമ്പനി സർക്കാറിൽനിന്ന് കൈപ്പറ്റിയത്. ഈ തുകയും പാലം പൊളിച്ചുപണിയാൻ ചെലവാക്കിയ തുകയും കൂട്ടുമ്പോൾ 58.82 കോടിയാണ് പാലാരിവട്ടം പാലം സഞ്ചാരയോഗ്യമാക്കാൻ സർക്കാർ ചെലവാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.