പണികളെല്ലാം തീർന്നു; പാലാരിവട്ടം പാലം നാളെ തുറന്നുകൊടുക്കും
text_fieldsകൊച്ചി: ഏറെ വിവാദങ്ങൾക്കും സുപ്രീംകോടതിയുടെ വരെ ഇടപെടലിനും വഴിതെളിച്ച പാലാരിവട്ടം മേൽപാലം നാളെ വൈകീട്ട് നാലിന് തുറക്കും. വൈകുന്നേരം നാലിന് നടക്കുന്ന പ്രത്യേക ചടങ്ങില്‍ ദേശീയപാത വിഭാഗം ചീഫ് എഞ്ചിനീയര്‍ പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കും. തുടര്‍ന്ന് മന്ത്രി ജി. സുധാകരന് പാലം സന്ദര്‍ശിക്കും.
100 വർഷത്തെ ഈട് ഉറപ്പ് നൽകി ഇ. ശ്രീധരെൻറ നേതൃത്വത്തിൽ ഡി.എം.ആർ.സിയുടെ മേൽനോട്ടത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പാലം പുനർനിർമിച്ചത്. 47.70 കോടി രൂപ എസ്റ്റിമേറ്റിൽ നിർമിച്ച ആദ്യ പാലത്തിൽ വിള്ളലും തകർച്ചയും കണ്ടപ്പോൾ ഐ.ഐ.ടി ചെന്നൈ, കേന്ദ്ര ഹൈവെ മന്ത്രാലയത്തിെൻറ സാങ്കേതിക ടീം, വിജിലൻസ്, പൊതുമരാമത്ത് വകുപ്പിലെ എൻജിനീയർമാർ, ശ്രീധരെൻറ നേതൃത്വത്തിലെ സാങ്കേതിക വിദഗ്ധർ എന്നിവർ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് പുനർനിർമിക്കാൻ സർക്കാർ തീരുമാനിച്ചത്.
ഇതിനെതിരെ ഒരു കരാർ സംഘടനയും കരാറുകമ്പനിയും കേസ് നൽകിയെങ്കിലും സുപ്രീംകോടതി പുനർനിർമാണത്തിന് അനുമതി നൽകി. 22.68 കോടിയാണ് പുനർനിർമാണ ചെലവ്. എട്ട് മാസം കാലയളവ് നൽകിയെങ്കിലും കരാർ കമ്പനി അഞ്ചര മാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിച്ചു. ഭാരപരിശോധന തൃപ്തികരമായി പൂർത്തിയാക്കി പാലം ഗതാഗതത്തിന് അനുയോജ്യമാണെന്ന സർട്ടിഫിക്കറ്റ് ഡി.എം.ആർ.സിയിൽനിന്ന് മന്ത്രിക്ക് ലഭിച്ചു.
അടൂർ ഏനാത്ത് പാലത്തിലെ പ്രശ്നങ്ങൾക്കുശേഷം, പണി പൂർത്തിയായി തുറക്കുന്ന പാലങ്ങൾക്ക് ചീഫ് എൻജിനീയർമാരുടെ നേതൃത്വത്തിലെ കമ്മിറ്റി കൂടി പരിശോധിച്ച് സാക്ഷ്യപ്പെടുത്തണമെന്ന് ഉത്തരവുണ്ട്. അതിെൻറ അടിസ്ഥാനത്തിൽ പാലാരിവട്ടം മേൽപാലത്തിലും കമ്മിറ്റി പരിശോധിക്കുന്നുണ്ട്. ആദ്യ നിർമാണത്തിലെ പാളിച്ചകളും ചട്ടലംഘനങ്ങളും വിജിലൻസ് അന്വേഷിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.