പാലത്തായി: ഇടത് സർക്കാർ വിചാരണ ചെയ്യപ്പെടും -ജബീന ഇർഷാദ്
text_fieldsകണ്ണൂർ: പാലത്തായി ബാലികാ പീഡനക്കേസിൽ പ്രതി ബി.ജെ.പി നേതാവ് പത്മരാജെൻറ വക്കാലത്തേറ്റെടുത്തത് പോലെ പെരുമാറുന്ന ഇടത് സർക്കാർ വിചാരണ ചെയ്യപ്പെടുമെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ്.
ഒരു ബാലികാ പീഡനക്കേസിൽ വളരെ പ്രധാനപ്പെട്ടതാണ് മെഡിക്കൽ റിപോർട്ട്. ഏറെ സമ്മർദ്ദങ്ങളുണ്ടായപ്പോൾ കഴിഞ്ഞ ജൂലൈ 14ന് പ്രതിയെ അറസ്റ്റ് ചെയ്തതിെൻറ 90ാം ദിവസം പോക്സോ കോടതിയിൽ ക്രൈം ബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ ഈ മെഡിക്കൽ റിപ്പോർട്ട് ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് ഇപ്പോൾ പുറത്ത് വന്നത്. കുട്ടിയുടെ ലൈംഗികാവയവത്തിന് ക്ഷതം പറ്റിയെന്ന പരാമർശമുള്ള മെഡിക്കൽ റിപോർട്ടാണ് മറച്ചുവെച്ചത്.
കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നതിന് തെളിവുള്ള അടുത്ത സുഹൃത്തായ വിദ്യാർഥിനിയുടെ മൊഴി സാക്ഷിമൊഴിയായി പരിഗണിക്കാതെ അധ്യാപകൻ അടിക്കാറുണ്ടെന്ന് പരാമർശമുള്ള മറ്റ് പെൺകുട്ടികളുടെ മൊഴിയാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത്.
ബാക്കി സാക്ഷികൾ പൊലീസും സ്കൂൾ മാനേജ്മെൻറുമായി ബന്ധപ്പെട്ടവരുമാണ്. ഇത്ര ദുർബലമായ കുറ്റപത്രം പോക്സോ ഒഴിവാക്കി സമർപ്പിച്ചത് പ്രതിയെ രക്ഷിക്കാൻ വേണ്ടി മാത്രമാണ്.
കുട്ടിയുടെ മാതാവ് പ്രതിയുടെ ജാമ്യം റദ്ദാക്കാൻ വേണ്ടി നൽകിയ കേസ് ഹൈകോടതി പരിഗണിക്കുമ്പോൾ കുട്ടി കളവ് പറയുന്നവളാണെന്നും പീഡനം ഭാവനയനുസരിച്ച് ആരോപിക്കുന്നതാണെന്നുമുള്ള കൗൺസിലർമാരുടെ റിപ്പോർട്ടാണ് പ്രോസിക്യൂഷൻ സമർപ്പിച്ചത്.
പീഡനത്തെ അതിജീവിച്ച പെൺകുട്ടിയെ മോശക്കാരിയാക്കുന്ന ക്രൈംബ്രാഞ്ച് നിലപാട് കേരളത്തിന് പൊറുക്കാനാവില്ല. ഒട്ടേറെ പ്രതിഷേധങ്ങൾ ഉയർന്നിട്ടും ഈ കേസിൽ ഇത്രയും അട്ടിമറി ശ്രമങ്ങൾ നടത്തിയ ഐ.ജി എസ്. ശ്രീജിത്തിനെ കേസ് അന്വേഷണത്തിെൻറ ചുമതലയിൽ നിന്ന് മാറ്റാൻ തയാറാകാത്തത് സർക്കാർ പ്രതിയെ രക്ഷപ്പെടുത്താൻ തീരുമാനിച്ചത് കൊണ്ടാണ്.
മുഖ്യമന്ത്രി നേതൃത്വം നൽകുന്ന ആഭ്യന്തര വകുപ്പ് പ്രതിയുടെ കൂടെ നിൽക്കുമ്പോൾ കുട്ടിക്ക് നീതി വാങ്ങിക്കൊടുക്കുമെന്ന് കേരളത്തിന് ഉറപ്പ് നൽകിയ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയും മണ്ഡലം എം.എൽ.എയും കൂടിയായ ശൈലജ ടീച്ചർക്ക് മറുപടി പറയാൻ ബാധ്യതയുണ്ട്.
ഐ.ജി ശ്രീജിത്തിനെ അന്വേഷണത്തിൽ നിന്ന് മാറ്റുകയും വനിതാ ഐ.പി.എസ് ഓഫീസറുടെ നേതൃത്വത്തിൽ പുതിയ അന്വേഷണ സംഘത്തെ ഏൽപിക്കുകയും ചെയ്യണം. കോവിഡ് നിയന്ത്രണങ്ങളുടെ മറവിൽ പിഞ്ചുപെൺകുട്ടിക്ക് നീതി നിഷേധിക്കാനാണ് സർക്കാറിെൻറ തീരുമാനമെങ്കിൽ കടുത്ത പ്രതിഷേധങ്ങൾ നേരിടേണ്ടി വരുമെന്ന് അവർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.