പാലത്തായി ലക്ഷം വീട് കോളനിക്ക് കുടിവെള്ളം വേണം
text_fieldsപാനൂർ: നഗരസഭയിലെ പാലത്തായി കല്ലൻകുന്ന് ലക്ഷം വീട് കോളനിക്കാർക്ക് കുടിവെള്ളം വേണം. ലക്ഷം വീട് നിവാസികൾ വെള്ളമില്ലാതെ ദുരിതക്കയത്തിലായിട്ട് ആഴ്ചകളേറെ പിന്നിട്ടിട്ടും അധികൃതർ കണ്ണു തുറക്കുന്നില്ല. ജലവിതരണം നിലച്ചിട്ട് നാലാഴ്ച കഴിഞ്ഞതായി നിവാസികൾ പറയുന്നു.
പട്ടികജാതി കുടുംബങ്ങൾ ഉൾപ്പെടെ 16 കുടുംബങ്ങളിലായി 150 ഓളം പേരാണ് കോളനിയിലുള്ളത്. ഇവിടെയുള്ള ഒരു കിണറിൽനിന്നാണ് കുടിക്കാനുള്ള വെള്ളമെടുക്കുന്നത്. വെള്ളം കുറവായതിനാൽ ഓരോ വീട്ടുകാരും രണ്ടു ദിവസത്തിലൊരിക്കൽ കിണറിൽനിന്ന് കുടിക്കാനുള്ള വെള്ളം ശേഖരിച്ച് സൂക്ഷിച്ചുവെക്കുകയാണ്. മറ്റ് ആവശ്യങ്ങൾക്കെല്ലാം പൈപ്പ് വെള്ളത്തെയാണ് ആശ്രയിക്കുന്നത്. എന്നാൽ, കഴിഞ്ഞ നാലാഴ്ചകളായി പൈപ്പ് വഴിയുള്ള ജലവിതരണം നടക്കുന്നില്ല.
ലൈനിൽ അറ്റകുറ്റപ്പണികൾ നടത്തിയതായി അധികൃതർ പറഞ്ഞെങ്കിലും വെള്ളം കോളനിയിലെത്തിയിട്ടില്ല. കോളനിയുടെ താഴ്ഭാഗത്തെ റോഡിലെ പൈപ്പിൽ അൽപമായാണ് വെള്ളം ലഭ്യമാകുന്നത്. അതേസമയം കോളനിക്ക് പുറത്ത് ജലവിതരണത്തിന് തടസ്സങ്ങളൊന്നുമില്ല. ഭൂമി ശാസ്ത്രപരമായി ഉയരത്തിലുള്ള പ്രദേശമായതിനാലാണ് വെള്ളം കോളനിയിലെത്താത്തത്. കോളനിയിൽ നിന്ന് അകലെ സ്ഥിതിചെയ്യുന്ന ഡിസ്പൻസറി കിണറിൽനിന്ന് തലച്ചുമടായും ചില വീട്ടുകാർ വണ്ടിയിലും വെള്ളം കൊണ്ടുവരുന്നുണ്ട്. ഡിസ്പൻസറി കിണറ്റിൽ നിന്ന് മോട്ടോർ ഘടിപ്പിച്ച് പൈപ്പ് വഴി കോളനിയിലേക്ക് ജലവിതരണം നടത്താറുണ്ടായിരുന്നു. മോട്ടോർ തകരാറിലായിട്ട് കാലങ്ങളായി.
മോട്ടോർ അറ്റകുറ്റപ്പണി നടത്തി ജലവിതരണത്തിന് സൗകര്യമൊരുക്കണമെന്ന കോളനി നിവാസികളുടെ ആവശ്യം അധികൃതർ കണ്ണടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.