തെരഞ്ഞെടുപ്പിൽ വെറുപ്പിന്റെ അങ്ങാടിയിൽ സ്നേഹത്തിന്റെ കട തുറന്ന രാഷ്ട്രീയമാണ് കണ്ടത് -പാളയം ഇമാം
text_fieldsതിരുവനന്തപുരം: വെറുപ്പിന്റെ അങ്ങാടിയിൽ സ്നേഹത്തിന്റെ കട തുറന്ന രാഷ്ട്രീയമാണ് തെരഞ്ഞെടുപ്പിൽ കണ്ടതെന്ന് പാളയം ഇമാം ഡോ വി.പി. സുഹൈബ് മൗലവി. പെരുന്നാള്‍ സന്ദേശത്തിലാണ് ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് പാളയം ഇമാം ഉയർത്തിയത്. രാജ്യത്തെ പൊതു തെരഞ്ഞെടുപ്പ് ഫലം ആശ്വാസം നല്‍കുന്നതാണ്. രാജ്യത്തിന്റെ സുമനസ്സുകള്‍ ഐക്യത്തോടു കൂടി നിന്ന് പ്രവര്‍ത്തിച്ചാല്‍ വര്‍ഗീയതയെ അതിജീവിക്കാന്‍ കഴിയുമെന്ന് തെരഞ്ഞെടുപ്പ് കൊണ്ട് സാധ്യമായി.
വിദ്വേഷ പ്രസംഗത്തിന് ഭാവിയില്ലെന്ന് തെളിയിച്ച തെരഞ്ഞെടുപ്പാണിവിടെ നടന്നത്. കൊടും വര്‍ഗീയത നിറഞ്ഞ വാക്കുകള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ആയുധമാക്കി. ഇന്നത്തെ പെരുന്നാളില്‍ മതേതരത്വം പുഞ്ചിരിക്കട്ടെ. വര്‍ഗീയതയെ വര്‍ഗീയത കൊണ്ട് തോല്‍പ്പിക്കാന്‍ കഴിയില്ലെന്നും പാളയം ഇമാം പറഞ്ഞു.
ഫാസിസ്റ്റ് ഭരണകൂടത്തിന് മുന്നറിയിപ്പ് നല്‍കാന്‍ ഇന്ത്യന്‍ ജനതയ്ക്ക് കഴിഞ്ഞു എന്നതാണ് തെരഞ്ഞെടുപ്പ് ഫലം. വര്‍ഗീയ അജണ്ട ആരു മുന്നോട്ടുവെച്ചാലും അത് നേട്ടമാവില്ല എന്ന് തെളിയിച്ചു. വര്‍ഗീയമാക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ല എന്ന് പറഞ്ഞ തെരഞ്ഞെടുപ്പാണ് ഈ കഴിഞ്ഞതെന്നും പാളയം ഇമാം പറഞ്ഞു.
ആരാധനാലയങ്ങള്‍ തകര്‍ക്കുന്നത് കൊടും ക്രൂരത. അതാണ് അയോദ്ധ്യയില്‍ കണ്ടത്. സൗഹൃദ നിലപാടുമായി മുന്നോട്ടുപോകാന്‍ ഭരണകൂടത്തിന് സാധിക്കേണ്ടതുണ്ട്. ബാബറി മസ്ജിദിന്റെ പേര് എൻ.സി.ഇ.ആര്‍.ടി ടെസ്റ്റ് ബുക്കില്‍ നിന്നും നീക്കം ചെയ്തിരിക്കയാണ്. ചരിത്രത്തെ കാവി വല്‍ക്കരിക്കാനുള്ള നീക്കത്തില്‍ നിന്ന് എൻ.സി.ഇ.ആര്‍.ടി പിന്മാറണം. കുട്ടികള്‍ ശരിയായ ചരിത്രം പഠിക്കണം. വര്‍ഗീയത കൊണ്ടോ വര്‍ഗീയ അജണ്ട കൊണ്ടോ നേട്ടം ഉണ്ടാക്കാന്‍ കഴിയില്ലെന്നും പാളയം ഇമാം പറഞ്ഞു.
മണിപ്പൂർ സന്ദർശിച്ച് ഇതുവരെയും സമാധാനം പുലര്‍ത്താന്‍ ഭരണകൂടത്തിനു കഴിഞ്ഞിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ അക്രമികളുടെ കൂടെ ചേര്‍ന്നു. ഭരണകൂടം നിഷ്‌ക്രിയരായി നോക്കി നിൽക്കുകയാണ്. ഈ നടപടിക്കെതിരായ വിധിയെഴുത്താണ് മണിപ്പൂരില്‍ നാം കണ്ടതെന്നും പാളയം ഇമാം പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ന്യുനപക്ഷ പ്രീണനം നടത്തുന്നു എന്ന ആരോണത്തിനെതിരെയും പാളയം ഇമാം ഈദ് സേന്ദശത്തിൽ നിലപാട് വ്യക്തമാക്കി. വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പല കോണുകളില്‍ നിന്നും പല ആളുകളും പറയുന്നു. ഒരു നുണ 100 തവണ പറഞ്ഞാല്‍ അത് സത്യമാണെന്ന് ജനങ്ങള്‍ വിശ്വസിക്കും. ഈ തന്ത്രമാണ് നമ്മുടെ സമൂഹത്തിലും ചില ആളുകള്‍ ചെയ്യുന്നതെന്നും പാളയം ഇമാം പറഞ്ഞു. ജാതി സെന്‍സസ് നടപ്പിലാക്കണം. കേന്ദ്രം നടപ്പിലാക്കാന്‍ തയ്യാറായില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ അതിനു തയ്യാറാകണം. ഫലസ്തീനില്‍ ജനങ്ങള്‍ അനുഭവിക്കുന്നത് വലിയ ദുരിതമാണെന്നും പാളയം ഇമാം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.