ഫലസ്തീൻ: പ്രതിരോധം ഭീകരതയല്ലെന്ന് ഹുസൈൻ മടവൂർ
text_fieldsകോഴിക്കോട്: ജീവനും സ്വത്തിനും നേരെയുണ്ടാവുന്ന ആക്രമണങ്ങളെ ചെറുക്കുന്നത് ഭീകരതയല്ലെന്നും അതിനാൽ ഫലസ്തീനികൾക്ക് പ്രതിരോധിക്കാൻ അവകാശമുണ്ടെന്നും കെ.എൻ.എം വൈസ് പ്രസിഡന്‍റും കോഴിക്കോട് പാളയം ചീഫ് ഇമാമുമായ ഡോ. ഹുസൈൻ മടവൂർ. പാളയം പള്ളിയിൽ ജുമുഅ ഖുതുബ പ്രഭാഷണത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
ഏഴര പതിറ്റാണ്ട് കാലമായി ഫലസ്തീനികൾ സയണിസത്തിന്റെ ക്രൂരതയാൽ കഷ്ടപ്പെടുകയാണ്. ഇസ്രായേലിന്റെ അധിനിവേശത്തിനെതിരെ യുദ്ധം ചെയ്യുന്ന ഫലസ്തീനികൾ സ്വാതന്ത്ര്യ സമര പോരാളികളാണ്. അതിനാൽ അവർ ഭീകരവാദികളല്ല. എന്താണ് ഭീകരത എന്നതിന് ലോകം അംഗീകരിച്ച നിർവചനമുണ്ട്. അതുകൊണ്ടാണ് ഐക്യരാഷ്ട്ര സഭ ഇതുവരെ ഫലസ്തീനിൽ പൊരുതുന്ന ഒരു പാർട്ടിയെയും ഭീകരപട്ടികയിൽ ഉൾപ്പെടുത്താതിരുന്നത്.
ഹമാസിനോട് യോജിക്കാം, വിയോജിക്കാം. അതുകൊണ്ടൊന്നും ഇപ്പോൾ നടക്കുന്ന യുദ്ധം ഭീകരതയാണെന്ന് പറയുന്നത് ശരിയല്ല. ഫലസ്തീൻ ചരിത്രം പഠിക്കാതെ ഫലസ്തീനികളെ ഭീകരന്മാർ എന്ന് വിളിക്കുന്നത് ക്രൂരതയാണെന്നും ഹുസൈൻ മടവൂർ വിശദീകരിച്ചു.
ഫലസ്തീൻ വിഷയത്തിൽ കെ.എൻ.എം സെക്രട്ടറി ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹിയുടെ ഹമാസ് വിരുദ്ധ നിലപാട് വൻ വിമർശനത്തിന് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹുസൈൻ മടവൂരിന്‍റെ വിശദീകരണം ശ്രദ്ധേയമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.