ഫലസ്തീൻ: ചുഴലിയുടെ നിലപാട് തള്ളി കെ.എൻ.എം
text_fieldsകോഴിക്കോട്: ഫലസ്തീൻ വിഷയത്തിൽ വിവാദ പ്രസംഗം നടത്തിയ സലഫി പ്രഭാഷകൻ ചുഴലി അബ്ദുല്ല മൗലവിയെ തള്ളി കെ.എൻ.എം. ഇസ്രായേൽ അധിനിവേശത്തെയും ഭീകരതയെയും ശക്തമായി എതിർക്കുകയും ഫലസ്തീനികൾക്കൊപ്പം നിൽക്കുകയുമെന്ന കാലങ്ങളായുള്ള സംഘടനയുടെ നിലപാടിൽ ഒരു മാറ്റവുമില്ലെന്ന് പ്രസിഡന്‍റ് ടി.പി. അബ്ദുല്ലക്കോയ മദനി പ്രസ്താവനയിൽ പറഞ്ഞു.
ഇതിന് വിരുദ്ധമായി ചില പ്രഭാഷകരിൽനിന്നുണ്ടായ പരാമർശങ്ങൾ സംഘടനയുടെ നിലപാടല്ലെന്നും അതിനോട് വിയോജിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസ്ഥാന നേതാക്കളും പണ്ഡിതരും പ്രഭാഷകരും സംഘടനയുടെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായ പരാമർശങ്ങൾ ഉണ്ടാകാതിരിക്കാൻ ഗൗരവപൂർവം ശ്രദ്ധിക്കണമെന്നും മദനി ആവശ്യപ്പെട്ടു. ഫലസ്തീനിലെ അവസാനത്തെ കുഞ്ഞ് മരിച്ചുവീണാലും ജൂതൻ ഖുദ്സിൽ കയറി കളിച്ചാലും ഖുദ്സിന്‍റെ മിഹറാബ് ശിയാക്കളുടെയും ഇറാന്‍റെയും ഹമാസിന്‍റെയും കൈയിൽ വന്നുകൂടെന്നായിരുന്നു ചുഴലിയുടെ വിവാദ പരാമർശം.
ഇതിനെതിരെ സമൂഹത്തിന്‍റെ നാനാതുറകളിൽനിന്നും ശക്തമായ വിമർശനമാണ് ഉയർന്നത്. സംഘടനക്കകത്തും ഒരുവിഭാഗം പ്രവർത്തകർ നേതൃത്വത്തിനെതിരെ വിമർശനം ഉയർത്തിയതോടെയാണ് ചുഴലിയുടെ നിലപാട് തള്ളി അബ്ദുല്ലക്കോയ മദനി രംഗത്തുവന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നേരത്തെ കെ.എൻ.എം ജന. സെക്രട്ടറി അബ്ദുൽ മജീദ് സ്വലാഹിയും ഹമാസിനെതിരെ രംഗത്തുവന്നിരുന്നു. ഫലസ്തീൻ വിഷയത്തിൽ ലോക സമൂഹം ഒന്നാകെ ഇസ്രായേലിനെതിരെ പ്രതിഷേധിക്കുമ്പോൾ, ഇസ്രായേലിനെ പിന്തുണക്കും വിധം സംഘടന നേതൃത്വത്തിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്ന പരാമർശങ്ങൾക്കെതിരെ പ്രവർത്തകർ തന്നെ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.